scorecardresearch
Latest News

ഡ്രാക്കുളയെ പൂട്ടിയിട്ട കൊറോണ

“കൊടും തണുപ്പും മൂടൽ മഞ്ഞും കുതിരക്കുളമ്പടിയും കൂരിരുട്ടിൽ ദൂരെ ആടുന്ന റാന്തൽ വിളക്കും ഒക്കെ ചേർന്ന ഒരു അന്തരീക്ഷം മാത്രം മനസ്സിലുണ്ട്.” വെയില്‍സില്‍ നിന്നും ഡ്രാക്കുളയെ കാണാൻ നടത്തിയ യാത്രയെ കുറിച്ച് മഹേഷ് നായർ എഴുതുന്നു

ഡ്രാക്കുളയെ പൂട്ടിയിട്ട കൊറോണ

കൊറോണയ്ക്കു മുന്പുള്ള മാസ്കുകളില്ലാത്ത ലോകം. അതിലൊരിക്കൽ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ നിന്നും ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കുള്ള ഒരു ട്രെയിൻ യാത്രയ്ക്കിടയിലാണ് റൊമേനിയക്കാരൻ ഡേവിഡിനെയും കാമുകി സ്വിറ്റ്സർലൻഡ്കാരി ടമാരയെയും ഞാനും ഭാര്യയും കണ്ടുമുട്ടുന്നത്. സ്വീറ്റ്സർലൻഡിൽ നിന്നു യാത്ര തുടങ്ങിയ അവർക്കു ഞങ്ങളെക്കാള്‍ കൂടുതൽ ദൂരം പോകാനുണ്ട്. റൊമേനിയയിലെ ബ്രാഷോവിലേയ്ക്ക്. അവിടെയാണ് ഡേവിഡിന്റെ നാട്.

കാർപേത്തിയൻ മലകളിലാണ് ബ്രാഷോവ് എന്നു ഡേവിഡ് പറഞ്ഞപ്പോൾ എനിക്കു ഓർമ വന്നത് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള പ്രഭുവിനെയും കോട്ടയം പുഷ്പനാഥിന്റെ മാർക്ക്സിനിനെയും ആണ്. ഹാഫ് എ കൊറോണ ചുരുട്ടെടുത്ത് ചുണ്ടത്ത് വയ്ക്കുന്ന അപസർപ്പകവീരൻ മാർക്ക്സിൻ. (ചുരുട്ട് ചൂണ്ടത്തെടുത്ത് വയ്ക്കുന്നതല്ലാതെ അത് അദ്ദേഹം ഒരിക്കലെങ്കിലും കത്തിക്കുന്നതായി വായിച്ച ഓർമ എനിക്കില്ല).

പുഷ്പനാഥിൽ നിന്നാണ് ഞാൻ ബ്രാം സ്റ്റോക്കറിലേക്ക് എത്തുന്നത്. എന്റെ തലമുറയിലുള്ള മലയാളികളിൽ പലരുടെയും ഡ്രാക്കുള യാത്ര ആ വഴിയേ ആവാനാണ് സാധ്യത. കൊടും തണുപ്പും മൂടൽ മഞ്ഞും കുതിരക്കുളമ്പടിയും കൂരിരുട്ടിൽ ദൂരെ ആടുന്ന റാന്തൽ വിളക്കും ഒക്കെ ചേർന്ന ഒരു അന്തരീക്ഷം മാത്രം മനസ്സിലുണ്ട്. വേറെ വിശദാംശങ്ങൾ ഒന്നും ഓർമയിൽ ഇല്ല. കുട്ടിക്കാലത്ത് ഇതൊക്കെ വായിക്കുമ്പോൾ അശേഷം പേടി ഉണ്ടായിരുന്നില്ല. ലോകത്തെ മറ്റേതോ കോണിലുള്ള ഈ സ്ഥലങ്ങളൊക്കെ എന്നെങ്കിലും കാണാനുള്ള കൊതി മാത്രം.

