scorecardresearch
Latest News

ഡ്രാക്കുളയും കുന്നിന്‍ചരിവിലെ വീടും

“വൈദ്യുതവെളിച്ചമുളള വീടുകള്‍ നന്നേ കുറവ്‌. തോന്നുമ്പോഴെല്ലാം കാടിറങ്ങിവന്ന്‌ ആനയും പുലിയും ഉണ്ടാക്കുന്ന അന്തരീക്ഷം വേറെ. അതൊന്നും പോരാതെ കണ്ട പ്ലാവിലും പനയിലും പൊട്ടക്കുളത്തിലും എസ്റ്റേറ്റ്‌ ബംഗ്ലാവിലുമൊക്കെയായി നാട്ടുവര്‍ത്തമാന ത്തിലൂടെ ചിരപരിചിതരായ മായാരൂപികളും. ഇതിനിടയിലേക്കാണ്‌ ഭയത്തിന്റെ കറുത്ത മേലങ്കി വിടര്‍ത്തി ഡ്രാക്കുള പ്രഭുവെത്തിയത്‌.” വയനാട്ടിലെ കൗമാരക്കാല ജീവിതത്തെ മാറ്റിമറിച്ച ഡ്രാക്കുള അനുഭവത്തെ കുറിച്ച് മേരി സാമുവൽ എഴുതുന്നു

ഡ്രാക്കുളയും കുന്നിന്‍ചരിവിലെ വീടും

ചുരം കയറിയെത്തുമ്പോള്‍ കാണാവുന്ന ചങ്ങലക്കെട്ടിലെ കരിന്തണ്ടന്റെ ആത്മാവ്‌ മുതലിങ്ങോട്ട്‌ ഭൂതപ്രേതയക്ഷിപിശാചു കഥകള്‍ക്കൊരു പഞ്ഞവുമില്ലാത്ത, കാലാകാലങ്ങളില്‍ ആ കഥകള്‍ക്കു ചേരുന്ന പശ്ചാത്തലമൊരുക്കുന്ന കാപ്പിപ്പൂ, പാലപ്പൂ മണങ്ങളും മഞ്ഞും മഴയും പിശറന്‍കാറ്റും, കാറ്റില്‍ ചൂളംകുത്തുന്ന കാറ്റാടിമരങ്ങളുമെല്ലാം ചേര്‍ന്ന വയനാട്ടിലായിരുന്നു എന്റെ കുട്ടിക്കാലം.

വികസനവും വിനോദസഞ്ചാരവുമൊന്നും അന്നവിടെ എത്തിനോക്കിയിട്ടില്ല. ടൗണ്‍ വിട്ടാല്‍ വൈദ്യുതവെളിച്ചമുളള വീടുകള്‍ നന്നേ കുറവ്‌. തോന്നുമ്പോഴെല്ലാം കാടിറങ്ങിവന്ന്‌ ആനയും പുലിയും ഉണ്ടാക്കുന്ന അന്തരീക്ഷം വേറെ. അതൊന്നും പോരാതെ കണ്ട പ്ലാവിലും പനയിലും പൊട്ടക്കുളത്തിലും എസ്റ്റേറ്റ്‌ ബംഗ്ലാവിലുമൊക്കെയായി നാട്ടുവര്‍ത്തമാനത്തിലൂടെ ചിരപരിചിതരായ മായാരൂപികളും. ഇതിനിടയിലേക്കാണ്‌ ഭയത്തിന്റെ കറുത്ത മേലങ്കി വിടര്‍ത്തി ഡ്രാക്കുള പ്രഭുവെത്തിയത്‌.

ആകസ്‌മികമായി ആറാം ക്ലാസില്‍ അവസാനിച്ച സ്‌കൂള്‍ജീവിതത്തെ തുടര്‍ന്ന്‌ ആറുവര്‍ഷം നീണ്ട പ്രവാസകാലത്തായിരുന്നു എന്റെ വയനാടൻ ജീവിതം. കൂട്ടിന്‌ പുസ്‌തകങ്ങള്‍ മാത്രം. ടീച്ചറാന്റിയുടെ സഹപ്രവര്‍ത്തകനും ചേട്ടന്മാരുടെ മലയാളം അദ്ധ്യാപകനുമായിരുന്ന പത്മനാഭന്‍ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട പപ്പന്‍ മാഷാണ്‌ ഒരുവേള ഇരുളടഞ്ഞുപോകുമായിരുന്ന എന്റെ ജീവിതത്തിലേക്ക്‌ അക്ഷരവെളിച്ചം പകര്‍ന്നത്‌. മാഷ്‌ എന്നെ മലയാള ഭാഷ പഠിപ്പിച്ചു, ഒപ്പം പുസ്‌തകങ്ങളുടെ വലിയ ലോകവും പരിചയപ്പെടുത്തിത്തന്നു.

