scorecardresearch
Latest News

സിമോണയുടെ പല്ലുകളും വനജയുടെ ഡ്രാക്കുളയുടെ മകളും

“മൂടൽമഞ്ഞും വവ്വാൽ നിഴലും ഇടനാഴിയിൽ വ്യാപിച്ചു. വനജയുടെ പിൻകഴുത്തിലെ മുറിവിൽനിന്ന് ചോരത്തുള്ളികൾ പൊടിഞ്ഞു. നിലവറയിലെ ഇരുട്ടിലേക്കു കൂപ്പുകുത്തിയ എന്നെ എതിരേറ്റത്, സുഖനിദ്രയിലാണ്ട ഡ്രാക്കുളപ്രഭുവിന്റെ ശവപേടകമായിരുന്നു.” ജീവിതത്തിലെ വിവിധ കാലങ്ങളിലെ ഡ്രാക്കുള അനുഭവത്തെ കുറിച്ച് ഷിമ്മി തോമസ് എഴുതുന്നു

സിമോണയുടെ പല്ലുകളും വനജയുടെ ഡ്രാക്കുളയുടെ മകളും
ചിത്രീകരണം : വിഷ്ണു റാം

തുറന്ന മൈതാനത്ത് അക്ഷമരായി കാത്തിരിക്കുന്ന ഞങ്ങളുടെ ഇടയിലേക്ക് അദൃശ്യനായ അനൗൺസറുടെ വാക്കുകൾ. “അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുകയാണ്. ആലപ്പി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന,’ഡ്രാക്കുള.’ ദേവാലയ പരിസരത്തെ ലൈറ്റുകൾ അണച്ചുതന്ന് ഞങ്ങളോട് സഹകരിക്കണ മെന്ന് അഭ്യർത്ഥിക്കുന്നു.”

പാലാവയൽ സെന്റ് ജോൺസ് ഹൈസ്കൂൾ ഗ്രൗണ്ട് ആണ് വേദി. നീളൻ ബെല്ലിനൊപ്പം ചുവപ്പിൽ നീലക്കരയുള്ള കർട്ടൻ മെല്ലെയുയർന്നു. സ്റ്റേജിൽ നിറഞ്ഞ് ഡ്രാക്കുളയുടെ മുഖമുള്ള വലിയൊരു ചിത്രം. പടക്കം പൊട്ടുന്ന ശബ്ദത്തിനൊപ്പം ആ ചിത്രം പല കഷ്ണങ്ങളായി ചിതറിത്തെറിക്കുന്നു. നിവർത്തിപ്പിടിച്ച കൈകളിൽ യുവതിയെയും എടുത്ത് പതുക്കെ നടന്നുവരുന്ന ഒരാൾ.

സ്പോട്ട് ലൈറ്റ് അവരിലേക്ക് തെളിയുന്നു. മുഖത്തേക്ക് മുകളിൽ നിന്നുള്ള ചുവന്ന ലൈറ്റ്. ഡ്രാക്കുളയുടെ അട്ടഹാസം അന്തരീക്ഷത്തിൽ മുഴങ്ങി. വെളിച്ചം മെല്ലെ പിൻവാങ്ങുന്നതിനൊപ്പം തിളങ്ങുന്ന രണ്ടു കണ്ണുകൾ, തേറ്റപ്പല്ലുകൾ. ഞാൻ ബിനോപാപ്പന്റെ കൈകളിൽ മുറുകെപ്പിടിച്ചു, കണ്ണുകളടച്ചു.

പിന്നെയുള്ള രംഗങ്ങളിൽ ജൊനാഥനൊപ്പം കാണുന്നത് സുന്ദരനായ ഡ്രാക്കുള പ്രഭുവിനെയാണ്. അന്നുമിന്നും ഒട്ടും പേടി തോന്നാത്ത ഒരാൾ. രാത്രിയെയും പകലിനെയും തന്റെ സഞ്ചാരപഥങ്ങൾക്കനുസരിച്ചു വേർതിരിച്ച ഒരാൾ. പൈശാചിക ഭാവത്തിലേക്കുള്ള മാറ്റത്തിന് മുന്നോടിയായി സ്റ്റേജിൽ രണ്ട് പ്രേതരൂപികൾ പ്രത്യക്ഷപ്പെടും. മറ്റാർക്കും ഇവരെ കാണാനാവില്ല.

