scorecardresearch

മരണം കൊണ്ട് നൃത്തം ചെയ്ത സംവിധായകൻ: ഇംഗ്‌മാർ ബർഗ്‌മാനെ ഓർക്കുമ്പോൾ

എൺപത്തിയൊമ്പതാം വയസ്സിൽ മരണം വിജയമാഘോഷിക്കുന്നതിന് തൊട്ടുമുമ്പായി ‘cinematic maestro’ കണ്ട അവസാനത്തെ സ്വപ്നം എന്തായിരിക്കാം? ബെർഗ്‌മാന്റെ നൂറാം ജന്മദിനത്തിൽ സി വി ബാലകൃഷ്ണൻ എഴുതുന്നു

മരണം കൊണ്ട് നൃത്തം ചെയ്ത സംവിധായകൻ: ഇംഗ്‌മാർ ബർഗ്‌മാനെ ഓർക്കുമ്പോൾ

ഇംഗ്‌മാർ ബെർഗ്‌മാൻ സമകാലീനരായ ചലച്ചിത്രകാരന്മാരിൽ നിന്നൊക്കെയും വ്യത്യസ്തനായിരുന്നു. മനുഷ്യാസ്തിത്വത്തെ സംബന്ധിച്ച മഹാസമസ്യകൾ ആഴത്തിൽ അവതരിപ്പിക്കാനാണ് ഓരോ ചിത്രത്തിലൂടെയും ബെർഗ്‌മാൻ ശ്രമിച്ചത്. മനുഷ്യരെ സൃഷ്ടിച്ച ദൈവത്തിന് ഇതിലേറെ മികച്ച ഒരു വിമർശകനെ, പ്രതിയോഗിയെന്നും പറയാം, വേറെ ലഭിച്ചിട്ടില്ല തന്നെ. ദൈവത്തെ നിരാകരിക്കാതെ, അങ്ങേയറ്റം സന്ദേഹാകുലമായ ഒരു മനസ്സോടെ, വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു ഇംഗ്‌മാർ ബെർഗ്‌മാൻ തന്റെ ജീവിതകാലമത്രയും: ഒരിക്കലും തുറക്കില്ലെന്ന് അറിഞ്ഞു കൊണ്ട് അടഞ്ഞു കിടക്കുന്ന ഒരു വാതലിൽ നിരന്തരം മുട്ടി വിളിക്കുന്നതു പോലെ.

റഷ്യൻ ചലച്ചിത്ര സിദ്ധാന്തങ്ങളോ, ഇറ്റാലിയൻ നിയോ റിയലിസമോ, ഫ്രഞ്ച് ന്യൂവേവോ ഒരു ചെറിയ അളവിൽ​ പോലും ഇംഗ്‌മാർ ബെർഗ്‌മാനെ സ്വാധീനിച്ചിരുന്നില്ല. സുദൃഢവും സുവ്യക്തവുമായ പ്രത്യയശാസ്ത്ര നിലപാടുകളോടെ ചലച്ചിത്രാവിഷ്ക്കാരങ്ങൾ നിർവ്വഹിച്ച ഐസെൻസ്റ്റീനുമായോ, വിറ്റോറിയ ഡിസീക്കയുമായോ, റോസില്ലിനുയമായോ, ഗൊദാർദുമായോ താരതമ്യപ്പെടുത്താൻ ഇടനൽകുന്ന യാതൊന്നും ബെർഗ്‌മാൻ ചിത്രങ്ങളിൽ നാം കാണില്ല. രാഷ്ട്രീയത്തെ അവ പാടെ മാറ്റിനിർത്തുന്നു. സ്വീഡന്റെയോ അതിന് വെളിയിലുളള ലോകരാഷ്ട്രങ്ങളുടെയോ രാഷ്ട്രിയവസ്ഥ ബെർഗ്‌മാനെ തെല്ലും അലട്ടിയിരുന്നില്ല. ഒരു ചലച്ചിത്രകാരനെന്ന നിലയിൽ അദ്ദേഹം അനുഭവിച്ചത് അസ്തിത്വപരവും അതിഭൗതികവുമായ അനിശ്ചിതത്വത്തിന്റെ കടുത്ത സംഘർഷമാണ്. ദൈനംദിന യാഥാർത്ഥ്യങ്ങൾ അതേപടി പകർത്തിവെയ്ക്കുകയോ, അവയെ ഉത്തമബോധ്യത്തോടെ അപഗ്രഥിക്കുകയോ, സുചിന്തിതമായ നിഗമനങ്ങളിൽ എത്തിച്ചേരുകയോ തന്റെ ബാധ്യതയല്ലെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. മനുഷ്യ മനസ്സിന്റെ സങ്കീർണതകളിലൂടെയും നിഗൂഢതകളിലൂടെയമായിരുന്നു ഈ ഏകാകിയുടെ അന്വേഷണ യാത്ര.