തെന്നാലിരാമന്‍ കഥകളില്‍ നിന്നു തുടങ്ങി നീര്‍മാതളം പൂത്ത കാലവും ബാല്യകാല സഖിയും കടന്ന്‌ വായന മുന്നേറുന്നതിനനുസരിച്ച്‌ ഓരോരോ എഴുത്തുകാരെയായി മാഷ്‌ പരിചയപ്പെടുത്തിത്തന്നു. കാരൂരും ഉറൂബും തകഴിയുമെല്ലാം ചേര്‍ന്ന്‌ സ്വച്ഛന്ദമായി മുന്നൊട്ടുപൊയ്‌ക്കൊണ്ടിരുന്ന ഏകാന്തവാസക്കാലത്തെ തലകീഴായി മറിച്ചതും ഒരെഴുത്തുകാരന്‍ തന്നെ. സാക്ഷാല്‍ ബ്രാം സ്‌റ്റോക്കര്‍.

എനിക്കുളള പുസ്‌തകങ്ങള്‍ക്കൊപ്പം ചേട്ടന്‍ വായിക്കാന്‍ കൊണ്ടുവരുന്ന ചില പുസ്‌തകങ്ങള്‍ ചെറിയ കുട്ടികള്‍ വായിച്ചുകൂട എന്ന മുഖവുരയോടെ മൂപ്പര്‍ തലയിണയ്‌ക്കടിയിലേക്ക്‌ തളളും. ധര്‍മ്മപുരാണവും ലേഡി ചാറ്റര്‍ലിയുടെ കാമുകനുമൊക്കെയായിരുന്നു “കുട്ടികള്‍ വായിച്ചുകൂടാത്ത” ആ പുസ്‌തകങ്ങള്‍. എനിക്കനുവദിച്ച പുസ്‌തകങ്ങള്‍ തീരുമ്പോള്‍ തലയിണയ്‌ക്കടിയിലെ മുതിര്‍ന്ന പുസ്‌തകങ്ങളെ മറ്റാരുമറിയാതെ കട്ടുവായിച്ചു. അത്തരമൊരു കട്ടുവായനയിലാണ്‌ ഡ്രാക്കുള പ്രഭു ഭയമെന്നൊരു രാജ്യമുണ്ടെന്ന്‌ വെളിപ്പെടുത്തിത്തന്നത്‌.

ചേട്ടന്മാരും അമ്മയും സ്‌കൂളിലേക്കും പപ്പ ചെടികളെ പരിചരിക്കാനോ മറ്റോ പറമ്പിലേക്കുമിറങ്ങിയ വിജനമായ പകലായിരുന്നു അത്‌. അന്നു ഞങ്ങള്‍ താമസിച്ചിരുന്ന വീടൊരു കുന്നിന്‍ചരിവിലാണ്‌. ഏക്കറുകണക്കിന്‌ വിശാലമായ പറമ്പില്‍ ഞങ്ങളുടെ വീട്‌ മാത്രം. കുന്നിന്റെ മറുചരിവ്‌ പണിയരുടെ ചുടുകാടാണ്‌. കുന്നിനുമുകളിലായി അവരുടെ മലദൈവവുമുണ്ട്‌. അവിടെ പൂജയുളള രാത്രികളില്‍ അവരുടെ കൊട്ടും പാട്ടും വെളുക്കുവോളം കേള്‍ക്കാം.

