scorecardresearch

അടിയന്തരാവസ്ഥയിൽ കേരളത്തിലെ ചെറുത്തുനില്‍പ്പുകൾ

അടിയന്തരാവസ്ഥയില്‍ കേരളം എങ്ങനെയാണ് പോരാടിയത്? എന്തായിരുന്നു സമര മാര്‍ഗങ്ങള്‍? മാധ്യമ പ്രവർത്തകനും ഗ്രന്ഥകർത്താവുമായ ലേഖകന്റെ അന്വേഷണം

r k bijuraj,adiyantharavastha

ജനാധിപത്യ- പൗരാവകാശങ്ങള്‍ എല്ലാം നിഷേധിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനോട് ഒരര്‍ത്ഥത്തിലും നിശബ്ദമായിരുന്നില്ല കേരളം. പ്രതിഷേധങ്ങളുടെ ശബ്ദം നേര്‍ത്തതാകാമെങ്കിലും അത് പലകോണുകളില്‍ നിന്ന് പല രൂപത്തില്‍ അരങ്ങേറി. അങ്ങനെ ഫാഷിസത്തിനെതിരെയും സേച്ഛാധിപത്യത്തിനെതിരെയും പോരാടുന്നതില്‍ ചില മാതൃകകള്‍ സംസ്ഥാനം തീര്‍ത്തു.

വിലക്കയറ്റം, പട്ടിണി, അഴിമതി, ഭക്ഷ്യക്ഷാമം, അസമത്വം, അനീതി തുടങ്ങി വിവിധ പ്രശ്നങ്ങളെ കേന്ദ്രീകരിച്ച്, സോഷ്യലിസ്റ്റുകള്‍, കമ്യൂണിസ്റ്റുകാര്‍, നക്സലൈറ്റുകള്‍ എന്നിങ്ങനെ വിവിധ നേതൃത്വത്തിന്‍ കീഴില്‍ ഉയര്‍ന്ന ജനകീയ മുന്നേറ്റങ്ങള്‍ ഒരു വശത്ത് ശക്തമായി അലയടിക്കുന്നു. മറുവശത്ത് ഭരണകൂടത്തിന്റെയും ഭരണവര്‍ഗത്തിന്റെയും നിലനില്‍പ്പ് അപകടത്തിലാവുന്നു. ഈ സ്ഥിതി വിശേഷം നേരിടാനുള്ള ഭരണകൂടതന്ത്രമാണ് 1975 ജൂണ്‍ 25 ലെ (അര്‍ദ്ധരാത്രിക്ക് ശേഷമായതിനാല്‍ ജൂണ്‍ 26) അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലേയ്ക്ക് നയിക്കുന്നത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ 1975 ജൂണ്‍ 12 ന് ഉണ്ടായ അലഹബാദ് ഹൈക്കോടതി വിധി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് മറ്റൊരു നിര്‍ണായക കാരണമായി. 1971 ലെ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഭാരതീയ ലോകദളളിലെ രാജ്നാരായണന്‍ ഫയല്‍ ചെയ്ത തെരഞ്ഞെടുപ്പ് കേസില്‍ ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ സിന്‍ഹ വിധി പ്രസ്താവിച്ചത് ഇന്ദിരാഗാന്ധിക്ക് എതിരായാണ്. ഇന്ദിരയുടെ ലോകസഭാ അംഗത്വം റദ്ദാക്കപ്പെട്ടു. ആറുവര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ല. അപ്പീലില്‍ വാദം കേട്ട സുപ്രീംകോടതി ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും വോട്ടവകാശം ഇല്ലാതെ പാര്‍ലമെന്റിൽ പങ്കെടുക്കാമെന്നും താൽക്കാലിക വിധി പുറപ്പെടുവിച്ചു. എന്നാല്‍ ഭരണരംഗത്തും സാമുഹിക രംഗത്തും കുഴപ്പങ്ങള്‍ മൂർച്ഛിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഇന്ദിരയുടെ തീരുമാനം അനുസരിച്ച് അവരുടെ പാവയെന്ന് വിശേഷിപ്പിക്കപ്പെട്ട രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് ഭരണഘടനയുടെ 352 ആം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖാപിച്ചു. പ്രഖ്യാപനം ഉണ്ടായ ഉടനെതന്നെ പത്രങ്ങള്‍ക്ക് മേല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ തടവിലാക്കി. ഇന്ദിര മറ്റൊന്നു കൂടി ചെയ്തു: പൗരന്‍മാര്‍ക്ക് മൗലികാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന, ഭരണഘടനയുടെ 14, 21, 22 വകുപ്പുകള്‍ നീര്‍വീര്യമാക്കി. മൗലികാവശങ്ങള്‍വേണ്ടി കോടതിയെ സമീപിക്കാനുള്ള അവകാശം സസ്പെന്‍ഡ് ചെയ്തുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ ഉത്തരവ്.1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 20 വരെയാണ് രാജ്യം അടിയന്തരാവസ്ഥയെ അഭിമുഖീകരിച്ചത്.

അടിയന്തരാവസ്ഥയിലെ കേരളത്തിലെ പ്രതിഷേധങ്ങൾ ഇന്നും ചരിത്രത്തിൽ​ചിതറികിടക്കുകയാണ്. വിദ്യാർത്ഥികളും തൊഴിലാളികളും സ്ത്രീകളും ഉൾപ്പെട ഉജ്ജ്വലമായ ചെറുത്തുനിൽപ്പാണ് കേരളം മുന്നോട്ട് വച്ചത് പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകൾ, തൊഴിലാളി സ്ത്രീകൾ നടത്തിയ പോരാട്ടങ്ങൾ കേരളത്തിലെ നിയമസഭയെ വരെ പിടിച്ചു കുലുക്കിയിരുന്നു. വിദ്യാർത്ഥികളും സ്ത്രീകളും പോരാട്ട വേദികളിൽ അതുവരെ കേരളം കാണാത്ത എതിർപ്പുകൾ ഉയർത്തി വിട്ടു. അടിയന്തരാവസ്ഥയുടെ നിഷ്ഠൂരമായ അടിച്ചമർത്തലിന് ഇവരും വിധേയരായി.

കോളജ് ക്യാംപസുകളിൽ നിന്നുയർന്ന പ്രതിഷേധം, തൊഴി​ൽ​ശാലകളിലേയ്ക്കും മറ്റ് സാമൂഹിക ഇടങ്ങളിലേയ്ക്കും പടർന്നു കയറി. അടിയന്തരാവസ്ഥയുടെ സ്തുതിപാഠകരായിരുന്ന സിപി ഐ, കോൺഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങിയ പാർട്ടികളും അവരുടെ സംഘടനകളും അധികാരം ആസ്വദിച്ചു. എന്നാൽ കേരളത്തിലെ മറ്റ് ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥികളും തൊഴിലാളി സംഘടനകളും സ്ത്രീകൾ ഉൾപ്പടെ പോരാട്ടരംഗത്തായിരുന്നു. സെൻസർഷിപ്പിന്റെ മറവിൽ അതെല്ലാം മറച്ചുവെയ്ക്കാൻ​ തൽക്കാലത്തേയ്ക്ക് ഭരണകൂട സംവിധാനങ്ങൾക്ക് സാധിച്ചുവെങ്കിലും പ്രതിഷേധങ്ങളുടെ ചരിത്രം ഇന്നും പ്രസക്തമാണ്.