Brasov city, Dracule
ബ്രഷോവ് നഗരത്തിന്റെ ആകാശദൃശ്യം

പിന്നീട് ‘ഒറിജിനൽ’ ഡ്രാക്കുളയെ പരിചയപ്പെടുമ്പോൾ ‘ഇതാദ്യം വായിക്കാൻ പറ്റിയില്ലല്ലോ, ഈ വായനയുടെ അനുഭവം പുഷ്പനാഥ് എഴുതിയത് വായിച്ചു നശിപ്പിച്ചോ’ എന്നു വ്യാകുലപ്പെട്ടിരുന്നു. എങ്കിലും കാർപേത്തിയൻ മലകൾ എന്നു കേട്ടപ്പോൾ മനസ്സിൽ ആദ്യം വന്നത് ബാല്യത്തിന്റെ കുളിരുള്ള ആ ‘ഡൂപ്ലിക്കേറ്റ്’ അന്തരീക്ഷം തന്നെ ആയിരുന്നു. വിയന്നയിൽ നിന്നുള്ള ഞങ്ങളുടെ ഈ യാത്ര ബ്രാം സ്റ്റോക്കറുടെ ജോനഥൻ ഹാർക്കർ പോയ വഴിയേ ആണല്ലോ എന്ന ബോധോദയം ഉണ്ടായത് പോലും ബ്രാഷോവിനെക്കുറിച്ച് ഡേവിഡ് കൂടുതൽ പറഞ്ഞു തുടങ്ങിയപ്പോൾ മാത്രമാണ്.

“arriving at Vienna early next morning; should have arrived at 6:46, but train was an hour late. Buda-Pesth seems a wonderful place, from the glimpse which I got of it from the train.” എന്നായിരുന്നില്ലേ ഹാർക്കറുടെ ഡയറിക്കുറിപ്പ്. ഏകദേശം ഇവിടെ വച്ചല്ലേ ലണ്ടനിൽ നിന്ന് യാത്ര തുടങ്ങിയ ഹാർക്കർക്കു ‘പാശ്ചാത്യ ലോകം വിട്ട് പൗരസ്ത്യ ലോകത്തിലേക്കു’ കടന്ന പ്രതീതി ഉണ്ടായത്. (“The impression I had was that we were leaving the West and entering the East”)

Brasov city
ബ്രഷോവ് നഗരത്തിന്റെ ഹൃദയഭാഗം

റൊമേനിയ സന്ദർശിക്കാൻ ഞങ്ങൾ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്, പക്ഷേ സന്ദർഭം ഒത്തു വന്നിട്ടില്ല എന്നറിഞ്ഞപ്പോൾ ഡേവിഡ് ഞങ്ങളെ റൊമേനിയയിലേക്കു ക്ഷണിച്ചു. ക്ഷണം വീട്ടിൽ വന്നു താമസിക്കാനൊന്നും അല്ല. സ്വിറ്റ്സർലൻഡിൽ സ്ഥിരതാമസമായ ഡേവിഡിനു അങ്ങനെ ഒരു ക്ഷണം തരാൻ സാധിക്കുകയും ഇല്ല. “നിങ്ങൾ ഭൂരിപക്ഷം ടൂറിസ്റ്റുകളും ചെയ്യുന്നത് പോലെ തലസ്ഥാനമായ ബുക്കാറെസറ്റിൽ മാത്രം സമയം ചെലവഴിക്കാതെ ഞങ്ങളുടെ നാട്ടിലേക്കും പോകൂ. അവിടത്തെ സമ്പദ്‌വ്യവസ്ഥയ്ക്കും കുറച്ചു വിദേശ നാണ്യം തരപ്പെടട്ടെ; നിങ്ങൾക്ക് ഡ്രാക്കുളക്കോട്ട സന്ദര്‍ശിക്കുകയും ചെയ്യാമല്ലോ!“ എന്നായിരുന്നു ഡേവിഡ് പറഞ്ഞത്.