വീടിരിക്കുന്ന ഇങ്ങേച്ചരിവ്‌ ചെന്നിറങ്ങുന്നത്‌ വയലാണ്‌. വയലിനക്കരെ കാലങ്ങളായി പൂജ മുടങ്ങിക്കിടക്കുന്നൊരു ശിവക്ഷേത്രമുണ്ട്‌. അതിനുപിന്നിലെ കാട്‌ തൂങ്ങിമരിക്കുന്നവരുടെ ഇഷ്ടസങ്കേതമായിരുന്നു. അതിനും പിന്നിലേക്ക്‌ പച്ചയില്‍ തുടങ്ങി നീലയില്‍ ലയിക്കുന്ന കുന്നുകളുടെ നിര. ചുരുക്കത്തില്‍ പകല്‍നേരങ്ങളില്‍ പോലും ഭയം കലര്‍ന്നൊരു നിഗൂഢത നിഴലിക്കുന്ന ഭൂപ്രകൃതിയായിരുന്നു അത്‌.

ജോനാഥന്‍ ഹാര്‍ക്കറിനുണ്ടായ അസാധാരണ അനുഭവങ്ങള്‍ ആകാംക്ഷയോടെ വായിച്ചുതളളി. മിനയും കൂട്ടുകാരി ലൂസിയും കൂടി വന്നതോടെ വായിക്കാനും വയ്യ വായിക്കാതിരിക്കാനും വയ്യ എന്ന അവസ്ഥ. എവിടെയും വന്നെത്താന്‍ കഴിവുളള, ഏതുരൂപവും സ്വീകരിക്കാനാവുന്ന അരൂപി. കണ്ണാടിയില്‍ പ്രതിബിംബം വീഴ്‌ത്താത്തയാള്‍. ചോരമണത്തില്‍ ഉത്തേജിതനാവുന്ന രക്ഷസ്‌… ഭയം കൊണ്ട്‌ വിരലുകള്‍ വിറയ്‌ക്കുന്നത്‌ ഞാനറിഞ്ഞു.

എണ്ണ പുരളാത്ത വിജാഗിരിയും തണുപ്പേറ്റ്‌ ചീര്‍ത്ത വാതില്‍പ്പാളിയും ചേര്‍ന്നുണ്ടാക്കുന്ന കറുകറ ശബ്ദത്തോടെ എനിക്കു പിന്നില്‍ വാതില്‍ തുറന്നതും “അയ്യോമ്മേ” എന്നു കാറി വിളിച്ചതും ഒരുമിച്ച്‌ കഴിഞ്ഞു. പപ്പ ചോറുണ്ണാന്‍ വന്നതായിരുന്നു! പരിസരബോധമില്ലാതെയാണോ പുസ്‌തകപാരായണം എന്നുചോദിച്ച്‌ അപ്പന്‍ അടുക്കളയിലേക്കു പോയതും പുസ്‌തകം അടക്കാന്‍ പോലും മറന്ന്‌ ഞാനും പുറകേ ചെന്നു.

ഭയത്തിന്റെ പുതിയൊരു ലോകംതന്നെ മുന്നില്‍ അവതരിക്കുകയായിരുന്നു പിന്നീട്‌. വിറ്റ്‌ബി തീരത്ത്‌ നാഥനില്ലാതെ വന്നണഞ്ഞ കപ്പലില്‍ നിന്നിറങ്ങിയോടിയ ആ കറുത്ത നായ പരിസരത്തെവിടെയോ ഉണ്ടെന്ന്‌ എനിക്കു തോന്നി. വല്ലവിധേനയും പകല്‍ കഴിച്ചു. ശരിയായ പരീക്ഷണം തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുളളു. കക്കൂസും കുളിമുറിയുമൊക്കെ മുറ്റത്തിന്റെ അതിരിലായിരുന്ന അപരിഷ്‌കൃതവീടായിരുന്നു ഞങ്ങളുടേത്‌. കറന്റുമില്ല. ഒമ്പത് മണി കഴിഞ്ഞാല്‍ ചേട്ടന്മാരുടെ മുറിയില്‍ മാത്രമാണ്‌ മണ്ണെണ്ണ വിളക്കിലെ വെളിച്ചമുണ്ടാവുക. അന്ന്‌ പതിവിന്‌ വിപരീതമായി കിടക്ക വിരിക്കാന്‍ പോകാതെ ചേട്ടന്മാരുടെ മുറിയില്‍ ചുറ്റിപ്പറ്റി നിന്നിരുന്ന എന്നെ മൂത്ത ചേട്ടന്‍ കയ്യോടെ പൊക്കി. ഡ്രാക്കുളക്കഥ വായിച്ച്‌ പേടിച്ചാണ്‌ ഉറങ്ങാന്‍ പോകാതെ കറങ്ങിനില്‍ക്കുന്നതെന്ന്‌ ആ “നിര്‍ദയന്‍” അമ്മയോട്‌ വെളിപ്പെടുത്തുകയും ചെയ്‌തു. അടുക്കള വൃത്തിയാക്കിക്കഴിഞ്ഞ്‌ വരുമ്പോഴേക്കും പായ വിരിച്ചോളണമെന്ന സുഗ്രീവാജ്ഞ എനിക്കും പിളേളര്‌ പേടിക്കുന്ന പുസ്‌തകങ്ങളൊക്കെ വീട്ടിനകത്തു കേറ്റിയതിന്‌ അവനും വയറുനിറച്ച്‌ കിട്ടി.