വിദ്യാർത്ഥികളും പ്രതിഷേധവും

അടിയന്തരാവസ്ഥക്കെതിരെ ആദ്യം രംഗത്തിറങ്ങിയതും ഏറ്റവും നന്നായി പോരാടിയതും വിദ്യാര്‍ഥികളായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, കോഴിക്കോട് റീജണല്‍ എഞ്ചിനീയറിങ് കോളജ്, വടകര ഗവ. മടപ്പള്ളി കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് പൗരാവകാശ നിഷേധത്തിനെതിരെ ഉജ്ജ്വലമായി ആദ്യം പ്രതികരിച്ചത്.

അഞ്ചാം നാള്‍, ജൂലൈ ഒന്നിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി മാര്‍ച്ച് നടന്നു. ജൂണ്‍ 30 ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രഹസ്യമായി യോഗം ചേര്‍ന്നാണ് അടുത്ത ദിവസത്തെ മാര്‍ച്ചിനെപ്പറ്റി തീരുമാനം എടുത്തത്. 25 പേര്‍ യൂണിവേഴ്സിറ്റി കോളജില്‍ ഒന്നിച്ചു. എസ്.എഫ്.ഐ തിരുവനന്തുരം ജില്ലാ കമ്മിറ്റിയായിരുന്നു പ്രകടനത്തിന്റെ ആസൂത്രകര്‍. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എം.എ.ബേബി, ജി. സുധാകരന്‍, എം.വിജയകുമാര്‍ എന്നിവരായിരുന്നു നേതൃത്വം. പ്രകടനം ഏജീസ് ഓഫീസിന് മുന്നിലത്തെിയപ്പോള്‍ പൊലീസ് വളഞ്ഞു. പിന്നെ ക്രൂരമര്‍ദനം. 24 പേര്‍ അറസ്റ്റിലായി. ഇവരെ പൊലീസ് വാനിലിട്ടും കന്റോണ്‍മെന്‍റ് സ്റ്റേഷനിലിട്ടും മര്‍ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ചായിരുന്നു മര്‍ദനം. അറസ്റ്റിലായവരെ ഒന്നരമാസത്തേക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡിലായവര്‍ക്ക് ജഡ്ജി ഫാത്തിമാബീവി ജാമ്യം അനുവദിച്ചു. എന്നാല്‍, 1976 ഫെബ്രുവരിയില്‍ ഹൈകോടതി ജാമ്യം റദ്ദാക്കി. 24 പേരും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു.

അടിയന്തരാവസ്ഥയുടെ ആദ്യ ദിനങ്ങളില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറസ്റ്റിലായിരുന്നു. കേരളത്തില്‍ മാത്രം 600 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെിരെ കേസെടുത്തു.

മണ്ണാര്‍ക്കാട് എം.ഇ.എസ്. കോളജായിരുന്നു അടിയന്തരാവസ്ഥയില്‍ വിദ്യാര്‍ഥി സമരത്തിന്‍െറ മറ്റൊരു കേന്ദ്രം . ഇവിടെ ഫീസ് വര്‍ധനക്കെതിരെയും ബി.കോം വിദ്യാര്‍ഥി അബ്ദുള്‍ റസാഖ് എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനെ സസ്പെന്‍ഡ് ചെയ്തതിനെതിരെയും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. 1976 ജൂലൈ 22 മുതല്‍ ഒരാഴ്ച പണിപ്പുമുടക്ക് നടന്നു. സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന ഉറപ്പില്‍ പഠിപ്പുമുടക്ക് പിന്‍വലിച്ചു. എന്നാല്‍, പ്രീഡിഗ്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ യൂണിറ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന മുഹമ്മദ് മുസ്തഫ ഉള്‍പ്പടെ ചിലരെ പൊലീസ് മിസ പ്രകാരം അറസ്റ്റ് ചെയ്തു. മര്‍ദനത്തോടൊപ്പം ന്യൂമോണിയ പിടിപെട്ട് 1976 ആഗ്റ്റ് 16 ന് മുസ്തഫ രക്തസാക്ഷിയായി.

വിദ്യാര്‍ഥികള്‍ മറ്റൊരു സമര മുഖം തുറന്നത് പയ്യന്നൂര്‍ കോളജിലാണ് . ഇവിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി പഠിപ്പു മുടക്ക് നടത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം, 26 ന്, കോളജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രടനം നടത്തി. അറസ്റ്റിലായ പ്രവര്‍ത്തകരെ രാത്രിവരെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തി വിട്ടയച്ചു. തുടര്‍ ദിവസങ്ങളിലും ഇതേ നടപടി ആവര്‍ത്തിച്ചു. ജൂലൈ പത്തിന് സംസ്ഥാനത്തുടനീളം ധര്‍ണയ്ക്ക് എസ്.എഫ്.ഐ. ആഹ്വാനം ചെയ്തിരുന്നു. പയ്യന്നൂര്‍ കോളജില്‍ ധര്‍ണ ഉപരോധത്തിന്റെ രൂപം കൈക്കൊണ്ടു. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. 16 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ഇവരെ പൊലീസ് വണ്ടിയിലിട്ട് മര്‍ദിച്ചു. ബൂട്ടുകൊണ്ട് ചവിട്ടി. ബയണറ്റുകള്‍കൊണ്ട് കുത്തി മുറിവേല്‍പിച്ചു. ഇവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോള്‍ മൂന്ന് വനിതാ ഇടതുപക്ഷ വിദ്യാര്‍ഥികള്‍ മുന്നില്‍ കിടന്നു പൊലീസ് വാഹനം തടഞ്ഞു. സി.പി. ലക്ഷ്മിക്കുട്ടി, ആലീസ് കുര്യന്‍, യശോദ എന്നിവരായിരുന്നു ആ വനിതാ പ്രവര്‍ത്തകര്‍. അതെപ്പറ്റി അന്ന് അറസ്റ്റിലാവുകയും പിന്നീട് കാലിക്കറ്റ് സര്‍വകലാശാല ഫോക്‌ലോര്‍ വിഭാഗം മേധാവിയുമായ ഡോ. ഇ.കെ. ഗോവിന്ദവര്‍മ രാജ ഓര്‍ക്കുന്നതിങ്ങനെയാണ്: ‘‘അവര്‍ വാഹനത്തിന് മുന്നില്‍ നിന്ന് മാറിയില്ലെങ്കിൽ അവരെയും അറസ്റ്റ് ചെയ്യുമെന്നും പത്ത് മാസം കഴിഞ്ഞിട്ട് പ്രസവിച്ചിട്ടേ വിടൂ എന്നും പൊലീസ് അറസ്റ്റിലായ 16 പേരോട് ഭീഷണി മുഴക്കി. 16 പേരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് പെണ്‍കുട്ടികള്‍ പിന്‍മാറിയത്’’ (1)

ഗോവിന്ദവര്‍മ രാജയെ കൂടാതെ പി. നാരായണന്‍, കെ.പി. കൃഷ്ണന്‍, മൂവാരി, സുരേന്ദ്രന്‍ അടുത്തില തുടങ്ങിയവരായിരുന്നു അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരെ രണ്ടുദിവസം പയ്യന്നൂര്‍ ലോക്കപ്പിലിട്ട് മര്‍ദിച്ചു. പിന്നീട് കാസര്‍കോട് സബ്ജയിലിലേക്ക് മാറ്റി. ഇവര്‍ ജയിലില്‍ നിരാഹാരം പ്രഖ്യാപിച്ചതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഒരു മാസത്തിലേറെ നീണ്ട തടവിന് ശേഷം പയ്യന്നൂരിലെ വിദ്യാര്‍ഥികള്‍ മോചിതരായി. പയ്യന്നൂര്‍ കോളജിലുണ്ടായ അതിക്രമങ്ങളും വിദ്യാര്‍ഥികളെ ലോക്കപ്പില്‍ മര്‍ദിച്ചതും എ.കെ.ജി പാര്‍ലമെന്‍റില്‍ ഉന്നയിച്ചു.