കുതിര ക്കുളമ്പടിയെയും ചെന്നായയുടെ ഓരിയിടലിനെയും രാത്രിയാമങ്ങളെയും അവർ പ്രതിനിധാനം ചെയ്യുന്നു. സ്ട്രോബ് ലൈറ്റ്കളുടെയും കളർ ഫിൽറ്ററു കളുടെയും സഹായത്തോടെ പിന്നിലെ രംഗപടത്തിൽ ചെന്നായ്ക്കൂട്ടങ്ങൾ തിമിർത്തുനടന്നു. പുസ്തകം വായിച്ചതിന്റെ ധൈര്യത്തിൽ നാടകം കാണാനിറങ്ങിയതിന്റെ ആവേശം തണുത്തുറഞ്ഞു. ഇടവേളയിൽ ബിനോപാപ്പൻ വാങ്ങിത്തന്ന, പോക്കറ്റിലിട്ട ഇഞ്ചിമിട്ടായിയും ചൂടുകടലയും മറവിയിലാഴ്ന്നു.

അവസാനരംഗം വരെയും നിലനിർത്തിയ ആകാംക്ഷയ്ക്കൊടുവിൽ, ഭീതിയുടെ ചെറുകണികകൾ അരിച്ചിറങ്ങുന്നു. ശവപ്പെട്ടിക്കുള്ളിൽ കിടക്കുന്ന ഡ്രാക്കുളയുടെ നെഞ്ചിലേക്ക് കുരിശാകൃതിയുള്ള, കൂർപ്പിച്ച മരക്കുറ്റി അടിച്ചുകയറ്റുന്നു. എഴുന്നേൽക്കുവാനുള്ള ശ്രമത്തിനും ദുർബലമായ ചെറുത്തുനിൽപ്പിനുമൊടുവിൽ താഴേയ്ക്ക് വീഴുന്ന ഡ്രാക്കുള. കർട്ടൻ ഒന്ന് താഴ്ന്ന് തുടങ്ങുന്ന പ്രതീതി.

കാണിക്കൂട്ടം ഇളകിത്തുടങ്ങി. പെട്ടെന്ന്, ഒരലർച്ചയോടെ അരയ്ക്കുമുകളിലേക്ക് ഉയർന്നുവരുന്ന ഡ്രാക്കുള. പ്രകമ്പനം കൊള്ളുന്ന ശവപ്പെട്ടി. മുഖത്തേക്ക് സ്പോട്ട് ലൈറ്റ് വീഴുന്നു. മാഞ്ഞു തുടങ്ങുന്ന ദ്രംഷ്ടകൾക്കൊപ്പം അടയുന്ന കണ്ണുകൾ. സുന്ദരപ്രഭുവിന്റെ ശാന്തമായ മുഖം. ഡ്രാക്കുളയെ,നിലവറയിലെ ആ ശവപ്പെട്ടിക്കുള്ളിൽ മുദ്രവെച്ച് എന്നെന്നേക്കുമായി അടയ്ക്കുന്നതോടെ നാടകം പൂർണ്ണമാകുന്നു.

“നല്ല ഉറക്കച്ചടവ്. ഞാൻ പള്ളീത്തന്നെ കൂടുവാ. കാലത്തുള്ള വണ്ടി പിടിച്ചോളാം.”

“എന്നാപ്പിന്നെ, അങ്ങനെയാട്ടെ…” കൂട്ടത്തിലൊരാൾ കാലുമാറിയതോടെ, ഞങ്ങൾ അഞ്ചുപേരടങ്ങിയ സംഘം തിരിച്ചു നടന്നുതുടങ്ങി. ബിനോപാപ്പനാണ് ഗാങ് ലീഡർ. ഗാന്ധിമൈതാനിയിൽ നടന്ന, കലാനിലയത്തിന്റെ, ‘രക്തരക്ഷസ്സും’ ‘കടമറ്റത്തു കത്തനാരും’ ശ്വാസമടക്കിപ്പിടിച്ച് കണ്ടയാളാണ്. ഒറ്റയ്ക്ക്, ഒരിടത്തിരുന്ന് അത് കണ്ടുതീർത്തതിനുള്ള പ്രത്യേക ക്യാഷ് പ്രൈസ് കിട്ടിയ ആൾ. ഗ്രാമത്തിലെ ഒരേ ഒരു ധൈര്യശാലി. ടോർച്ച് മിന്നിച്ച് സ്ത്രീകളും കുട്ടികളുമടങ്ങിയ ചെറുസംഘങ്ങൾ ഞങ്ങളെ കടന്നുപോയി.