ഞങ്ങൾ നാലുപേരും ആ യാത്രയിൽ വാ തോരാതെ സംസാരിച്ചു. കുറെ കാലം മുന്‍പ് പോണ്ടിച്ചേരിക്കടുത്ത് ഓറോവില്ലിൽ രണ്ടോ മൂന്നോ ആഴ്ച താമസിച്ചത് മാത്രമാണ് ടമാരക്കും ഡേവിഡിനും ഇന്ത്യയുമായുള്ള ബന്ധം. അതിനു പുറമെ അവർക്കു ഇന്ത്യയെക്കുറിച്ചുള്ള അറിവ് വായിച്ചും കേട്ടും ആണ്. ആ അറിവ് എന്റെ കാർപേത്തിയൻ സങ്കൽപ്പങ്ങളോളം തന്നെ കാൽപ്പനികതയുടെ നിറം കലർന്നവ ആയിരുന്നു. എന്റെ അറിവിന്റെ പരിമിതികൾക്കൂള്ളിൽ നിന്നു കൊണ്ട് തന്നെ ഇന്ത്യയെക്കുറിച്ച് കുറേക്കൂടി വാസ്തവികമായ ഒരു ചിത്രം ഞാനവർക്ക് കൊടുക്കാൻ ശ്രമിച്ചു. ഡേവിഡ് ‘ഡ്രാക്കുള പുരാണത്തിന്റെ’ ഉത്ഭവത്തെക്കുറിച്ച് രസകരമായ പല കാര്യങ്ങൾ ഞങ്ങൾക്കു പറഞ്ഞു തന്നു.

dracula,mahesh,iemalayalam

വ്ളാഡ് ദ ഇംപെയിലർ (കുന്തത്തിൽ കൊരുക്കുന്നവൻ എന്നാണ് അൽപ്പം ‘അയഞ്ഞ’ ഒരു തർജമ) എന്ന് പുറം ലോകം പേരിട്ട വ്ളാഡ് ടെപേശ്. റൊമേനിയൻ പ്രവിശ്യയായ വലാക്കിയ വാണിരുന്ന വ്ളാഡ് രണ്ടാമൻ ഡ്രാക്കുൾ മകൻ വ്ളാഡ് മൂന്നാമൻ. ഡ്രാക്കുളിന്റെ മകൻ എന്നർത്ഥം വരുന്ന ഡ്രാക്കുള എന്ന പേര് സ്വീകരിച്ചു (ഡ്രാക്കുളിന്റെ അർത്ഥം വ്യാളി എന്നാണ്). പിന്നീട് ഡ്രാക്കുള എന്ന രക്തദാഹി കഥാപാത്രത്തിന്നുള്ള പ്രചോദനം ആയി മാറിയ ഈ വ്യാളീപുത്രൻ മറ്റ് പല ചരിത്ര പരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ അതിഭയങ്കര രക്തദാഹി ഒന്നും ആയിരുന്നില്ലത്രേ.

ജനീവ കൻവെൻഷനു മുന്പുള്ള കാലം അല്ലേ? പതിനഞ്ചാം നൂറ്റാണ്ടിൽ ശത്രുക്കളോടുള്ള മാന്യമായ പെരുമാറ്റം എന്താണെന്നുള്ളതിന്റെ അളവുകോൽ വ്യത്യസ്തം ആയിരുന്നല്ലോ. ബ്രാഷോവിലെ ആളുകളോട് അല്ല, അവരുടെ ശത്രുക്കളോടായിരുന്നു വ്ളാഡിന്റെ കുന്തത്തിൽ കൊരുക്കലും മറ്റ് അഭ്യാസങ്ങളും. അത് കൊണ്ട് തന്നെ അന്നത്തെ ബ്രാഷോവ്കാർക്കു ടിയാൻ ഒരു ലോക്കൽ ഹീറോ ആയിരുന്നു എന്നു വേണമെങ്കിൽ പറയാം. വളാഡിന്റെ ഭരണകാലത്ത് പാതകൾ വന്നു ചേരുന്നിടത്തൊക്കെ ഫൗണ്ടനുകളും അവയ്ക്കരികിൽ സ്വർണ്ണ ചഷകങ്ങളും ഉണ്ടായിരുന്നെന്നും അവയിൽ ഒന്ന് പോലും മോഷ്ടിക്കാൻ മേപ്പടിയാന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് ആരും തുനിഞ്ഞിട്ടില്ല എന്നും ഒക്കെ ആണ് ഐതിഹ്യം.