പ്രതിപക്ഷ മുന്നണിയുടെ പ്രതിഷേധം

1975 ജൂലൈ 10 ന് കേരളത്തില്‍ പ്രതിപക്ഷമുന്നണിയും ജനസംഘവും ചേര്‍ന്ന് സംസ്ഥാന-ജില്ലാതലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നിരോധനാജ്ഞ ലംഘിച്ചായിരുന്നു പ്രകടനം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രകടനത്തിന്റെ മുന്‍നിരയില്‍ നിലകൊണ്ടവരില്‍ ഒരാള്‍ സി.പി.എം. നേതാവായ സുശീല ഗോപാലനായിരുന്നു. ഈ പ്രതിഷേധത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി എ.കെ.ജി, ഇം.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, കെ.എം.ജോര്‍ജ്, ആര്‍.ബാലകൃഷ്ണപ്പിള്ള, കെ. ശങ്കരനാരയാണന്‍, ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ അറസ്റ്റിലായി. തിരുവനന്തപുരത്ത് മറ്റ് 29 പേര്‍ക്കൊപ്പം അറസ്റ്റിലായ സുശീല ഗോപാലനെ പൂജപ്പൂരയിലെ വനിതാ വാര്‍ഡിലാണ് അടച്ചത്. എറണാകുളത്ത് നിരോധനം ലംഘിച്ച എ.കെ.ജി. അടക്കമുള്ളവരെ പൂജപ്പുരയില്‍ കൊണ്ടുവന്നു. അക്കാലത്ത് രോഗം മൂലം അവശനായിരുന്നു എ.കെ.ജി. സുശീല ഗോപാലന്റെ സഹായം, രോഗിയും ജീവിത പങ്കാളിയുമായ തനിക്ക് വിട്ടുകിട്ടണമെന്ന് എ.കെ.ജി ജയിലില്‍ ശബ്ദമുയര്‍ത്തി. ഒടുവില്‍ ജയിലധികൃതര്‍ക്ക് വഴങ്ങേണ്ടി വന്നു. ഒരാഴ്ചയാണ് സുശീല ഗോപാലന്‍ തടങ്കലില്‍ കഴിഞ്ഞത്. മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം സുശീലയും മോചിപ്പിക്കപ്പെട്ടു. മോചനത്തിന് ശേഷവും അടിയന്തരാവസ്ഥയില്‍ സുശീല ഗോപാലന്‍ അടങ്ങിയിരുന്നില്ല. കണ്ണൂര്‍ജില്ലയില്‍ പെരളശ്ശേരിയടക്കം വിവിധ സ്ഥലങ്ങളില്‍ പ്രസംഗിച്ചു; യോഗങ്ങില്‍ പങ്കെടുത്തു.

എം. കമലമാണ് അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ച മറ്റൊരു പ്രമുഖ വനിതാ നേതാവ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ നാളില്‍ തന്നെ അതിനെതിരെ പ്രതിഷേധവുമായി കമലം രംഗത്ത് എത്തി. ഡി.ഐ.ആര്‍. അനുസരിച്ച് അറസ്റ്റിലായ കമലം മുന്നുമാസമാണ് ജയിലില്‍ കഴിഞ്ഞത്.

നിയമസഭയിലും പുറത്തും ഉയർന്ന സ്ത്രീ പ്രതിഷേധം

അടിയന്തരാവസ്ഥയില്‍ നിയമസഭക്കുള്ളില്‍ സ്ത്രീകളുടെ വ്യത്യസ്തമായ മറ്റൊരു പ്രതിഷേധവും അരങ്ങേറി. 1976 ഫെബ്രുവരി 26 ന് നിയമസഭ കൂടുമ്പോള്‍ ആറു സ്ത്രീകള്‍ നിയസഭയിലെ സന്ദര്‍ശക ഗാലറിയിനിന്ന് മുദ്രാവാക്യം മുഴക്കി. സഭകുറച്ചു നേരത്തേക്കെങ്കിലും സ്തംഭിച്ചു. സി.പി.എം. അംഗവും കശുവണ്ടി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിയന്‍ പ്രവര്‍ത്തകയുമായ കൊട്ടാരക്കര കുളക്കട ഇന്ദുഭവനില്‍ ഇന്ദിരയാണ് സമരത്തിന് നേതൃത്വം കൊടുത്തവരില്‍ ഒരാള്‍. ഇരവിപുരം കൈയാലക്കല്‍ ലക്ഷം വീട്ടിലെ പ്രഭാവതി, കരിക്കാട് രാജമ്മ,കുണ്ടറ ഭാര്‍ഗവി, ഷെരീഫ, കല്ലമ്പലം കൊച്ചിക്ക എന്നിവരാണ് സമരത്തില്‍ പങ്കെടുത്ത മറ്റു സ്ത്രീകള്‍ (2) 18 വയസായിരുന്നു ഇന്ദിരക്ക്. കൊല്ലത്ത് നിന്ന് എല്ലാവരും ഒറ്റക്കൊറ്റക്കാണ് തിരുവനന്തപുരത്ത് എത്തിയത്. മന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കാനെന്ന വ്യാജേന എല്ലാവരും നിയമസഭയില്‍ കടന്നു. ആലപ്പുഴ എം.എല്‍.എ പുരുഷോത്തമന്‍ പിള്ളയുടെ പാസാണ് ഉപയോഗിച്ചത്.സഭയില്‍ അടിയന്തരാവസ്ഥക്കെതിരെ മുദ്രാവാക്യം മുഴക്കിയ ഉടനെ ആറുപേരെയെും പൊലീസ് കസ്റ്റഡിയിലെടുത്തു. എല്ലാവര്‍ക്കും കസ്റ്റഡിയില്‍ മര്‍ദനമേറ്റു. ഇന്ദിരയടക്കമുള്ളവരെ ചൂരല്‍ പിണച്ചുകെട്ടി മുതുകിന് അടിച്ചത്. സമരത്തിന് പിന്നിലെ തലച്ചോര്‍ ആരാണെന്ന് ചോദിച്ചായിരുന്നു മര്‍ദനം മുഴുവന്‍. ഒരാഴ്ച പൂജപ്പുര ജയിലില്‍ അടച്ചു. വിട്ടയച്ചെങ്കിലും കൊല്ലം, കൊട്ടാരക്കര ജയിലുകളില്‍ 90 ദിവസം ഇന്ദിര തടവ് അനുഭവിച്ചു. ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ആറുപേര്‍ക്കും സി.പി.എം. പ്രവര്‍ത്തര്‍ സ്വീകരണം നല്‍കി. (3)സി.പി.എമ്മിന്റെ കൊട്ടാരക്കര ഏരിയാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച ഇന്ദിര മൈലം പഞ്ചായത്ത് പ്രസിഡന്‍റും വെട്ടിക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു.

