/indian-express-malayalam/media/media_files/uploads/2018/03/krishna-1.jpg)
ഓർമ്മകളുടെ മുന കൂർപ്പിച്ച് തൂവൽപോലുളള ചൂണ്ടുവിരൽത്തുമ്പ് കൊണ്ട് സ്മാർട്ട് ഫോണിലെ അഞ്ചിഞ്ച് സ്ക്രീനിൽ പ്രായത്തെ മറികടന്ന്, വിറയ്ക്കാതെ ആ വിരലുകൾ എഴുതുന്നു; ആത്മകഥ, ഒപ്പം ഒരു നാടിന്റെ കഥയും. എൺപത്തിയൊന്നാം വയസ്സിലാണ് ഈ മുത്തശ്ശി ഫെയ്‌സ് ബുക്കിൽ ആത്മകഥയെഴുതുന്നത്. ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കാം ഈ പ്രായത്തിലുളള ഒരാൾ ഫെയ്‌സ് ബുക്കിൽ ആത്മകഥയെഴുതുന്നത്. ഗൃഹാതുരത്വത്തിന്റെ അടയാളപ്പെടുത്തലുകളല്ല, ചരിത്രത്തിന്റെ വഴികളിലൂടെ, ഓരം ചേർന്നുളള വർത്തമാനകാല നടത്തമാണ് ഈയെഴുത്ത്.
ഫെയ്‌സ് ബുക്കിലാണ് ആ ചരിത്രാംശമുളള ആത്മകഥ വിടർന്നത്. തുടർച്ചയായി 90 ദിവസം കൊണ്ടാണ് ഈ മുത്തശ്ശി, തിരുവനന്തപുരത്തെ തന്റെ വീടിനുളളിലിരുന്ന് ഓർമ്മകളുടെ ചങ്ങാത്തപെരുക്കത്തിൽ അതെഴുതി തീർത്തത്. 'തകഴിക്ക് പടിഞ്ഞാറ് കരുമാടി' എന്ന പേരിൽ ആ ആത്മകഥയെഴുതിയ മുത്തശ്ശി ആദ്യമായല്ല സാഹിത്യലോകത്ത് എത്തുന്നത്.
കേരളത്തിന്രെ ചരിത്രത്തിൽ ഇടം നേടിയതും നേടാത്തതുമായ പേരുകൾക്കൊപ്പമാണ് ആ എഴുത്തിന്റെ ദിശ. നിലയ്ക്കാത്ത ഘടികാര ചലനങ്ങളായ ജീവിത ചിത്രങ്ങളിലെ സ്മൃതി ഞരമ്പുകളിലൂടെ ഒരുനാടിന്റെ കൂടെ ചരിത്രമൊഴുകുകയാണ് ആ എഴുത്തിൽ. കാലഗണനയുടെ തുടർച്ചയറ്റുപോകാത്ത എഴുത്താണത്.
ഫെയ്‌സ് ബുക്കിലെ ആത്മകഥയിലെ ഒരുഭാഗം ഇതാണ്:
"തകഴിക്ക് പടിഞ്ഞാറ് കരുമാടി'
(തുടരുന്നു).
എന്തെല്ലാമോ പറഞ്ഞ് അവർ നടന്നു.
" അടുത്ത കൊല്ലം മുതൽ പ്രിപ്പയാററ്ററി ക്ലാസ്സ് നിറുത്തു വാണ്, ഇനി നാലാം ക്ലാസ്സു കഴിഞ്ഞാൽ ഫസ്റ്റ് ഫോമിൽ ചേരാം.
" അപ്പോൾ ആൾ പ്രമോഷൻ കൊടുക്കുമായിരിക്കും."
കുടെ വന്ന മറ്റേയാൾ പറഞ്ഞു:
"അപ്പോ നമ്മുടെ കൃഷ്ണമ്മ രക്ഷപ്പെട്ടു.
അങ്ങനെ പറയുമ്പോൾ വിജിയുടെ ഒരു ഭാവം'
:എല്ലാരും ഒന്നിച്ചു ചിരിച്ചു.
കരയാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല.