ബുഡാപെസ്റ്റിൽ ഞാനും ഭാര്യയും ഇറങ്ങുന്നതിന് മുന്പ് ഡേവിഡും ടമാരയും അവരുടെ ഇമെയിൽ അഡ്രെസ്സ് ഞങ്ങളുമായി കൈമാറാനും മറന്നില്ല. ഈ കണ്ടുമുട്ടലിനെയും സൗഹൃദത്തെയും കുറിച്ച് പിന്നീട് കേട്ട ഒരു സുഹൃത്ത് തമാശയായി പറഞ്ഞു: “സൂക്ഷിച്ചോ, ഡ്രാക്കുള പ്രഭുവിന്റെ രീതി ഇതാണ്. ലോകത്തിന്റെ പല ഭാഗത്തേക്കും ദൂതന്മാരെ അയച്ചാണ് ഡ്രാക്കുളക്കോട്ടയിലേക്ക് ആളുകളെ ആകർഷിക്കുന്നത്.”

നാട്ടിലേക്കെങ്ങാനും പോകുന്നുണ്ടോ, ഞങ്ങൾ അങ്ങോട്ടേക്ക് വരുന്നുണ്ട് എന്നു പറഞ്ഞ് ‘ഡ്രാക്കുള പ്രഭുവിന്റെ ദൂതനു’മായി കുറെ മാസങ്ങൾ കഴിഞ്ഞാണ് ഞാൻ വീണ്ടും ബന്ധപ്പെടുന്നത്. ക്ഷമിക്കുക, ഇപ്പോൾ പോകാൻ നിർവാഹം ഇല്ല എന്നു ദൂതൻ. പക്ഷേ ഒരുപാട് സമയം ചെലവാക്കി ഒരു നീണ്ട ഇമെയിലിൽ യാത്രയും താമസവും ഉൾപ്പെടെ പല കാര്യങ്ങളെക്കുറിച്ച് ഉപദേശം ഡേവിഡ് തന്നു. ഞങ്ങൾ അവിടെ എത്തിയ ശേഷം ഒരു അവധി ദിവസം വഴികാട്ടിയായി അനുജത്തി യൂലിയയെയും എർപ്പെടുത്തി.

എങ്കിലും ഞങ്ങളുടെ ബ്രാഷോവ് സന്ദർശനം വൻ വിജയം ഒന്നും ആയില്ല. ചൈനയിൽ കണ്ടു തുടങ്ങിയ ‘ചെറിയൊരു പനി’ യുകെയിലെത്തിയ സമയത്താണ് ഞങ്ങൾ യാത്ര തിരിച്ചത്. യുകെ സർക്കാരിന്റെ വെബ്സൈറ്റിൽ യാത്രയ്ക്ക് വിലക്ക് പോയിട്ട് യാത്ര ഒഴിവാക്കാനുള്ള ഉപദേശം പോലും ഇല്ല. കൊറോണ തന്റെ വിശ്വരൂപം കാട്ടിത്തുടങ്ങിയിട്ടില്ല ഹാഫ് എ കൊറോണ ആയി ലോകത്തെ ചെറുതായൊന്ന് വിരട്ടിത്തുടങ്ങുന്ന ആദ്യകാലം.