1975-1977 കാലത്ത്, സ്ത്രീകളുടെ മറ്റൊരു സമരം നടന്നത് കൊല്ലത്ത് കശുവണ്ടി തൊഴിലാളികളായ സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു. അക്കാലത്തെ രാജി എന്ന 16 വയസുള്ള സ്ത്രീതൊഴിലാളിയുമായി നടത്തിയ സംഭാഷണം സ്വീഡിഷ് ഗവേഷകയായ അന്ന ലിന്‍റ് ബര്‍ഗ് രേഖപ്പെടുത്തിയിട്ടുണ്ട്: ‘‘പാര്‍ട്ടിയിലെ പുരുഷ സഖാക്കളില്‍ ചിലര്‍ ഞങ്ങളോട് കശുവണ്ടിത്തൊഴിലാളികളുടെ ഒരു പ്രകടനം സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടു. കലക്ടറേറ്റില്‍ ചെന്ന് തടവിലാക്കപ്പെട്ട നേതാക്കളുടെ മോചനം ആവശ്യപ്പെടാന്‍ അവര്‍ നിർദേശിച്ചു. മറ്റെല്ലാ കശുവണ്ടി ഫാക്ടറികളില്‍ നിന്നും പെണ്ണുങ്ങള്‍ വന്നു. ഇരുപത് സ്ത്രീകളുടെ ബാച്ചുകളായിട്ടാണ് ഞങ്ങള്‍ പോയത്. അങ്ങനെ ഞങ്ങള്‍ കലക്ടറേറ്റ് ഹാളില്‍ സംഘമായി കടന്നു. അറസ്റ്റ് ചെയ്യപ്പെട്ടു. അപ്പോള്‍ നേതാക്കള്‍ പുതിയ പുതിയ ബാച്ചുകളെ അയച്ചുകൊണ്ടിരുന്നു. ഒടുവില്‍ കൊല്ലം ജയില്‍ നിറഞ്ഞു കവിഞ്ഞു. ഞങ്ങള്‍ക്ക് നേതാക്കളെ പിന്‍താങ്ങാന്‍ സമ്മതമായിരുന്നു. ബോംബെയില്‍ കൊണ്ടുപോയി വേശ്യകളാക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെങ്കിലും ഞങ്ങള്‍ പേടിച്ചില്ല.’’ (5) എണ്ണത്തെപ്പറ്റിയുള്ള രാജിയുടെ വിവരണത്തില്‍ ചില പെരുപ്പിച്ച് കാട്ടലുകള്‍ നിഷ്കളങ്കമായി തന്നെ സംഭവിച്ചിട്ടുണ്ടാകുമെങ്കിലും അടിയന്തരാവസ്ഥയില്‍ സ്ത്രീകള്‍ സംഘടിതമായി തൊഴിലിടം വിട്ടിറങ്ങി അവരുടെ നേതാക്കളുടെ മോചനം ആവശ്യപ്പെട്ടുവെന്നതിന് വലിയ ചരിത്ര പ്രാധാന്യമാണുള്ളത്.

മന്ദാകിനി നാരായണന്‍

മന്ദാകിനി നാരായണനാണ് അടിയന്തരാവസ്ഥക്കെതിരെയും അതിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ജയിലില്‍ ഒറ്റക്ക് സമരമുഖം തീര്‍ത്ത വ്യക്തി. നക്സലൈറ്റ് രാഷ്ട്രീയ നിലപാടുകളാണ് മന്ദാകിനിയെ ജയിലിടക്കാന്‍ ഭരണകൂടത്തിന് കാരണമായത്. തലശ്ശേി-പുല്‍പ്പള്ളി ഗൂഢാലോചനക്കേസിലും നേരത്തെ മന്ദാകിനിയെ ഭരണകൂടം ഉള്‍പ്പെടുത്തിയിരുന്നു. അടിയന്തരവസ്ഥയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കപ്പെട്ട മന്ദാകിനി ഓരോ നിമിഷവും പോരാടിയാണ് നിലകൊണ്ടത്. സഹതടവുകാരോട് രാഷ്ട്രീയം പറഞ്ഞു മന്ദാകിനി അവരെ കൂടുതല്‍ ഊര്‍ജസ്വലരാക്കി. ജയിലവകാശങ്ങള്‍ നേടിയെടുക്കാന്‍ ഓരോ ഘട്ടത്തിലും ശബ്ദമുയര്‍ത്തി. തിരുവനന്തപുരം സെന്‍ട്രജല്‍ ജയിലില്‍ കഴിയുന്ന മകള്‍ അജിതയെ കാണാനുള്ള മന്ദാകിനിയുടെ അപേക്ഷ നിരസിക്കപ്പെട്ടു. വലിയ പ്രതിഷേധമുയര്‍ത്തിയ മന്ദാകിനി നിരാഹാര സമരം പ്രഖ്യാപിച്ചു. രണ്ടുമൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ മന്ദാകിനിയുടെ സ്ഥിതി വഷളായി. ജയിൽ ഉദ്യോഗസ്ഥർ മന്ദാകിനിയുടെ വായില്‍ കരണ്ടി കയറ്റി ഭക്ഷണം കഴിപ്പിക്കാന്‍ ബലാല്‍ക്കാരമായി ശ്രമിച്ചു. പുരുഷ ജയില്‍ ഉദ്യോഗസ്ഥരുടെ ശ്രമത്തെ മന്ദാകിനി ചെറുത്തതോടെ ഉന്തും തള്ളുമായി. ജയിലില്‍ ഒപ്പമുണ്ടായിരുന്ന നക്സലൈറ്റ് തടവുകാരി സി.ആര്‍. സുലോചനയും ഇടപെട്ടു. ജയിലര്‍മാര്‍ സുലോചനയെ മര്‍ദിച്ചു. മന്ദാകിനിയെ ഒറ്റൊക്കൊരു സെല്ലില്‍ അടച്ചു. അജിതയെ കാണാനുള്ള മന്ദാകിനിയുടെ സമരം വിജയിച്ചു അനുവാദം കിട്ടി. എകാന്ത തടവില്‍ നിന്ന് മോചിപ്പിക്കാനാവശ്യപ്പെട്ട് മന്ദാകിനി വീണ്ടും സമരം തുടങ്ങി. അതിനും ജയിലധികൃതര്‍ക്ക് വഴങ്ങേണ്ടി വന്നു. ഇതിന് ശേഷമാണ് അജിതയെ കാണാൻ മന്ദാകിനി പോകുന്നത്.

അടിയന്തിരാവസ്ഥ കാലത്ത് രണ്ട് പ്രതിഷേധങ്ങള്‍ക്കേ നിയമസഭ സാക്ഷ്യം വഹിച്ചുള്ളൂ. രണ്ടു തവണയും പ്രതിപക്ഷം സഭ വിട്ടിറങ്ങി. 1976 ഫെബ്രുവരി 13 സഭ കൂടിയ ഉടന്‍ നിയസഭാംഗങ്ങളെ തടവലിടച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്. അതിന്റെ മുന്‍നിരയില്‍ കെ.ആര്‍. ഗൗരിയമ്മയും മൂവാറ്റുപുഴ എം.എല്‍.എ പെണ്ണമ്മ ജേക്കബും നിലകൊണ്ടു.

