വിശാലമായ തൊടിയില്‍ സര്‍പ്പഗന്ധികളും നിത്യകല്യാണികളും അതിരിട്ട കോണുകളില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുന്ന നനുത്ത മണ്ണിൽ വേരൂന്നി പടർന്നു കിടക്കുന്ന ഓർമ്മത്തലമുറകൾ. എത്രയോ തലമുറകള്‍ ജനിച്ചും ജീവിച്ചും മണ്ണടിഞ്ഞും പോയ അതിലെ ഓരോ ഊടുവഴികളിലും നിഗൂഢമായ ഒരു ഭയം ചുറ്റിത്തിരിയുന്നു. ഭയം ഒരനുഭവമാകുന്നത് ഏതു കാലത്താണ് എന്നു ഞാന്‍ ആലോചിക്കാറുണ്ട്. തന്നെ ഇല്ലാതാകുന്ന എന്തിനോടോ ഉള്ള സഹജമായ വൈകാരിക പ്രതികരണമായി ഭയത്തെ വ്യാഖ്യാനിക്കാം . അവിടെയുള്ള മനുഷ്യരെക്കാള്‍ പ്രായമുള്ള ആ പഴയ വീടിനുചുറ്റുമുള്ള മരങ്ങളും പാറകളും ഒരു ചെറിയ മഴകൊണ്ടു പോലും ആവര്‍ത്തിക്കുന്ന രാപ്പകലുകളെക്കാള്‍ അതി തീവ്രമായ ഒരനുഭവമായി മാറിയിട്ടുണ്ട്.
വെട്ടുകല്ലുകള്‍ കൊണ്ടുണ്ടാക്കിയ ഉയര്‍ന്ന മച്ചുള്ള ആ പഴയ വീട്ടില്‍ അമ്മാവന്മാരും, അപ്പച്ചിമാരും അമ്മമാരും അമ്മൂമ്മമാരും അണ്ണന്മാരും ചേച്ചിമാരുമൊക്കെ കെട്ടുകഥകള്‍ കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടും നിര്‍മ്മിച്ച ഒരു സമാന്തര ലോകം എന്നെ അനുഭവിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു .മറുനാട്ടില്‍ ജോലിചെയ്യുന്ന അച്ഛന്‍ പോലും നാട്ടില്‍ സ്ഥിരതാമസമാക്കിയതിനുശേഷം അമാനുഷിക അനുഭവ കഥകള്‍ പറയാന്‍ തുടങ്ങി. മാത്രമല്ല എല്ലാ കഥകള്‍ക്കും വിശ്വാസ്യത നല്‍കുന്ന ഒരപൂര്‍വ പ്രകൃതിക്കു ചുറ്റുമായിരുന്നു ഞാന്‍.
വാഴത്തോപ്പുകളിൽ കാണുന്ന “വിചിത്ര” ജീവികള്‍, വേനല്‍ കാലത്ത് ഇലവുമരങ്ങളുടെ കായ പൊട്ടി ആകാശത്തുകൂടി പറക്കുന്ന പഞ്ഞിക്കൂമ്പാരം ചുറ്റും വിചിത്ര സ്വഭാവക്കാരായ മനുഷ്യര്‍. ദൃശ്യ പ്രപഞ്ചത്തിനും അപ്പുറം സാധ്യമാകുന്ന ഒരു ജീവിതമുണ്ടെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.
കുട്ടിയായിരിക്കുമ്പോള്‍ പഴയ വീടിന്റെ ഭിത്തികളില്‍ ഉള്ള സൂത്രാട്ടികളെന്ന ദ്വാരത്തിലൂടെ വികൃതിയായ എന്നെ ഭയപ്പെടുത്താന്‍ അമ്മാവന്മാര്‍ വിദ്യകണ്ടെത്തി. ശബ്ദം കൊണ്ടും മറ്റു ചിലപ്പോള്‍ കണ്‍ പോളകള്‍ ഉള്ളിലേക്ക് മടക്കി ചുവന്ന ഉള്‍ത്തടം കാട്ടി കൃഷ്ണമണികള്‍ ഉരുട്ടി തലയിലൂടെ പേര്‍ഷ്യന്‍ കമ്പിളികള്‍ മൂടി അവരെന്റെ മുന്നില്‍ വന്നു നിന്നു.