“എടാ ഉവ്വേ, വാ വട്ടമുള്ള രണ്ട് ചിരട്ടെയെടുത്തേ.” ബിനോപാപ്പനാണ്. മെഴുകുതിരിവെളിച്ചം കെടാതിരിക്കാനായി റബ്ബർതോട്ടത്തിൽ നിന്നെടുത്ത ചിരട്ട, തിരിക്കൊപ്പം പിടിച്ചു. മങ്ങിയ നിലാവുള്ള രാത്രി. ചീവിടുകളും ഉറക്കം കിട്ടാത്ത തെരുവുനായ്ക്കളും ഉണ്ടാക്കുന്ന ശബ്ദം മാത്രം. ഇടയ്ക്ക് മൂത്രശങ്ക തീർത്ത് ഞങ്ങൾ മുൻപോട്ട് നടന്നു.

ഇനിയുള്ളത് മൺപാതയാണ്. മൂന്നേക്കർ തോട്ടത്തിന് നടുവിലൂടെയുള്ള കുറുക്കുവഴി. ദൂരെ നടുറോഡിൽ രണ്ടാൾപ്പൊക്കത്തിൽ ഒരു നിഴൽരൂപം. കാറ്റിൽ, തലയിൽ മറച്ച നീളൻതൊപ്പി ഇളകു ന്നുണ്ട്. ചുറ്റും പുകമണം. മുന്നിൽ നടന്ന ബിനോപാപ്പൻ വെട്ടിയിട്ടപോലെ വീണു. ഒരു നിമിഷത്തേക്ക് ഞങ്ങൾ മരവിച്ചു നിന്നു. തിടുക്കത്തിൽ തോർത്ത് കൊണ്ട് വീശിയതും, വെള്ളം തളിച്ചതും രക്ഷയായി. ചെറിയൊരു ഉണർവ് ലഭിച്ച ബിനോപാപ്പൻ എണീറ്റു.

മാവേലെറിഞ്ഞുള്ള ഉന്നം വെച്ച്, നിഴൽരൂപ ത്തിന്റെ തലയ്ക്കു നേരെ ഉരുളൻ കല്ലുകൾ എറിഞ്ഞു. മുഖംമൂടിയും വാഴക്കച്ചി കൾ കൊണ്ടുണ്ടാക്കിയ കൈകളും അഴിഞ്ഞുവീണു. നീളൻ മരക്കുറ്റി റോഡിൽ കുത്തിനിർത്തിയതാണ്. നോക്കു കുത്തിയുടെ തല, കള്ളിമുണ്ട്, വാഴക്കച്ചി, തൊലി ചെത്തിവിട്ട തടിയിൽ കരികൊണ്ട വരച്ച നെടുങ്കൻ വരകൾ. ചപ്പില കൂട്ടി തീയിട്ടതിന്റെ അവശിഷ്ടങ്ങൾ.

മുന്നോട്ടുനടന്നപ്പോൾ ബിനോപാപ്പൻ അക്കാര്യങ്ങൾ പറഞ്ഞു തന്നു. അവിടെയുള്ള പ്ലാവിൻകൊമ്പിലാണ് നാട്ടിലെ ആദ്യത്തെ തൂങ്ങിമരണം നടന്നത്. വർഷാവർഷം കൊമ്പ് വെട്ടിയൊതുക്കി, ചവറ് ഇറക്കി താഴെയിടും. മറ്റു ശിഖരങ്ങൾ മുറിച്ചെങ്കിലും ആ കൊമ്പ് മാത്രം അങ്ങനെ നിർത്തിയിട്ടുണ്ട്. “ഇവിടെ കണാരൻ കാവലുണ്ട്. ഇതിനുള്ളിൽ ഒന്നും പേടിക്കേണ്ട.” ബിനോപാപ്പന്റെ തണുത്തുറഞ്ഞ കൈകൾ പിടിച്ച്, ഉറക്കപ്പിച്ചിൽ വീടെത്തിയത് മാത്രം ഓർമയുണ്ട്.