" വീട്ടിൽ വാ വെച്ചിട്ടുണ്ടു്. "
മനസ്സിൽ ഉറപ്പിച്ചു.
അങ്ങനെ തകഴിക്കാരൻ ശിവശങ്കരപിള്ള വക്കീലുമായി പരിചയപ്പെട്ടു.
പിന്നീട് മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു രാവിലത്തെ യാത്ര. കൂടെ വേറെ ആരെങ്കിലും ഒക്കെ കാണും. ചിലപ്പോൾ എന്നോട് വർത്തമാനം പറയും. തകഴി ചേട്ടൻ എന്ന് ഞാനും വിളിച്ചുതുടങ്ങി."
കേരളത്തിലെ സാഹിത്യത്ത, രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ് കൃഷ്ണകുമാരി. കേരള രാഷ്ട്രീയം മറന്നുപോയ സ്വാതന്ത്ര്യ സമര സേനാനിയും കവിയും അധ്യാപകനുമൊക്കെയായിരുന്ന കെ കെ കുഞ്ചുപിളളയുടെ മകൾ, ഹാസ്യ സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കെ. എസ് കൃഷ്ണന്റെ ജീവിതപ്പാതി. യുവ കവികളിൽ ശ്രദ്ധേയനായി അകാലത്തിൽ ഈ ലോകത്ത് നിന്നും മടങ്ങിയ കുഞ്ചുപിളളയുടെ ചേച്ചി. ഇതൊക്കെ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ പറയുമെങ്കിൽ മലയാള സാഹിത്യത്തിൽ 'കുന്തി' എന്ന ഒരൊറ്റ നോവൽ മതി കൃഷ്ണകുമാരി എന്ന എഴുത്തുകാരിയുടെ ഇടം അടയാളപ്പെടുത്താൻ. കുന്തിയെ സ്ത്രീയുടെ, അമ്മയുടെ കാഴ്ചകളിലൂടെ അവതരിപ്പിക്കുന്ന ആ നോവൽ. കുന്തിയെ വഴിമാറി കാണുന്ന കാഴ്ചയുടെ ഈ നോവൽ. മലയാളത്തിലെ ആഘോഷങ്ങളുടെ പട്ടികയിൽ ഇടംനേടിയിട്ടില്ല.
കേരളാ സർവകലാശാല ഉദ്യോഗസ്ഥയായിരുന്ന കൃഷ്ണകുമാരി ജോലി രാജിവെയ്ക്കുകായിരുന്നു. പിന്നീട് എഴുത്തിന്റെ ലോകത്തേയ്ക്ക് പൂർണ്ണസമയം കടന്ന കൃഷ്ണകുമാരി അച്ഛന്റെ ജീവചരിത്രമെഴുതി. കോൺഗ്രസ്സുകാർ പോലും മറന്നുപോയ കോൺഗ്രസ് നേതാവായിരുന്ന കെ. കെ. കുഞ്ചുപിളളയുടെ ജീവിതമാണ് മകളെഴുതിയത്. 'കെ. കെ. കുഞ്ചുപിളള എന്റെ അച്ഛൻ' എന്ന ആ ജീവിത കഥ ആ കാലഘട്ടത്തെ കൂടെ അടയാളപ്പെടുത്തുകയാണ്.
'കുന്തി'ക്ക് പുറമെ, 'മനസ്സെന്ന മാന്ത്രിക ചെപ്പ്' 'ഛായ പ്രതിച്ഛായ', 'വ്യൂഹം', എന്നീ നോവലുകൾ, 'ഓർമ്മകൾക്ക് ഒരു ഓലക്കുട' എന്ന ചെറുകഥാ സമാഹാരം, എന്നിവയും ഈ അമ്മയുടെ വിരൽതുമ്പിൽ വിടർന്ന സർഗാത്മകതയുടെ അടയളാങ്ങളാണ്. ഇതിന് പുറമെ മഹാഭാരത്തിലെ തന്നെ മറ്റൊരു കഥാപാത്രമായ വിദുരർ നായക കഥാപാത്രമാകുന്ന ഒരു നോവലും പൂർത്തിയാക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ ഈ സാഹിത്യകാരി.