തങ്ങള്‍ കേള്‍ക്കുന്ന കഥകളില്‍ തങ്ങളെ തന്നെ പ്രതിഷ്ഠിച്ചുകൊണ്ടാണ് അവരീ ജീവിതം ജീവിച്ചിരുന്നത് .തൊണ്ണൂറുകളുടെ ആദ്യം മാത്രം വൈദ്യുതി എത്തിയ ഒരു പ്രദേശത്തെ സംബന്ധിച്ച് ആ ദേശത്തിന്റെ ഭൂമിശാസ്ത്രന്റെ ആകാരത്തിനനുസൃതമായിട്ടുള്ള അനേകം കഥകളിലൂടെ രൂപപ്പെട്ട ഒരു ലോകമായിരുന്നു അത്.
എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ തങ്ങള്‍ക്ക് കിട്ടിയ ഒരപൂര്‍വ പുസ്തകത്തില്‍ തല താഴ്ത്തിയിരിക്കുന്ന മേല്‍പ്പറഞ്ഞ അമ്മാവന്മാരേയും ചേച്ചിമാരെയും ഞാന്‍ കാണുകയുണ്ടായി .അവര്‍ വായിക്കുമ്പോള്‍ കട്ടിലില്‍ ഞാനും കിടക്കും. ഉച്ചവെയിലിലെ അനന്തവും അതി മനോഹരവും സമാധാനവുമുള്ള ആ നിശബ്ദ നേരങ്ങളില്‍ ചിലപ്പോള്‍ പുസ്തകവുമായി തൊടിയിലൂടെ ഞങ്ങള്‍ നടക്കും. ഒരിലപോലും ചലിക്കാത്ത കടുത്ത നിശബ്ദതയിൽ ആരോ ഒരാൾ ഡ്രാക്കുളയുടെ കഥപറഞ്ഞു.
പച്ച പുറം ചട്ടയുള്ള, താഴെ ചെറിയ കൂര്‍ത്ത കൊമ്പല്ലുള്ള ഒരു മനുഷ്യന്റെ ചിത്രവുമുള്ള ആ പുസ്തകം ഞാനിന്നും ഓര്‍ക്കുന്നു. വീട്ടിലെ പലരും അതുവായിക്കുകയും രാത്രി അതേപ്പറ്റി സംസാരിക്കുകയും ചെയ്തു. ആറും ഏഴും ആളുകളൊക്കെ ഒരുമിച്ചു കിടന്നിരുന്ന ചില മുറികളിലൊക്കെ അടക്കിപ്പിടിച്ച ഭയം ഒതുങ്ങി നിന്നിരുന്നുവെന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തോന്നുന്നുണ്ട്. എഴുതാനോ വായിക്കാനോ പഠിക്കാനുള്ള പ്രായം എത്തിയിട്ടില്ലാത്ത എനിക്ക് ഡ്രാക്കുള പേടിയുമുണ്ടാക്കിയില്ല.
നാലാം ക്ലാസ്സിലായപ്പോഴേക്കും ക്ലാസ്സ്മുറികളിലെ സംഭാഷണങ്ങള്‍ മിക്കതും യക്ഷികളുടെയും പ്രേതങ്ങളുടെയും കഥകളും തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളുമായിരുന്നു. അത്തരം കാര്യങ്ങളുടെ ദൃക്‌സാക്ഷി വിവരണം നടത്താന്‍ പോന്ന വിരുതർ അന്ന് ഞങ്ങളുടെ ക്ലാസിലുണ്ടായിരുന്നു. വീട്ടിലേക്ക് മടങ്ങുന്ന റബ്ബര്‍ തോട്ടങ്ങളിലെ നേര്‍ത്ത രേഖകള്‍ പോലുള്ള വഴികളില്‍ കാലെടുത്തു വയ്ക്കുമ്പോള്‍ നെഞ്ചില്‍ ഒരു പടപടപ്പ് തുടങ്ങും. പിന്നെ വേഗത്തില്‍ ഒരോട്ടമാണ്.
ഈ കാലത്ത്, ഡ്രാക്കുള ഞങ്ങളുടെ സംഭാഷണങ്ങളില്‍ വന്നു. പക്ഷേ, അക്കാലത്ത് അപ്രാപ്യമായ ഒരാളായി ഞങ്ങള്‍ക്കൊപ്പം കഴിയാനാണ് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയുടെ വിധി എന്നത് തമാശയാണ്. കാരണം അക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ ഒരിക്കലും ആ വിഖ്യാത രചനയുടെ സാരാംശം വെളിപ്പെട്ടിരുന്നില്ല. എങ്കിലും തങ്ങളുടെ ഭാവന ഉപയോഗിച്ചുകൊണ്ട് കൃത്രിമ ഡ്രാക്കുള കഥകള്‍ പറയുന്ന ചില വീരന്മാരുമുണ്ടായിരുന്നു.