രാവിലെ വിളിച്ചെണീൽപ്പിച്ചത് അമ്മാമയാണ്. ചട്ടയുടെയും മുണ്ടിന്റെയും കുണുക്കിന്റെയും പ്രൗഢിയെക്കാളും എനിക്കിഷ്ടം ചിലനേരങ്ങളിലെ അമ്മാമയുടെ വെളുത്തുള്ളി മണമാണ്. പുതുമഴ പെയ്യുന്ന സമയങ്ങളിൽ വീടിനുചുറ്റും വെളുത്തുള്ളി ചതച്ചിടുകയും കായവും വെളുത്തുള്ളി മിശ്രിതവും കോലായിലും ഇരുണ്ട ചായ്‌പിലും തേച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു. പാമ്പുകളെ അകറ്റാനാണെന്ന് അമ്മാമ പറഞ്ഞു തരും.

ഗീവർഗീസ് സഹദായുടെ കുന്തം പിടിച്ചുള്ള, ഫ്രെയിം ചെയ്ത ചിത്രവും മുൻവശത്തുണ്ട്. അത്തരം സംരക്ഷിതവലയത്തിലിരുന്ന് ഡ്രാക്കുള വായിച്ച് തീർത്തതിനാൽ പ്രത്യേകിച്ച് പേടിയൊന്നും തോന്നിയില്ല.അമ്മാമയുടെ കല്ലറയ്ക്ക് ചുറ്റും ആരുംകാണാതെ ഞാൻ വെളുത്തുള്ളി കൊണ്ടിട്ടിട്ടുണ്ട്. ദുരാത്മാക്കളുടെ കൂട്ടത്തെ അമ്മാമ അകറ്റിനിർത്തട്ടെ.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ ഡ്രാക്കുള വായിച്ചു തീർത്തത്. രാത്രി പത്തു മണിക്കുശേഷം വായിക്കരുതെന്നുപറഞ്ഞ ലൈബ്രറിയനെ വിശ്വസിച്ച്, വായന പകൽ മാത്രമായിരുന്നു. പുസ്തകത്തേക്കാളും പേടിപ്പിച്ചത് നാടകത്തിലെ ഡ്രാക്കുളയായിരുന്നു. അക്കാലത്ത്, സ്കൂളിൽവെച്ചു സിമോണയോട് ഇതെക്കുറിച്ച് പറഞ്ഞു. അവൾ വിശ്വാസം വരാതെ എന്നെ നോക്കി. “അതൊക്കെ മോശം പുസ്തകങ്ങളല്ലേ?”

അവൾ ചിരിച്ചു. ഉളിപ്പല്ലുകൾക്കപ്പുറം രണ്ട് കോമ്പല്ലുകൾ വെളിവായി. “നീ ഇങ്ങനെ ചിരിക്കരുത് “. ഞാൻ കളിയായി പറഞ്ഞു. മുഖം കൊണ്ട് ഒരു കോക്രി കാണിച്ച് അവൾ തിരിഞ്ഞുനടന്നു.

സ്കൂൾ യുവജനോത്സവത്തിലെ ടാബ്ലോയ്ക്ക് അവൾ എന്നെ ഞെട്ടിച്ചുകളഞ്ഞു. ലേഡി ഡ്രാക്കുളയുടെ വേഷമാണ് അവൾ ചെയ്തത്. അഞ്ചു സുന്ദരികൾ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന പെൺകൂട്ടത്തിലെല്ലാവരും സ്റ്റേജിൽ കയറി. “ഡ്രാക്കുളയ്ക്കു ശേഷം, ലേഡി ഡ്രാക്കുള”, എന്ന അനൗൺസ്‌മെന്റോടെയുള്ള നിശ്ചലദൃശ്യം. എന്റെ കഥയും നാടക കഥയും അതേപടി പകർത്തി അവൾ സമ്മാനം നേടി.

ശവപ്പെട്ടിയിൽ മരിച്ചുകിടക്കുന്ന ഡ്രാക്കുള, ചെന്നായ് മുഖം, വവ്വാൽ നിഴൽ. ഏറ്റവും മുന്നിലായി പ്ലാസ്റ്റിക്ക് പല്ലുകൾ നീട്ടി, ചോരയിറ്റിച്ച് നിന്ന സിമോണ. കഴുത്തിലെ രണ്ട് ചെറുമുറിവുകളുമായി കസേരയിൽ ചാഞ്ഞിരിക്കുന്ന ആൺരൂപം. ഗ്രീൻറൂം വഴി പുറത്തിറങ്ങിയ അവൾ എന്റെ പിൻകഴുത്തിൽ വിരലുകൾ കൊണ്ട് കുത്തി. “ഒരു തുള്ളി ചോര ഞാനെടുക്കട്ടേ?”