ലൂഥെറൻ പുരോഹിതന്റെ മകനായി ജനിച്ച (1918 ജൂലൈ 14) ഏണസ്റ്റ് ഇംഗ്‌മാർ ബെർഗ്‌മാൻ, ബാല്യത്തിലെ കയ്പുററ അനുഭവങ്ങൾ ആത്മകഥയായ ‘ദ് മാജിക് ലാന്റേണി’ൽ വ്യഥയോടെ രേഖപ്പെടുത്തിയിട്ടുണ്ട്. പിതാവുമായുളള ബന്ധം ഒട്ടും സൗഹൃദപരമായിരുന്നില്ല. ജന്മനാൾ തൊട്ടേ മരണം ഒരു നിഴൽ പോലെ പിന്തുടർന്നിരുന്നു. അമ്മയായ കരീന് സ്പാനിഷ് ജ്വരം ബാധിച്ചിരിക്കെയായിരുന്നു പിറവി. മരിച്ചു പോകുമെന്നുളള ആശങ്കയിൽ ഒരു മുൻകരുതലെന്ന നിലയ്ക്ക് ആശുപത്രിയിൽ വെച്ചു തന്നെ മാമോദീസ നൽകി. പിന്നെ തിരിച്ചറിയാനാവാത്ത വ്യാധികളുടെ അലട്ടലായിരുന്നു. അവയ്ക്കിടയിൽ ഒരു ചുവരലമാരയ്ക്കുളളിൽ അടച്ചിടപ്പെട്ടതിന്റെയും പാന്റ്സിൽ മൂത്രമൊഴിച്ചതിന്റെ ശിക്ഷയായി പാവാട ധരിപ്പിച്ചതിന്റെയും നടുക്കം കൂടി ബാല്യകാലസ്മരണയായുണ്ട്.

ഇക്കൊല്ലത്തെ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെട്ട ‘Searching For Bergman’ എന്ന ഡോക്യുമെന്ററി ഒരുക്കിയ ജർമ്മൻ സംവിധായിക മാർഗരറ്റ് വോൺ ട്രോട്ട (Margeret Von Trotta) പറയുന്നു: ” He stayed a child his whole life. He wanted to be a child. He was worst closer to his childhood and the child within himself than he was to his adult self.”

ഇംഗ്‌മർ ബെർഗ്‌മാൻ വിശ്വസിനിമയിലെ ഏറ്റവും പ്രമുഖരായ സംവിധായകർക്കൊപ്പം പരിഗണിക്കപ്പെട്ടു തുടങ്ങിയത് 1957 ൽ പുറത്തിറങ്ങിയ ‘The Seventh Seal’ എന്ന ചിത്രത്തോടെയാണ്. ഞാനത് കാണുന്നത്, കൃത്യമായി പറഞ്ഞാൽ രണ്ട് ദശകങ്ങൾക്കപ്പുറമാണ്. അതായിരുന്നു എന്റെ പ്രഥമ ബെർഗ്‌മാൻ അനുഭവം. ആ അനുഭവമാകട്ടെ വിസ്മയകരവും അവിസ്മരണീയവുമായിരുന്നു. അതിന് മുമ്പ് മനസ്സിനെ സ്പർശിച്ചത് നിയോ റിയലിസ്റ്റ് ചിത്രങ്ങളായിരുന്നു: ഡിസീക്കയുടെ ‘ The Bicycle Thieves,’ സത്യജിത് റായിയുടെ ‘Pather Panchali’ റോസല്ലിനിയുടെ ‘Rome, Open City” തുടങ്ങിയവ. സഹജീവികളോടുളള നിർവ്യാജവും ഗാഢവുമായ സഹാനുഭൂതി പ്രകടമാക്കുന്ന മാനുഷിക രേഖളെന്ന പ്രസക്തി അവയ്ക്ക് ഒക്കെയും ഉണ്ടായിരുന്നു. യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചകൾ എന്ന നിലയ്ക്കുളളതായിരുന്നു ആ ചിത്രങ്ങളിൽ ഓരോന്നിന്റെയും ആഖ്യാനഘടന. എന്നാൽ ‘ The Seventh Seal’ കാഴ്ചയിലേയ്ക്ക് വന്നത് ഇരുണ്ടൊരു സ്വപ്നമായാണ്. ദൈവം പരിത്യജിച്ച ഒരു ലോകത്തെ മനുഷ്യന്റെ ഹതാശയമായ വിധിയായിരുന്നു അതിൽ നിറഞ്ഞു നിന്നത്. അതിന് മുമ്പ് ഒരിക്കലും മരണത്തെ മുർത്തരൂപത്തിൽ ഞാൻ കണ്ടിരുന്നില്ല. വിജയം സുനിശ്ചിതമെന്ന് അറിയാവുന്ന കൗശലശാലിയായ ഒരു ചതുരംഗക്കളിക്കാരനാണ് മരണമെന്നത്, എന്നെ സംബന്ധിച്ച്, ഒരു പുതിയ അറിവായിരുന്നു. പ്ലേഗ് പടർന്നു പിടിച്ച ഒരു നാടിന്റെ പശ്ചാത്തലത്തിൽ മനുഷ്യന്റെ ജീവിതത്വരയും കടുത്ത നിസ്സഹായതയും ആശ്രയത്തിനും രക്ഷയ്ക്കും സങ്കേതങ്ങളില്ലാത്ത അരക്ഷിതാവസ്ഥയും ഉൽക്കടമായ വെമ്പലുകളും ഒരു ദുഃസ്വപ്നത്തിലെന്ന പോലെ ഈ​ചിത്രത്തിലൂടെ ബെർഗ്‌മാൻ പ്രേക്ഷകരെ കാട്ടിത്തരുന്നു. പ്രേക്ഷക മനസ്സുകളെ സംഭ്രമിക്കാനും ചലിപ്പിക്കാനും പോന്ന നാടകീയശേഷി പ്രമേയത്തിനെന്ന പോലെ, ഇരുട്ടും വെളിച്ചവും തമ്മിലുളള വിപരീതത്വത്തിലേയ്ക്ക് ഊന്നൽ നൽകുന്ന സൂക്ഷമതയാർന്ന പരിചരണശൈലിയ്ക്കുമുണ്ട്. ചിത്രത്തിന്റെ അന്ത്യഭാഗത്ത് അരങ്ങേറുന്ന മരണനൃത്തം, സമാനതകളില്ലാത്തതും ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്നതുമായ ദൃശ്യാനുഭവമാണ്.