ജീവിതത്തില്‍ അജ്ഞാതമായ എന്തോ ഒന്നിനോടുള്ള ഭയം ഉണ്ടാകാന്‍ തുടങ്ങിയ കാലത്തിലേക്ക് കാൽ നീട്ടി വച്ച പ്രായമായിരുന്നു അത്. വീട്ടില്‍ രാത്രി പുറത്തിറങ്ങാന്‍ പോലും പേടിയായി തുടങ്ങിയതോടെ പ്രേതകഥകള്‍ പറയുന്നവര്‍ക്കും പുസ്തകങ്ങള്‍ക്കും സിനിമകള്‍ക്കും വിലക്ക് വന്നു. ‘ദി മമ്മി’യുടെ വീഡിയോ കാസെറ്റ് അച്ഛന്‍ തിരിച്ചു കൊണ്ടുപോകുന്നത് ഞാനോര്‍ക്കുന്നു. അപ്പോഴേക്കും പുതിയ വീട്ടിലേക്ക് താമസം മാറ്റിയ ഞങ്ങളുടെ വീട്ടിലേക്ക് ബാല പ്രസിദ്ധീകരണങ്ങള്‍ വരാന്‍ തുടങ്ങിയിരുന്നു.
അങ്ങനെ 2003-03 കാലത്ത് ബാലരമയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച ഡ്രാക്കുള യായിരുന്നു ആദ്യമായി ബ്രോം സ്റ്റോക്കറുടെ ഭാവനാ ലോകത്തേക്കുള്ള നേരിട്ടുള്ള പ്രവേശം. അക്കാലത്ത് അതുവായിക്കുമ്പോള്‍ ഒരു മുറിയില്‍ നിന്നും മാസിക കിടക്കുന്ന മുറിയിലേക്ക് പോകാന്‍ ഞാന്‍ ഭയന്നിരുന്നു. പക്ഷെ ഭയത്തിനും അപ്പുറം പ്രതി നായകനോട് തോന്നുന്ന ഒരാരാധന കൂടിവന്നു.
എച്ച് ആന്‍ഡ് സിയുടെ ഡ്രാക്കുളയുടെ സ്വതന്ത്ര വിവര്‍ത്തനത്തിലെ ഒരു ചെറിയ പതിപ്പ് അക്കാലത്ത് കിട്ടി. പതിയെ കൗമാര കാലത്തെ ആദ്യ വായനകളിലേക്കും ജീവിതാസക്തികളിലേക്കും ഭയത്തിനും അപ്പുറം ആ കഥാപാത്രം വളര്‍ന്നു. ഒടുവില്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിക്തോര്‍ യൂഗോയ്ക്ക് ഒപ്പം ഷെല്‍ഫിലേക്ക് ബ്രാം സ്റ്റോക്കറും കയറിക്കൂടി. ഒട്ടേറെ കൃതികൾ മലയാളത്തിലേക്ക് മൊഴിമാറ്റിയ പ്രശസ്തനായ എം പി സദാശിവൻ വിവർത്തനം ചെയ്ത് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച നൂറ്റി ഇരുപത് രൂപ വിലയുള്ള ഡ്രാക്കുള.

ബിസ്ട്രീറ്റ്സ് മേയ് 3
ജൊനാതന്‍ ഹാര്‍ക്കറുടെ ഡയറി തുടങ്ങുന്നത് ഇങ്ങനെയാണ്. റൊമാനിയയും കാര്‍പാത്യന്‍ മലനിരകളും പ്രേതക്കോട്ടയും ഭാവനയുടെ ഭാഗമായി. ജീവിതത്തിനും വായനയ്ക്കും കാലമുണ്ടാക്കുന്ന മാറ്റം ഡ്രാക്കുളയുടെ വായനയുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്.
ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കര്‍ കാല്‍പനിക പ്രണയ നോവലുകളുമായി സാഹിത്യത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ പരാജയപ്പെട്ടു. പില്‍ക്കാലത്ത് ഒന്നോ രണ്ടോ നോവലുകള്‍ക്ക് ശേഷമാണ് ഡ്രാക്കുള എന്ന പേര് അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. അതാകട്ടെ ആര്‍മിനിയസ് വാം ബെറി എന്ന ബുഡാപെസ്റ്റുകാരനില്‍ നിന്നുമാണ് അദ്ദേഹത്തിന് കിട്ടിയത്.