മറ പിടിച്ച പുഞ്ചിരിയുമായി നിന്ന അവൾ ഉള്ളിലേറെ സന്തോഷിക്കുന്നുണ്ടെന്നു തോന്നി. രണ്ടാഴ്ചയ്ക്കുള്ളിൽ ദന്തഡോക്ടർ അവളുടെ പല്ലുകൾക്ക് ബ്രേസ് ഇട്ടു. ഉന്തിവരുന്ന പല്ലുകളെ നിരയൊപ്പിച്ച്, അവൾ സ്കൂളിലെ ‘ഡ്രാക്കു ‘ വിളിയിൽനിന്ന് മോചിതയായി. എന്റെ രാത്രികാല സ്വപ്നങ്ങളിൽ നിറഞ്ഞുനിന്ന ആ പല്ലുകളെയും ചിരിയേയുമാണ്, കുറേക്കാലത്തേക്ക് അവൾ വിസ്മൃതിയിലാക്കിയത്.

അമേരിക്കയിൽ ഡെന്റിസ്റ്റായി പ്രാക്റ്റീസ് ചെയ്യുന്ന സിമോണയുടെ പക്കൽ പല്ലുകളുടെ ഒരു ശേഖരമുണ്ട്. ഈയിടെ കണ്ടപ്പോൾ അവൾ പറഞ്ഞു “രണ്ട് ഡ്രാക്കുളപ്പല്ലുകൾ ഞാനെടുത്ത് വച്ചിട്ടുണ്ട്, നിനക്ക് തരാൻ. സ്വപ്നജീവിക്ക്, ലേഡി ഡ്രാക്കുളയുടെ വക.”

വർഷങ്ങൾക്കുശേഷമാണ് ഡ്രാക്കുളയുടെ മകളെക്കുറിച്ച് കേൾക്കുന്നതും അവിചാരിതമായി കാണുന്നതും. ജോലി കിട്ടിയ ആദ്യനാളുകളിലൊന്നിലെ പനിക്കോൾ ദിനങ്ങൾ. സ്വരാജ് റൗണ്ടിൽ, കറന്റ് ബുക്സിനോട് ചേർന്നുള്ള നിരയിൽ ചൂട് കഞ്ഞിയും പയറും പപ്പടവും കിട്ടുന്ന ഒരിടത്തരം ഹോട്ടലുണ്ട്. മൂന്നുദിവസം ഉച്ചയ്ക്ക് അതായിരുന്നു ഒരാശ്വാസം.

അവിടെ സ്ഥിരമായി വരുന്നവർ പലരുമുണ്ട്. കറന്റ് ബുക്ക്സിലെ ന്യൂസ് ലെറ്റർ വർത്തമാനങ്ങൾ മറ്റൊരു പ്രലോഭനമായിരുന്നു. അത്തരമൊരു ഉച്ചഭക്ഷണവേളയിലാണ് ‘വനജ’ എന്ന പേര് കേൾക്കുന്നത്, അവിടെ വെച്ചു കാണുന്നത്. പണം കൊടുത്തിറങ്ങുമ്പോൾ അയാൾ എന്നോടായി പറഞ്ഞു.” വായിക്കാൻ പുസ്തകങ്ങൾ വേണോങ്കി വനജ തരും. പുതിയ പുസ്തകങ്ങൾ. ഓരോരുത്തർ കൊടുക്കുന്നതാണ്. അവളതൊന്നും വായിക്കാറില്ല. എന്നാലൊട്ടു കളയാറുമില്ല.” നമ്മുടെ ആളാണെന്നും വായന പ്രാന്തനാണെന്നും അയാൾ എന്നെ വനജയ്ക്ക് പരിചയപ്പെടുത്തി.