രണ്ടാമത്തെ പ്രതിഷേധം 1976 ഒക്ടോബര്‍ 15 നായിരുന്നു. കരുതല്‍ തടങ്കലില്‍ കഴിയുന്ന ചില നേതാക്കന്‍മാര്‍ ‘നിരാഹാരസത്യാഗഹം അനുഷ്ഠിച്ചതിനെ തുടര്‍ന്ന് ഉളവാക്കിയ ഗുരുതരാവസ്ഥ ചര്‍ച്ച ചെയ്യുന്നതിന് ഇന്നത്തെ സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട്’ റൂള്‍ 50 അനുസരിച്ച് നോട്ടീസ് നല്‍കിയവരില്‍ ഒരാള്‍ ഗൗരിയമ്മയായിരുന്നു. അനുമതി നിഷേധിച്ച് സ്പീക്കറുടെ റൂളിങ്ങ് ഉണ്ടായ ഉടനെ കെ. ആര്‍. ഗൗരി തങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയാണെന്ന് അറിയിച്ചു. ഗൗരിയും പ്രതിപക്ഷ പാര്‍ട്ടി മെമ്പര്‍മാരും നിശബ്ദം സഭയില്‍ നിന്നിറങ്ങിപ്പോയി. ഈ പ്രതിഷേധത്തില്‍ പെണ്ണമ്മ ജേക്കബും പങ്കെടുത്തു.

സഭയ്ക്കുള്ളില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ ഏറ്റവും മികച്ച രീതിയില്‍ ശബ്ദമുയര്‍ത്തിയത് ഒരു സ്ത്രീയാണ്. ഒരു വേള, പുരുഷ എം.എല്‍.എമാരേക്കാള്‍ ഉച്ചത്തില്‍ മുഴങ്ങുന്നതായിരുന്നു അവരുടെ ശബ്ദം.  പെണ്ണമ്മ ജേക്കബിന്റെ ഇങ്ങനെ തുറന്നടിച്ചു:‘‘ശ്രീമതി ഇന്ദിരാഗാന്ധി പിതാവിന്റെ കാലടികളെ പിന്തുടര്‍ന്നില്ലെന്ന് മാത്രമല്ല ലോകത്ത് ഒരാളുടെയും കാലടികളെ പിന്തുടര്‍ന്നില്ല. അവരുടെ തന്നെ കാലടികളെ പിന്തുടരാന്‍ കഴിവില്ലാതെ ഇന്ന് ഒറ്റക്കാലില്‍ നില്‍ക്കുന്ന വഞ്ചകിയായ ഒരു സ്ത്രീയാണെന്ന് പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്… ഇന്ത്യയിലല്ല ലോകത്തെമ്പടുമുള്ള സ്ത്രീ വര്‍ഗത്തിന് കളങ്കം ചാര്‍ത്തികൊണ്ട് കോടതിയെപ്പോലും ബഹിഷ്ക്കരിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയി’’. (6) 1975 ഓഗസ്റ്റ് 9 ന് നിയമസഭയില്‍ വക്കം പുരുഷോത്തമന്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതിയെ എതിര്‍ത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. ഭേദഗതി പ്രമേയത്തെ പെണ്ണമ്മ ജേക്കബ് എതിര്‍ത്തു. സഭയിലെ ഏറ്റവും ഉജ്വലയെന്ന് വിശേഷിപ്പിക്കപ്പെട്ട കെ.ആര്‍. ഗൗരിയെയും പിന്നിലാക്കുന്നുണ്ട് അടിയന്തരാവസ്ഥയില്‍ പെണ്ണമ്മ ജേക്കബ്.

പെണ്ണമ്മ ജേക്കബ് , ഗൗരിയമ്മ

നക്സലൈറ്റ് ആക്രമണങ്ങള്‍

അടിയന്തരാവസ്ഥയില്‍, ചെറുതെങ്കിലും രഹസ്യമായി കെട്ടിപ്പടുത്ത പാര്‍ട്ടിയുമായി മുന്നോട്ടുപോകാനായിരുന്നു നക്സലൈറ്റ് സംഘടനയായ സി.പി.ഐ (എം.എല്‍)ന്റെ ധാരണ. ഭരണകൂട മര്‍ദനം തുറന്ന രൂപത്തില്‍ ജനങ്ങള്‍ക്കുമേല്‍ വന്നതിനാല്‍ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിക്കാനും സാധ്യമായ എല്ലാ രീതിയിലും അതിനെതിരെ പ്രവര്‍ത്തിക്കാനുമായിരുന്നു പാര്‍ട്ടി തീരുമാനം. 1976 ല്‍ “അടിയന്തരാവസ്ഥ അറബിക്കടലില്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി “കോമ്രോഡ്’ രണ്ട് ലക്കം ഇറങ്ങി.

‘‘അടിന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ ഭരണകൂടം പ്രത്യക്ഷത്തില്‍ ജനശത്രുവായി വന്ന നിലയ്ക്ക് വര്‍ഗശത്രുക്കളെ ആക്രമിക്കുന്നതിനോടൊപ്പം ഭരണകൂട ഉപകരണങ്ങള്‍ക്കെതിരായ ആക്രമണത്തിന് ഊന്നല്‍ നല്‍കണമെന്നും’’ പാര്‍ട്ടി രേഖകള്‍ നിര്‍ദേശിച്ചു. അതായത് ദുഷ്ടരായ നാടുവാഴിത്ത-ഭൂപ്രഭുക്കള്‍ക്കും ഭരണകൂടത്തിനുമെതിരെ ആക്രമണം അഴിച്ചുവിടനായിരുന്നു സി.പി.ഐ (എം.എല്‍) തീരുമാനം. അതിന്റെ ഭാഗമായി മതിലകം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാനാണ് തൃശൂര്‍ ജില്ലയിലെ പാര്‍ട്ടി കമ്മിറ്റി തീരുമാനിച്ചത്. തൊട്ടടുത്ത ദിവസം, 1975 സെപ്റ്റംബര്‍ 18ന് എറണാകുളം ജില്ലയില്‍ ആക്ഷന്‍ നടത്താനും സംസ്ഥാന കമ്മിറ്റി ധാരണയുണ്ടാക്കി. എന്നാല്‍, സാഹചര്യങ്ങള്‍ ഒത്തുവരാത്തതിനാല്‍ മതിലകം സ്റ്റേഷനാക്രമണം അവസാന നിമിഷം ഉപേക്ഷിക്കേണ്ടിവന്നു.

ആലപ്പുഴയില്‍ നക്സലൈറ്റുകള്‍ ആക്രമണത്തിന് തെരഞ്ഞെടുത്തത് മാരാരിക്കുളം പൊലീസ് സ്റ്റേഷനായിരുന്നു. അതും അവസാന നിമിഷം ഒഴിവാക്കി. എന്നാല്‍, രണ്ടിടത്തും പൊലീസ് നക്സലൈറ്റ് നീക്കം മനസിലാക്കി. അതോടെ അറസ്റ്റുകളും പീഡനങ്ങളും തുടര്‍നടപടിയായി.