വ്ലാദ് മൂന്നാമന്‍ എന്ന റൊമേനിയന്‍ രാജകുമാരനാണ് സ്റ്റോക്കറെ ആകര്‍ഷിച്ച ഡ്രാക്കുളയുടെ വ്യക്തിത്വം ആരോപിക്കപ്പെടുന്നത്. എന്തുതന്നെയായാലും 1897 ല്‍ ഡ്രാക്കുള പുറത്തിറങ്ങി. ഒരിക്കല്‍പ്പോലും റൊമേനിയ സന്ദര്‍ശിക്കാത്ത സ്റ്റോക്കര്‍ തന്റെ ഭാവന മാത്രം ഉപയോഗിച്ചാണ് അസാമാന്യമായ ഈ കൃതി രചിച്ചത്.1887 ലെ ട്രാന്‍സില്‍വാനിയ ജീവിതമാണ് ഡ്രാക്കുളയുടെ കാലഘട്ടമായി വിലയിരുത്ത പ്പെടുന്നത്.
നിത്യ ചൈതന്യത്തിനായി രക്തപാനം മാര്ഗ്ഗമാക്കിയ ഡ്രാക്കുള തന്റെ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതും, അതിനുവേണ്ടി പ്രഭുവിന് അരികിലേക്ക് വരുന്ന ജൊനാതന്‍ ഹാര്‍ക്കര്‍ എന്ന വക്കീലും, മിനയും ലൂസിയും ഒക്കെ പല കഥാപാത്രങ്ങളായി നിലനില്‍ക്കുന്നു.
അമാനുഷിക കഥാപാത്രം എന്നതിനും അപ്പുറം പില്‍ക്കാലത്തുണ്ടായ ഡ്രാക്കുള പഠനങ്ങളില്‍ .ബ്രാം സ്റ്റോക്കര്‍ വ്യവസായിക വിപ്ലവത്തെ പരോക്ഷമായി സൂചിപ്പിക്കുന്നുവെന്നും കോളനിവല്‍ക്കരണ പ്രതീകമെന്നുമോക്കെയുള്ള ആശയങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി.
എന്നെ സംബന്ധിച്ച് ശക്തനായ പ്രതിനായകന്‍ എന്നതിനും അപ്പുറം അപൂര്‍വ പ്രേമത്തിന്റെയും തീവ്ര നാർസിസത്തിന്റെയും രക്തയോട്ടമുള്ള ഒരു കാമുക ഭാവം ചിലപ്പോഴെങ്കിലും ഡ്രാക്കുളയില്‍ കാണാനാകുന്നു. ക്രൂരതയ്ക്ക് ഇടയിലും മാന്യതയും പ്രൗഡിയും സൂക്ഷിക്കുന്ന ഒരു സ്വഭാവം അയാളിലുണ്ട്. അതിവശീകരണ ശേഷിയുള്ള ആകാരവും തീഷ്ണമായ കണ്ണുകളും അതിനാക്കം കൂട്ടുന്നു.125 വർഷം, ഒരു മനുഷ്യയുസ്സിനും അപ്പുറം ഭയത്തെയും രതിയേയും പ്രേമത്തെയും പകയേയും ഇത്രയും കാല്‍പനികവല്‍ക്കരിച്ച് മനുഷ്യമനസുകളിൽ തുടരുന്ന ഒരു കഥാപാത്രം മറ്റൊന്നുണ്ടാകില്ല.
- ലോകത്തെമ്പാടും ഭാവനയുടെ രക്തയോട്ടം സൃഷ്ടിച്ച രചനയാണ് ബ്രാം സ്റ്റോക്കാറുടെ ‘ഡ്രാക്കുള.’ ആ പുസ്തകം ലോകത്തു ചിറകു വിരിച്ചു പറക്കാൻ തുടങ്ങിയിട്ട് 125 വർഷം ആകുന്നു. ഡ്രാക്കുളയുടെ വായനയുടെയും സിനിമയുടെയും അനുഭവങ്ങൾ നിങ്ങൾക്കും എഴുതാം. നിങ്ങളുടെ ഡ്രാക്കുള അനുഭവ രചനകൾ iemalayalam@indianexpress.com എന്ന വിലാസത്തിൽ അയക്കുക. സബ്ജക്ട് ലൈനിൽ ‘ഡ്രാക്കുള – ഓർമ്മകൾ’ എന്ന് എഴുതുക