കെ കെ കുഞ്ചുപിളളയെ കോൺഗ്രസ്സുകാർ മറന്നതുപലെ കെ എസ് കൃഷ്ണനെയും കവി കുഞ്ചുപിളളയെയും കേരളത്തിലെ സാഹിത്യ സമൂഹത്തിൽ എത്രപേർ ഇന്ന് ഓർമ്മിക്കുന്നുണ്ട്. ഒരുകാലത്ത് മലയാള സാഹിത്യ സാംസ്കാരികരംഗത്തെ നിത്യസാന്നിദ്ധ്യമായിരുന്ന രണ്ട് പേരുകൾ ഇന്ന് ഓർമ്മകളുടെ പത്തായത്തിലേയ്ക്ക് മാറിയിരിക്കുന്നു. "കവി കുഞ്ചുപിളളയുടെ പേരിൽ യുവകവികൾക്ക് ഒരു അവാർഡ് നൽകിയിരുന്നു. ഇപ്പോൾ അത് നടക്കുന്നില്ലെന്നാണ് അറിയുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല" അനിയന്റെ പേരിലുണ്ടായിരുന്ന അവർഡ് ഇപ്പോൾ നൽകാതിരിക്കുന്നതിനെ കുറിച്ച് കൃഷ്ണകുമാരി വേദന കലർന്ന ചെറുചിരിയോടെ പറയുന്നു.
കാലത്തിന്റെ കുത്തൊഴിക്കിൽ മാഞ്ഞുപോകുന്ന ഓർമ്മകളെ തിരികെ പിടിക്കാൻ ചില അടയാളപ്പെടുത്തലുകൾ ആവശ്യമാണ്. അത്തരമൊരു അടയാളപ്പെടുത്തലാണ് ഫെയ്‌സ് ബുക്കിൽ രേഖപ്പെടുത്തുന്നത്.
ആദ്യം കംപ്യൂട്ടറാണ് ലഭിച്ചത്. എന്നാൽ കംപ്യൂട്ടർ ഉപയോഗിക്കാൻ സാധിച്ചില്ല. അതിന് എനിക്ക് പറ്റിയില്ല. പക്ഷേ കുറച്ചു കാലം മുമ്പ് ഒരു സ്മാർട് ഫോൺ വാങ്ങി. ആദ്യം കുറച്ചുകാലം ഫെയ്‌സ്ബുക്കിലൊന്നും ഇല്ലായിരുന്നു. പിന്നീട് ഇവിടെ വരുന്ന ഒരു കുട്ടി എനിക്ക് ഫെയ്‌സ് ബുക്ക് അക്കൗണ്ട് തുടങ്ങി തന്നു. അതിലെഴുതി തുടങ്ങി. ഫോണിലാണ് എഴുത്ത്. മലയാളം ഹാൻഡ് റൈറ്റിങ് സംവിധാനം ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് അതിലാണ് എഴുതുന്നത്. ഫോണിൽ വിരലോടിച്ച് കൃഷ്ണകുമാരി എന്ന മുത്തശ്ശി ആധുനിക സാങ്കേതിവിദ്യയെ ഉളളം കൈയിലെടുത്ത കഥ പറഞ്ഞു.
കൃഷ്ണകുമാരിയുടെ പുസ്തകങ്ങളെല്ലാം പ്രസിദ്ധീകരിച്ചത് സാഹിത്യ പ്രസാധക സഹകരണ സംഘമാണ്. "സംഘത്തിലെ അംഗം എന്ന നിലയിൽ തന്റെ പുസ്തകങ്ങൾ പുറത്തൊരാൾ പ്രസിദ്ധീകരിക്കുന്നതിനോട് താൽപര്യമില്ല. അവർക്ക് വേണ്ടെങ്കിൽ മാത്രമേ മറ്റാർക്കെങ്കിലും പ്രസിദ്ധീകരിക്കാൻ കൊടുക്കാൻ മനസ്സ് അനുവദിക്കുയുളളൂ. 'തകഴിക്ക് പടിഞ്ഞാറ് കരുമാടി' പുസ്തകമാക്കാൻ ആലോചിക്കുന്നുണ്ട്." കൃഷ്ണകുമാരി പറഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.