1975 സെപ്റ്റംബര്‍ 18 ന് എറണാകുളം ജില്ലയിലെ കുമ്പളത്തെ ജന്മിയെ നക്സലൈറ്റുകള്‍ ഉന്മൂലനം ചെയ്തു. 1974-75 കാലഘട്ടത്തില്‍ കൂലിക്കൂടുതലിനുവേണ്ടി കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ സമരം മക്കാരാജിനെയാണ് ലക്ഷ്യമിട്ടത്. തിരഞ്ഞെടുത്ത സ്ക്വാഡിന്റെ നേതൃത്വത്തില്‍ മക്കാരാജിനെ ഉന്മൂലനം ചെയ്യാനായിരുന്നു പദ്ധതി. നക്സലൈറ്റുകള്‍ എത്തുമ്പോള്‍ മക്കാരാജ് സ്ഥലത്ത് ഇല്ലായിരുന്നു. അതിനാല്‍ സംഘം തിരിച്ചുപോരാന്‍ ഇറങ്ങി. അപ്പോള്‍ മക്കാരാജിന്റെ സഹോദരന്‍ അബുഹാജി കോടാലിയുമായി പാഞ്ഞത്തെി, നക്സലൈറ്റ് സംഘത്തിനെതിരെ വെല്ലുവിളി മുഴക്കി. സംഘാംഗങ്ങളില്‍ ചിലരെ അയാള്‍ക്ക് നേരിട്ട് അറിയാം. അബുഹാജിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടേണ്ടതുള്ളതുകൊണ്ടും വെറുതെ വിട്ടാല്‍ പോലീസിന് വിവരം നല്‍കും എന്നതുള്ളതുകൊണ്ടും നക്സലൈറ്റുകള്‍ അദ്ദേഹത്തെ കൊലപ്പെടുത്തി.

k venu, actress attack,
കെ. വേണു

കുമ്പളത്തിന് ശേഷം കൂരാച്ചുണ്ട് (പിന്നീട് കായണ്ണ) സ്റ്റേഷന്‍ ആക്രമിക്കാന്‍ കെ. വേണുവിന്റെ നേതൃത്വത്തിലുള്ള നക്സലൈറ്റുകള്‍ തീരുമാനിച്ചു. 1976 ഫെബ്രുവരി 28 ന് നക്സലൈറ്റുകള്‍ സ്റ്റേഷന്‍ ആക്രമിച്ചു എം.എം. സോമശേഖരന്‍, അച്യുതന്‍, വി.കെ. പ്രഭാകരന്‍, അശോകന്‍, ടി.ടി.സുഗതന്‍, രാഘവന്‍, വത്സരാജന്‍, കൊച്ചുരാജന്‍ , അപ്പുകുട്ടി കെ.കെ. ദാമു, കുന്നേല്‍ കൃഷ്ണന്‍ (കൃഷ്ണേട്ടന്‍), ഭരതന്‍ എന്നിവരാണ് സ്ക്വാഡ് അംഗങ്ങള്‍. ഇരുപതില്‍ താഴെ പ്രായമുള്ളവരാണ് സംഘത്തില്‍ ആറുപേര്‍. രാത്രി രണ്ടുമണിക്ക് സ്റ്റേഷന്‍ ആക്രമണം നടന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ പൊലീസുകാര്‍ പകച്ചു പോയി. പോലീസിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് ടോര്‍ച്ചടിച്ച് വേണുവും കുന്നേല്‍കൃഷ്ണനും മുന്നോട്ട് ചെന്നു. രണ്ട് റൈഫിളുകള്‍ സംഘം തട്ടിയെടുത്തു. സെന്‍ട്രിമാരുടെ കൈയിലിരുന്ന പെട്രോമാക്സ് വിളക്ക് തല്ലിക്കെടുത്താന്‍ വേണു ശ്രമിച്ചു. പക്ഷെ, വിളക്കില്‍ തീ പടര്‍ന്ന് കത്തി. ഈ സമയത്ത് അകത്തുനിന്ന് ഇരുമ്പു വടിയുമായി വന്ന ഒരു പൊലീസുകാരന്‍ വേണുവിന്റെ തലയില്‍ ആഞ്ഞടിച്ച് പരുക്കേല്‍പ്പിച്ചു. സംഘം പിന്‍വലിയാന്‍ ഒരുങ്ങുമ്പോള്‍ കുന്നേല്‍ കൃഷ്ണനെ രണ്ടു പോലീസുകാരന്‍ പിടികൂടിയതായി അറിഞ്ഞു. താഴെ വീണ കൃഷ്ണന്റെ മുകളിലാണവര്‍. കുഷ്ണന്റെ വിരല്‍ പൊലീസുകാരന്‍ കടിച്ചുപിടിച്ചിരിക്കുന്നു. ഇരുമ്പുവടികൊണ്ട് വേണുവും കത്തികാട്ടി സോമശേഖരനും പൊലീസുകാരനെ ഭീഷണിപ്പെടുത്തി, തൊട്ടടുത്ത കടയിലെ മുറിയില്‍ ഉറങ്ങിക്കിടന്ന രണ്ടുമൂന്ന് പോലീസുകാരും ഓടിയത്തെി സംഘാംഗങ്ങളെ നേരിടാന്‍ തുടങ്ങി. കൃഷ്ണനെ മോചിപ്പിച്ച് സംഘം മടങ്ങാന്‍ തീരുമാനിക്കുമ്പോള്‍ പൊലീസുകാരന്‍ അകത്ത് നിന്ന് തോക്കെടുത്ത് വെടി വയ്ക്കാന്‍ തുടങ്ങിയിരുന്നു.
നക്സലൈറ്റുകള്‍ നടത്തിയ ആക്ഷന്‍ ശ്രമങ്ങളും കുമ്പളം, കായണ്ണ ആക്രമങ്ങളും വലിയ രീതിയില്‍ ഭരണകൂട ഭീകരത സൃഷ്ടിച്ചു. നിരവധി നക്സലൈറ്റ് പ്രവര്‍ത്തകരും അനുഭാവികളും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ഉരുട്ടലിനും മറ്റ് ക്രൂരമര്‍ദനങ്ങള്‍ക്കും വിധേയമായി.

അടിയന്തരവാസ്ഥകാലത്ത് അഭിപ്രായ സ്വാതന്ത്ര്യങ്ങളും ഭരണകൂട വിരുദ്ധ പ്രകടനങ്ങളും നിരോധിക്കപ്പെട്ടിരിന്നെങ്കിലും നക്സലൈറ്റ് പ്രവര്‍ത്തകര്‍ അതിനെ മറികടന്നു. കോടതികളെയും നക്സലൈറ്റ് തടവുകാര്‍ സമരവേദിയാക്കി മാറ്റി. കായണ്ണ, മാനന്തവാടി കേസുകളില്‍ അറസ്റ്റിലായവരെ വിചാരണക്കായി പേരാമ്പ്ര, മാനന്തവാടി കോടതികളില്‍ കൊണ്ടുപോകുമ്പോള്‍ അവര്‍ ഒച്ചത്തില്‍ മുദ്രാകവാക്യം മുഴക്കാന്‍ തുടങ്ങി. കോടതി ബഹിഷ്കരിച്ച് കോടതിക്കുള്ളില്‍ കോടതിക്കെതിരെ മുദ്രാവാക്യം മുഴങ്ങി. “ബൂര്‍ഷ്വാകോടതി തുലയട്ടെ’ എന്ന് മുഷ്ടി ഉയര്‍ത്തി മജിസ്ട്രേറ്റിന് നേരെ പതിവായി മുദ്രാവാക്യം ഉയര്‍ത്തി. കോടതി പരിസരത്ത് വാന്‍ നിര്‍ത്തുമ്പോള്‍ മുദ്രാവാക്യം മൂഴങ്ങും. തുടര്‍ന്ന് കോടതി മുറിക്കുള്ളില്‍ കയറി വീണ്ടും മുദ്രാവാക്യം മുഴക്കും. കോടതിക്ക് നിശബ്ദമായിരിക്കാനേ കഴിഞ്ഞുള്ളൂ. കോടതി അലക്ഷ്യത്തിന്റെ പേരില്‍ ആറുമാസം തടവ് ഏറ്റുവാങ്ങാന്‍ കൂടി തയാറായാണ് മുദ്രാവാക്യം മുഴക്കല്‍.കോടതിയെയും അടിയന്തരാവസ്ഥയെയും വെല്ലുവിളിക്കുന്ന നടപടികളാണ് മാനന്തവാടി, പേരാമ്പ്ര കേടതികളില്‍ നിന്ന് നിരന്തരം ഉയര്‍ന്ന് കേട്ട മുദ്രാവാക്യങ്ങള്‍. ഇത്തരം മുദ്രാവാക്യങ്ങളില്‍ കൂടിയാണ് പോലീസ് കസ്റ്റഡിയില്‍ നടന്ന കൊലപാതകങ്ങള്‍ പുറം ലോകം അറിയുന്നതും.