ചില്ലോടിലൂടെ പാല്‍നിലാവുപാളി കിടക്കയിലേക്കുവീഴാന്‍ പാകത്തിനാണ്‌ അന്നോളം പായവിരിച്ചിരുന്നത്‌. ആ ശീലം അന്നത്തോടെ മാറ്റി. എന്നു മാത്രമല്ല നിലാവെട്ടം തിളങ്ങുന്ന ആ ചില്ലുചതുരത്തിലേക്ക്‌ അറിയാതെ പോലും നോക്കാതിരിക്കാന്‍ തലവഴി പുതപ്പിട്ടുമൂടി. കൂടുതല്‍ അശുഭ സംഭവങ്ങളൊന്നും ഉണ്ടാവാതെ നേരം വെളുത്തു.

ധൈര്യമുണ്ടെങ്കില്‍ ബാക്കികൂടി വായിക്കാന്‍ വെല്ലുവിളിച്ച്‌ ചേട്ടന്‍ പുസ്‌തകം പുറത്തുവെച്ചിട്ട്‌ പോയി. ഇതൊക്കെ വെറും കെട്ടുകഥകളല്ലേ, പുസ്‌തകം വായിച്ച്‌ ആരെങ്കിലും പേടിക്കുമോ എന്ന്‌ പപ്പ കളിയാക്കി. എന്തുവായിച്ചാലും വിരോധമില്ല, രാത്രി ഇവിടെ നാടകം കളിക്കരുതെന്ന താക്കീതില്‍ അമ്മയും പോയി. പകലും ഞാനും ഡ്രാക്കുളയും മാത്രമായി. കോട്ടയം പുഷ്‌പനാഥിന്റെ നോവല്‍ പോലൊരു വെറും നോവല്‍ എന്ന്‌ സാഹചര്യത്തിനെ ലഘൂകരിച്ച്‌ വായന തുടര്‍ന്നു.

പ്രൊഫസര്‍ വാന്‍ഹെല്‍സിങ്ങും കൂട്ടരും ട്രാന്‍സില്‍വാനിയയിലെത്തി ഡ്രാക്കുളയെ ഇല്ലാതാക്കുകയും മിനയും ജോനാഥനും സന്തുഷ്ടരായി ശിഷ്ടജീവിതത്തിലേക്ക്‌ മടങ്ങുകയും ചെയ്‌തെങ്കിലും കുറച്ചുകാലത്തേക്ക്‌ എന്റെ ജീവിതം ദയനീയമായിരുന്നു എന്നുവേണം പറയാന്‍. തൊട്ടപ്പുറത്തെ തഹസില്‍ദാരുടെ പറമ്പില്‍ അകാലത്തില്‍ മരിച്ച അയാളുടെ മകനെ അടക്കിയ കല്ലറയുണ്ട്‌. ശവപ്പെട്ടിയിലാണ്‌ ഡ്രാക്കുളയുടെ പകലുറക്കം എന്നു വായിച്ചതോടെ ആ കല്ലറയ്‌ക്കരികിലൂടെയുളള പാല്‌ വാങ്ങാന്‍ പോക്കിന്‌ തീരുമാനമായി.