Joan, Lulia
ജോവാനയും യൂലിയയും

ബ്രാഷോവിൽ എത്തിയതിന്റെ അടുത്ത ദിവസം യാത്രാപദ്ധതികൾ എല്ലാം ഒടിഞ്ഞു മടങ്ങിത്തുടങ്ങി. ടിവിയിൽ യുകെയിലെ കൊറോണ വൈറസ് മരണനിരക്ക് കുത്തനെ കയറുന്നു. ബ്രാഷോവിൽ ആണെങ്കിൽ കോട്ടകളും മ്യൂസിയങ്ങളും റൊമേനിയൻ സർക്കാർ തിരക്കിട്ട് പൂട്ടുന്നു. അവയിൽ ഡ്രാക്കുളക്കോട്ടയും ഉൾപ്പെടും. ഡ്രാക്കുള പ്രഭുവിനും കൊറോണയെ പേടി ആണല്ലോ എന്നു ഞങ്ങൾ തമ്മില്‍ തമാശ പറഞ്ഞു നിരാശ മറക്കാൻ ശ്രമിച്ചു. ഭക്ഷണം വാങ്ങാൻ ചില കടകളും ഇരുന്നു ഭക്ഷണം കഴിക്കാൻ വളരെ കുറച്ചു റസ്റ്റോറന്റുകളും മാത്രമേ തുറക്കുന്നുള്ളൂ. മിക്കയിടത്തും കയറുന്നതിന് മുന്പ് ഹാൻഡ്സ്പ്രേ ഉപയോഗിക്കണം. ചിലയിടത്തു പഴയ പൊലീസ് സ്റ്റേഷനിലെ നടയടി പോലെ കയറുമ്പോള്‍ തന്നെ സ്പ്രേ കൊണ്ടൊരു പെരുമാറ്റം നടത്താൻ സ്റ്റാഫ് തയ്യാറായി നിൽക്കുന്നു.

പക്ഷേ ഇതിനൊക്കെ ഒരു സാന്ത്വനം പോലെ നിരത്തുകളെല്ലാം ഒരു പരിധി വരെ വിജനം. എല്ലാം സ്വസ്ഥമായി നടന്നു കാണാം. പടം എടുക്കാം. അങ്ങനെ ഇരിക്കുമ്പോൾ ആണ് റൊമേനിയൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഞങ്ങൾക്ക് മടങ്ങാൻ രണ്ട് ദിവസമോ മറ്റോ ബാക്കി. തിരികെ യുകെയിലേക്കുള്ള ഫ്ലൈറ്റ് കിട്ടാൻ ബുക്കാറെസ്റ്റിൽ എത്തണം. രാവിലെയുള്ള ഫ്ലൈറ്റ് ആയത് കൊണ്ട് തലേ രാത്രി അവിടെ തങ്ങണം. ഇതൊന്നും പോരാത്തതിന് ചുറ്റിനും പല കിംവദന്തികളും അലയടിക്കുന്നു: ആരെയും എങ്ങോട്ടും പോകാൻ സമ്മതിക്കുന്നില്ല; വിദേശത്ത് നിന്നും വരുന്നവരെയൊക്കെ ഹോട്ടലിൽ ക്വാറന്റൈൻ ചെയ്യിക്കുക ആണ്; ഫ്ലൈറ്റ് ഒന്നും പോകുന്നില്ല… ഇങ്ങനെ പലതും കേട്ട് ഞങ്ങൾ ആകെ ചിന്താക്കുഴപ്പത്തിലായി.

കിം കരണീയം? ഞങ്ങൾ യുകെ എംബസ്സിയിലേക്ക് ഫോൺ ചെയ്തു. അവർക്കും കാര്യങ്ങളെക്കുറിച്ച് വലിയ ഗ്രാഹ്യം ഇല്ല. ഞങ്ങൾ എത്തിയതിന്റെ പിറ്റേന്ന് മുതൽ റൊമേനിയയിൽ എത്തിയവരെ ഒക്കെ ആണ് ക്വാറന്റൈൻ ചെയ്യിക്കുന്നത് എന്നു കേൾക്കുന്നത്രേ. തിരികെ പോകാൻ ഞങ്ങൾക്ക് വിലക്കില്ലാത്ത സ്ഥിതിക്ക് എങ്ങനെ എങ്കിലും യുകെയിൽ എത്താൻ ആണ് ഉപദേശം.

രണ്ടും കൽപ്പിച്ചു യാത്ര തിരിച്ചു. ഭാഗ്യത്തിന് ബുക്കാറെസ്റ്റിലേക്ക് പോകാൻ ട്രെയിനും അവിടെ തങ്ങാൻ ഒരു ഹോട്ടൽ മുറിയും കിട്ടി. പിറ്റേ ദിവസം എയർപോർട്ടിൽ തിരക്കേ ഇല്ല. ഞങ്ങൾ ഇരുന്ന ലൗഞ്ചിൽ ജർമനിക്കാർ ആയ രണ്ടു ദമ്പതികളും മാസ്കും വച്ച് ഒറ്റക്കിരിക്കുന്ന ഒരു തെക്കൻ കൊറിയനും മാത്രം. വിമാനത്തിൽ പന്ത് കളിക്കാനുള്ള സ്ഥലം.