ലോകസംഘർഷ് സമിതിയും ജനസംഘവും

അടിയന്തരാവസ്ഥ നാളില്‍ സമരരംഗത്തിറങ്ങിയ സംഘടനകളില്‍ മറ്റൊരു പ്രധാനപ്പെട്ട സംഘടന ജനസംഘമായിരുന്നു. ജനസംഘത്തെ കൂടി ഉള്‍പ്പെടുത്തി ജയപ്രകാശ് നാരായണന്റെ അധ്യക്ഷയില്‍ രൂപീകരിച്ച ലോക സംഘര്‍ഷ് സമിതി അടിയന്തരാവസ്ഥക്കെതിരെ സത്യഗ്രഹം നടത്താന്‍ കേന്ദ്ര തലത്തില്‍ തീരുമാനിച്ചു. എല്ലാ താലൂക്കുകളിലും 11 പേര്‍ വീതമുള്ള സംഘങ്ങള്‍ 1975 നവംബര്‍ 14 മുതല്‍ പല ദിവസങ്ങളിലായി സത്യഗ്രഹം നടത്താനായിരുന്നു തീരുമാനം. സത്യഗ്രഹികള്‍ ഏകാധിപത്യത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ലഘുലേഖകള്‍ പ്രചരിപ്പിക്കുകയൂം മുദ്രാവാക്യം മുഴക്കുകയും ചെയ്യും. നെഹ്റുവിന്റെ ജന്മദിനം മുതല്‍ രണ്ടുമാസം (1977 ജനുവരി 26 വരെ)സമരം നീണ്ടു.

8000 പേര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തുവെന്നാണ് ജനസംഘത്തിന്റെ അവകാശവാദം. അതില്‍ 4650 പേര്‍ അറസ്റ്റിലായി. ഡിസംബര്‍ ഒന്നിന് സ്ത്രീകള്‍ മാത്രമുള്ള സംഘമാണ് കോഴിക്കോട്, പാലക്കാട്, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങില്‍ സത്യഗ്രഹം നടത്തിയത്. എറണാകുളത്ത് ടി.പി. വിനോദിനിഅമ്മയുടെ നേതൃത്വത്തിലാണ് സത്യഗ്രഹികള്‍ രംഗത്ത് എത്തിയത്. അറസ്റ്റിന് വിധേയമാകാന്‍ കൂട്ടാക്കാത്ത ഇവര്‍ക്ക് നേരെ പൊലീസ് മര്‍ദനം അഴിച്ചുവിട്ടു. വിനോദിനിയമ്മക്കും ലാത്തിഅടിയേറ്റു. സത്യഗ്രഹികളെ രാജ്യരക്ഷാ നിയമപ്രകാരം ജയിലിലടച്ചു. കേരളത്തില്‍ ഡിസംബര്‍ ഒന്നിന് മാത്രം ജനസംഘത്തിന്‍െറ കണക്ക് പ്രകാരം 44 സ്ത്രീകളാണ് അറസ്റ്റിലായത്. എറണാകുളത്ത് മര്‍ദനമേറ്റ ടി.പി. വിനോദിനിയമ്മ അടിയന്തരാവസ്ഥയുടെ അവസാന നാളുകള്‍ വരെ പോരാട്ടം തുടര്‍ന്നു. നേരത്തെ, 1975 സെപ്റ്റംബറില്‍ ലോക സംഘഷര്‍ഷ സമിതിതി സംസ്ഥാന സമിതി രൂപീകരിക്കാന്‍ പഴനിയില്‍ ചേര്‍ന്ന യോഗത്തിലും വിനോദിനിയമ്മ പൊലീസിന് പിടികൊടുക്കാതെ എത്തിയിരുന്നു. സര്‍വോയാദയം പ്രവര്‍ത്തകനായ എം.പി. മന്മഥന്‍, സംഘടനാ കോണ്‍ഗ്രസ് നേതാവ് കെ.ഗോപാലന്‍, സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സി.ജി. ജനാര്‍ദനന്‍, പരിവര്‍ത്തനവാദികള്‍ എന്നിവരായിരുന്നു യോഗത്തിന് എത്തിയ മറ്റുള്ളവര്‍. ജനസംഘത്തെയാണ് വിനോദിനിയമ്മ പ്രതിനിധീകരിച്ചതും. 1977 മാര്‍ച്ച് 16 ന്, തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പുന്നയൂര്‍കുളത്തെ ഒരു വീട്ടില്‍ ചെന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ വിനോദിനിയമ്മയെയും ഒപ്പമുണ്ടായിരുന്ന രാധാ ബാലകൃഷ്ണനെയും വളഞ്ഞിട്ട് മര്‍ദിച്ചു. പൊലീസാകട്ടെ യൂത്ത് കോണ്‍ഗ്രസിനൊപ്പമാണ് നിലകൊണ്ടത്.

എറണാകുളത്ത് എലൂര്‍ക്കവലയിലും സ്ത്രീകള്‍ പ്രകടനം നടത്തി. അവരെ പൊലീസ് നടുറോട്ടില്‍ വളഞ്ഞിട്ട് മര്‍ദിച്ചു. പൊലീസിന്റെ ലാത്തിയടിയില്‍ പി.കെ. പാറക്കുട്ടിയമ്മയുടെ കൈ ഒടിഞ്ഞു. അടിയന്തരാവസ്ഥയിലെ വനിതാ പോരാളികളില്‍ എടുത്തുപറയേണ്ട ഒരാള്‍ എടപ്പാള്‍ സ്വദേശി എം.ദേവകിയമ്മയാണ്. കേരളത്തില്‍ ആദ്യമായി പ്രധാന അധ്യപികയ്ക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച ദേവകിയമ്മ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷമാണ് ഭാരതീയ ജനസംഘത്തില്‍ ചേര്‍ന്നത്. വൈകാതെ സംഘത്തിന്റെ സംസ്ഥാന അധ്യക്ഷയായി. സത്യഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ദേവകിയമ്മയെ അറസ്റ്റ് ചെയ്ത് വിയ്യൂര്‍ ജയിലിലടച്ചു. ഭര്‍ത്താവ് മരിച്ച് 41ആം ദിവസമായിരുന്നു അറസ്റ്റ്. ജയിലില്‍ രാഷ്ട്രീയ തടവുകാരിയുടെ പരിഗണന ലഭിച്ചതേയില്ല. പതിമൂന്നരമാസം ക്രിമിനല്‍ കുറ്റവാളികള്‍ക്കൊപ്പമാണ് ദേവകിയമ്മയെ കഴിഞ്ഞത്.