പ്രാണനാഡിയില്‍ ദന്തമുനകളിറക്കി ചുടുരക്തമൂറ്റുന്ന ഡ്രാക്കുളയ്‌ക്ക്‌ പകല്‍ ശക്തിയില്ല എന്നുളളത്‌ വലിയ ആശ്വാസമായിരുന്നെങ്കിലും രാത്രികള്‍ കീറാമുട്ടിയായി തുടര്‍ന്നു. എങ്ങാനും വന്ന്‌ തൊണ്ടക്കുഴിയില്‍ പല്ലുതാഴ്‌ത്തിയാല്‍ ലൂസി വെസ്റ്റന്‍ഡയുടെ ഗതിയായിരിക്കില്ലേ എനിക്കും! വെളുത്തുളളിക്ക്‌ പൂവുണ്ടോ എന്നൊക്കെ ചിന്തിക്കുന്നതുതന്നെ അപ്പോഴാണ്‌. സി എസ്‌ ഐക്കാരായ ക്രിസ്‌ത്യാനികളുടെ വീട്ടിലുണ്ടോ കൊന്തയും കുരിശും! ആകെയുളളത്‌ ചട്ടയില്‍ ചെറിയൊരു കുരിശു ആലേഖനം ചെയ്‌ത ബൈബിളാണ്‌. തലയിണക്കീഴില്‍ അതുവെച്ചായിരുന്നു പിന്നത്തെ ഉറക്കം.

ഏറ്റവും വലിയ പ്രതിസന്ധി അത്താഴത്തിനു ശേഷമുളള പല്ലുതേപ്പും മൂത്രമൊഴിക്കാന്‍ പോക്കുമായിരുന്നു. അതുവരെ ആകാശത്തെ നക്ഷത്രമെണ്ണി പല്ലുതേച്ചിരുന്ന ഞാന്‍ ഇറയത്തു നിന്നിറങ്ങാതെ പല്ലുതേച്ചെന്നു വരുത്തും. പക്ഷെ കുളിമുറിയിലേക്കു പോകാന്‍ ആരുടെയെങ്കിലും കൂട്ട്‌ വേണം. പിന്നില്‍ നിന്നാണ്‌ ഡ്രാക്കുളയുടെ അക്രമണം എന്നുളളതുകൊണ്ട്‌ വിളക്കുമായി പിന്നാലെ നടന്നാല്‍ മതിയെന്ന്‌ ചേട്ടനെ ചട്ടം കെട്ടും. ആ കശ്‌മലനാകട്ടെ പിന്നില്‍ നിന്ന്‌ പേടിപ്പിക്കുന്ന തരത്തിലുളള ശബ്ദമുണ്ടാക്കും.

അങ്ങനെ പേടിച്ചും വിറച്ചും ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. അടുത്ത മഴക്കാലത്തോടെ വൈദ്യുതീകരിച്ച, റോഡരികിലുളള പുതിയ വാടകവീട്ടിലേക്ക്‌ താമസവും മാറി. പ്രേതകഥകളും സിനിമകളും പിന്നെയുമേറെ വന്നുപോയി. ഡ്രാക്കുളയോളം ജീവിതപരിസരവുമായി ചേർന്ന് പേടിച്ചുവിറ(പ്പി)ച്ച ഒരു കഥയും അതിനുമുമ്പും പിമ്പും ഓര്‍മ്മയിലുണ്ടായിട്ടില്ല.

  • ലോകത്തെമ്പാടും ഭാവനയുടെ രക്തയോട്ടം സൃഷ്ടിച്ച രചനയാണ് ബ്രാം സ്റ്റോക്കാറുടെ ‘ഡ്രാക്കുള.’ ആ പുസ്തകം ലോകത്തു ചിറകു വിരിച്ചു പറക്കാൻ തുടങ്ങിയിട്ട് 125 വർഷം ആകുന്നു. ഡ്രാക്കുളയുടെ വായനയുടെയും സിനിമയുടെയും അനുഭവങ്ങൾ നിങ്ങൾക്കും എഴുതാം. നിങ്ങളുടെ ഡ്രാക്കുള അനുഭവ രചനകൾ iemalayalam@indianexpress.com എന്ന വിലാസത്തിൽ അയക്കുക. സബ്ജക്ട് ലൈനിൽ ‘ഡ്രാക്കുള – ഓർമ്മകൾ’ എന്ന് എഴുതുക

.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: 125 years of bram stokers dracula dracula anniversary horror novels mary samual