ഡ്രാക്കുളയുടെ ദേശത്തു നിന്നു തിരികെ എത്താൻ കഴിയുമോ എന്നു ഭയന്ന ദിവസങ്ങൾ അങ്ങനെ തീർന്നു. പക്ഷേ, ഡ്രാക്കുള പ്രഭുവിന്റെ കോട്ട പോലും അടച്ചു പൂട്ടിയ ഭീകരനായ കോവിഡ് ഞങ്ങളെ, ഞങ്ങൾ അറിയാതെ പിടി കൂടിയിരുന്നു. യുകെയിൽ തിരികെ എത്തി ഒരാഴ്ചക്കുള്ളിൽ ബോറിസ് ജോൺസൺ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ലാറ്ററൽ ഫ്ലോ ടെസ്റ്റും മറ്റും ലഭ്യമല്ലാതിരുന്ന ആ സമയത്ത് കോവിഡ് രോഗലക്ഷണങ്ങളും ആയി പുറത്തിറങ്ങാൻ പറ്റാതെ ഞങ്ങൾ വീട്ടിനുള്ളിൽ. മരുന്നും മന്ത്രവും ഒന്നുമില്ല, വെന്റിലേറ്ററിൽ കിടക്കേണ്ട ഗതി വന്നാൽ മാത്രം ഇങ്ങോട്ട് പോന്നാൽ മതി എന്ന നിലപാടുമായി ആശുപത്രികളും. ഒടുവിൽ ആ പ്രതിസന്ധിയും ലോകത്തുള്ള മറ്റ് പലരെയും പോലെ ഞങ്ങളും തരണം ചെയ്തു.

ഡ്രാക്കുളയുടെ നാട്ടിലേക്കുള്ള യാത്ര അതിഭയങ്കര ആന്റിക്ലൈമാക്സ് (anti climax) ആയിരുന്നെങ്കിലും അതിന് ആനുപാതികമായ വലിയൊരു നഷ്ടബോധം ഒന്നും തോന്നുന്നില്ല. സഹിച്ച നഷ്ടങ്ങൾക്കുo കഷ്ടപ്പാടുകൾക്കും പകരം മൂന്നു സൗഹൃദങ്ങളാണല്ലോ നേടിയത്. ഞാൻ ഈ എഴുതിയത് ഒക്കെ ഇനി ഡേവിഡിനും ടമാറയ്ക്കും യൂലിയക്കും വിവർത്തനം ചെയ്തു കൊടുക്കണം. ആ ദൗത്യം ഗൂഗിളിന് വിട്ട് കൊടുക്കാനുള്ള ചങ്കൂറപ്പില്ല.

  • ലോകത്തെമ്പാടും ഭാവനയുടെ രക്തയോട്ടം സൃഷ്ടിച്ച രചനയാണ് ബ്രാം സ്റ്റോക്കാറുടെ ‘ഡ്രാക്കുള.’ ആ പുസ്തകം ലോകത്തു ചിറകു വിരിച്ചു പറക്കാൻ തുടങ്ങിയിട്ട് 125 വർഷം ആകുന്നു. ഡ്രാക്കുളയുടെ വായനയുടെയും സിനിമയുടെയും അനുഭവങ്ങൾ നിങ്ങൾക്കും എഴുതാം. നിങ്ങളുടെ ഡ്രാക്കുള അനുഭവ രചനകൾ iemalayalam@indianexpress.com എന്ന വിലാസത്തിൽ അയക്കുക. സബ്ജക്ട് ലൈനിൽ ‘ഡ്രാക്കുള – ഓർമ്മകൾ’ എന്ന് എഴുതുക

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: 125 years of bram stokers dracula dracula anniversary horror novels mahesh nair

Best of Express