അടിയന്തരാവസ്ഥ തടവുകാർക്കായുളള പോരാട്ടങ്ങൾ

അടിയന്തരാവസ്ഥയില്‍ സോഷ്യലിസ്റ്റുകളുടെ മുന്‍കൈയില്‍ കേരളത്തില്‍ ചില കൂട്ടായ്മകള്‍ രൂപപ്പെട്ടു. ജയിലിലും ഒളിവിലും കഴിയുന്നവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ‘രാഷ്ട്രീയ തടവുകാരുടെ ദുരിതാശ്വാസ നിധി’ പി. വിശ്വംഭരന്റെ മുന്‍കൈയിലാണ് രൂപീകരിക്കപ്പെട്ടത്. യോഹന്നാന്‍ മാര്‍ത്തോമ മെത്രാപോലീത്ത ആയിരുന്നു നിധിയുടെ രക്ഷാധികാരി. സെക്രട്ടറി പി. വിശ്വംഭരന്‍, ചെയര്‍മാന്‍ ഡോ.എം.എം.തോമസ്. തിരുവല്ല ആസ്ഥാനമാക്കി സ്റ്റുഡന്‍റ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ക്ളര്‍ജി ഫോര്‍ ഹ്യൂമന്‍ റൈറ്റസ് എന്നീ സംഘടനകള്‍ക്കും രൂപം നല്‍കി. ഇക്കാലത്ത് 1976 ഒക്ടോബര്‍ 16,17 തീയതികളില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് ഡെമോക്രാറ്റിക് റൈറ്റസ്-പി.യു.സി.എല്‍ആന്‍ഡ് ഡി.ആര്‍)) എന്ന സംഘടന രൂപീകരിക്കപ്പെട്ടു. കേരളത്തില്‍ 1976 നവംബര്‍ 14 ന് സംഘടനയുടെ കേരള ഘടകം രൂപീകരിക്കപ്പെട്ടു. എറണാകുളത്ത് ചേര്‍ന്ന യോഗത്തില്‍ ഡോ.എം.എം.തോസിനെ പ്രസിഡന്‍റായും പി.വിശ്വംഭരനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.ലക്ഷ്മി എന്‍. മേനോന്‍, സി. നാരായണപിള്ള എന്നിവരും സമിതി അംഗങ്ങളായിരുന്നു. ഈ സമിതി കേരളത്തിലെമ്പാടും ജില്ലാ ഘടകങ്ങള്‍ രൂപീകരിച്ചു. സെമിനാര്‍ പരമ്പരകള്‍ സംഘടിപ്പിച്ചു. നാല്‍പതാം ഭരണഘടനാ ഭേദഗതി ബില്ലിനെക്കുറിച്ച് ഹാളിനുള്ളില്‍ യോഗങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് ഉപയോഗപ്പെടുത്തിയായിരുന്നു സെമിനാറുകള്‍.
തിരുവനന്തപുരത്ത് സെമിനാര്‍ നിശ്ചയിച്ചത് സെക്രട്ടേറിയറ്റിന് അടുത്തുളള സേവിയേഴ്സ് അനകസ് ഹാളിലാണ്. ഇവിടെ നടക്കുന്ന സെമിനാറില്‍ അവതരിപ്പിക്കാനുള്ള പ്രമേയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ എം.എല്‍.എ ഹോസ്റ്റലില്‍ എം.എല്‍.എമാരാടക്കം ഒത്തുകൂടി. എ.കെ.ജി, ഇ.എം.എസ്, സംഘടനാ കോണ്‍ഗ്രസ് നേതാവ് ടി.ഒ. ബാവ, കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.ജോര്‍ജ്, പി. വിശ്വംഭരന്‍ എന്നിവരാണ് ഒത്തുകൂടിയത്. യോഗത്തിനിടയില്‍ പി.യു.സി.എല്‍ സെമിനാര്‍ നിരോധിച്ച വിവരം എല്ലാവരും അറിഞ്ഞു. നിരോധനം ലംഘിച്ച് പ്രകടനം നടത്താന്‍ എ.കെ. ജി നിര്‍ദേശിച്ചു. കേരള കോണ്‍ഗ്രസ് പ്രകടനത്തില്‍ നിന്ന് വിട്ടു നിന്നു. എന്നാല്‍, എ.കെ.ജി, ഇ.എം.എസ്., ടി.ഒ.ബാവ തുടങ്ങിയ നാല്‍പതോളം പേര്‍ തിരുവനന്തപുരത്ത് പ്രകടനം നടത്തി. ജാഥ തുടങ്ങുമ്പോള്‍ തന്നെ നിരോധനം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. നിരോധന ഉത്തരവ് കാണിക്കാന്‍ എ.കെ. ജി. ആവശ്യപ്പെട്ടു. ഉത്തരവ് എടുക്കാന്‍ ചില പൊലീസുകാര്‍ സ്റ്റേഷനിലേക്ക് പോയി. ഉത്തരവ് കൊണ്ടുവരുമ്പോള്‍ പ്രകടനം നിര്‍ത്തുന്ന കാര്യം ആലോചിക്കാം എന്ന് എ.കെ.ജി വ്യക്തമാക്കി. രക്തസാക്ഷി മണ്ഡം കടന്ന് സ്പെന്‍സര്‍ ജംഗ്ഷനില്‍ ജാഥ എത്തി. അവിടെ പൊലീസുകാര്‍ ജാഥ വടം കെട്ടി തടഞ്ഞു. എല്ലാവരെയും അറസ്റ്റ് ചെയ്തതു. വൈകുന്നേരം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ശിക്ഷിക്കാന്‍ വകുപ്പില്ലെന്ന് വ്യക്തമാക്കി കോടതി എല്ലാവരെയും വിട്ടയച്ചു. അടിയന്തരാവസ്ഥയില്‍ നടന്ന ഏറ്റവും വിജയകരമായ ജാഥകളിലൊന്നായിരുന്നു അത്.

സൂചിക
1. പയ്യന്നൂര്‍ കോളജിലെ 16 പോരാളികള്‍ അഥവാ അടിയന്തരാവസ്ഥയുടെ ഗതികിട്ടാ പ്രേതങ്ങള്‍, ഗോദവര്‍മരാജയുമായി നടത്തിയ അഭിമുഖം, മാധ്യമം ദിനപത്രം, 2015 ജൂണ്‍ 25.

2, 3.ആന്‍റി ഇന്ദിര, കെ.വി.കല, മാതൃഭൂമി വാരാന്തപ്പതിപ്പ്, 2017 ജൂലൈ 9.
4. ‘കുലസ്ത്രീയും’ ‘ചന്തപ്പെണ്ണുങ്ങളും’ ഉണ്ടായതെങ്ങനെ, ജെ. ദേവിക, സി.ഡിറ്റ്, പേജ് 232.
5. നിയമസഭാ നടപടിക്രമങ്ങള്‍, 1975 ഓഗസ്റ്റ് 9

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: 43 years after declaration of emergency resistance struggles in kerala

Best of Express