വനജയുടെ ബാഗിൽ എപ്പോഴും ഒരു പുസ്തകമുണ്ടായിരുന്നു. കോട്ടയം പുഷ്പനാഥിന്റെ ജനപ്രിയ ഡ്രാക്കുള സീരിസിൽ പെട്ട ഒന്ന് ‘ഡ്രാക്കുളയുടെ മകൾ.’ വനജയ്ക്ക് കിട്ടിയ പുസ്തകങ്ങൾ പലപ്പോഴും കൗണ്ടറിൽ ഏൽപ്പിച്ചു. ആവശ്യമുള്ളത് മാത്രം ഞാനെടുത്തു. പിന്നീടൊരിക്കൽ കണ്ടപ്പോൾ ഞാൻ വനജയെ മിനാ ഹാർക്കർ എന്ന് വിളിച്ചു.

“രാത്രീല് കൊണ്ടോണത് പലതരക്കാരാ. ചെലോര് വല്ലാണ്ട് നോവിപ്പിക്കും. വിളിച്ചോണ്ട് പോയിട്ട് കാശും തരില്യ. കുടിക്കമ്പനിക്കാരാണെങ്കി ഞാൻ പുസ്തകോം വായിച്ചിരിക്കും. ഞാൻ കുടിക്കില്യാട്ടോ. ഒറങ്ങാൻ പോണോരെ ഇതുറക്കെ വായിച്ചു കേൾപ്പിക്കും. രണ്ടെണ്ണം അകത്തുചെന്നാ ഇവന്മാരൊക്കെ പേടിത്തൊണ്ടന്മാരാ.” ഇതും പറഞ്ഞ് വനജ പൊട്ടിച്ചിരിച്ചു. ഉപദ്രവക്കാരിൽനിന്ന് രക്ഷനേടാൻ അസമയത്തു സെമിത്തേരിയിൽ കഴിഞ്ഞിട്ടുള്ള ഡ്രാക്കുളയുടെ മകൾ വനജയ്ക്ക് ഇതൊക്കെ നിസ്സാരകാര്യങ്ങളാണ്.

എനിക്ക് വേണ്ട പുസ്തകങ്ങൾ തേടി ഞാൻ അവൾക്കു പിറകെ നടന്ന് ലോഡ്ജിന്റെ ഇടനാഴിയിലെത്തി. അടഞ്ഞ വാതിലുകൾക്ക് മുന്നിൽവച്ചു ആളൊഴിഞ്ഞ ഇടനാഴിയിൽ ഞാൻ അവളെ ചുമരിൽ ചേർത്ത് നിർത്തി കഴുത്തിൽ അമർത്തി ചുംബിച്ചു.

ചുമരിലൂടെ താഴേക്കു ഇറങ്ങിക്കൊണ്ടിരുന്ന പല്ലിയുടെ തിളങ്ങുന്ന കണ്ണുകൾ ജനാലയ്ക്കരികിലെ ചെറുനിഴലിൽ ഉടക്കി. മൂടൽമഞ്ഞും വവ്വാൽ നിഴലും ഇടനാഴിയിൽ വ്യാപിച്ചു. വനജയുടെ പിൻകഴുത്തിലെ മുറിവിൽനിന്ന് ചോരത്തുള്ളികൾ പൊടിഞ്ഞു. നിലവറയിലെ ഇരുട്ടിലേക്കു കൂപ്പുകുത്തിയ എന്നെ എതിരേറ്റത്, സുഖനിദ്രയിലാണ്ട ഡ്രാക്കുള പ്രഭുവിന്റെ ശവപേടകമായിരുന്നു.

Also Read

  • ലോകത്തെമ്പാടും ഭാവനയുടെ രക്തയോട്ടം സൃഷ്ടിച്ച രചനയാണ് ബ്രാം സ്റ്റോക്കാറുടെ ‘ഡ്രാക്കുള.’ ആ പുസ്തകം ലോകത്തു ചിറകു വിരിച്ചു പറക്കാൻ തുടങ്ങിയിട്ട് 125 വർഷം ആകുന്നു. ഡ്രാക്കുളയുടെ വായനയുടെയും സിനിമയുടെയും അനുഭവങ്ങൾ നിങ്ങൾക്കും എഴുതാം. നിങ്ങളുടെ ഡ്രാക്കുള അനുഭവ രചനകൾ iemalayalam@indianexpress.com എന്ന വിലാസത്തിൽ അയക്കുക. സബ്ജക്ട് ലൈനിൽ ‘ഡ്രാക്കുള – ഓർമ്മകൾ’ എന്ന് എഴുതുക.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: 125 years of bram stokers dracula dracula anniversary horror novels shimmy thomas