മനുഷ്യപ്രകൃതിയിലെയും ബന്ധങ്ങളിലെയും സത്യമാരായുന്ന ‘വൈൽഡ് സ്ട്രോബെറീസ്’ (1957) ഞാൻ ദർശിച്ച ആദ്യ ബെർഗ്‌മാൻ രചനയോളം തന്നെ എന്നെ സ്പർശിക്കുകയുണ്ടായി. സ്വപ്നങ്ങളും ഓർമ്മകളും ഇതിൽ ഗാഢമായി കെട്ടുപിണഞ്ഞ് കിടക്കുന്നു. ഒരു പ്രതീകാത്മക യാത്രയുടെ രൂപഘടന പുലർത്തുന്ന ചിത്രം വൃദ്ധനായ ഡോക്ടർ ഇസാക് ബോർഗ് എന്ന കഥാപാത്രത്തിന്റെ ആത്മാന്വേഷണമാണ്. യാത്രയുടെ ഘട്ടങ്ങൾ നമുക്ക് വെളിപ്പെടുന്നത് സ്വപ്നങ്ങളിലൂടെയും സ്മൃതി പരമ്പരകളിലൂടെയുമാണ്.

വർത്തമാനകാലത്തിലൂടെയെന്നപോലെ, ഭൂതകാലത്തിലൂടെയും സഞ്ചരിച്ച് മുഖ്യകഥാപാത്രം നേടുന്ന ആത്മജ്ഞാനമാണ് ചിത്രത്തിന്റെ കാതൽ. മനുഷ്യർ സ്വയം തിരിച്ചറിയുകയെന്നത് വളരെ പ്രധാനമാണെന്ന് ബെർഗ്‌മാൻ കരുതിയിരുന്നു.

വളരെ സമീപത്തുനിന്ന് ഏറെ അനുതാപത്തോടെ നിരീക്ഷിക്കപ്പെടുന്ന സ്ത്രീകൾ ബെർഗ്‌മാൻ ചിത്രങ്ങളിലെ തീക്ഷ്ണ സാന്നിദ്ധ്യമാണ്. അകാരണമായ ഭീതിയിൽ അമർത്തപ്പെട്ട രതിതൃഷ്ണകളും നിരന്തരമായി അലട്ടുന്ന പാപബോധവും പ്രതികാര വാഞ്ഛയും കൂടിക്കലർന്ന അതീവ സങ്കീർണമായ മനസ്സുകളുടെ ആഴങ്ങളിലേയ്ക്കു കടന്നു ചെന്ന് ബെർഗ്‌മാൻ രൂപപ്പെടുത്തിയ ‘Cries and Whispers’ (1972) ചലച്ചിത്രകലയിലൂടെ കൈവരിക്കാവുന്ന ഏറ്റവും മികച്ച ഉപലബ്‌ധികളിൽ ഒന്നത്രേ. ഗർഭാശയ കാൻസർ പിടിപെട്ട് മൃതിയോടടത്തുകൊണ്ടിരിക്കുന്ന ആഗ്നസ്സും സഹോദരിമാരായ കരിനും മരിയയും പരിചാരികയായ അന്നയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. നാട്ടിൻപുറത്തെ ഒരു എസ്റ്റേറ്റിൽ​ കഴിയുന്ന അവർക്ക് പുറംലോകവുമായി ബന്ധമില്ല. സന്ദർശകരായി ഇടയ്ക്കെപ്പോഴെങ്കിലും എത്തുന്നത് പുരോഹിതനും ഡോക്ടറും മാത്രമാണ്. അദൃശ്യനായ അതിഥിയായി മരണം ഒപ്പമുണ്ട്. മരണത്തോടുളള നിരാശ പൂണ്ട പ്രതിഷേധമാണ് തന്റെ കലാത്മക ആവിഷ്ക്കാരങ്ങളൊക്കെയുന്നമുളള വിശ്വാസം ബെർഗ്‌മാൻ ഏറ്റവും തീവ്രമായി സ്ഥാപിക്കുന്നത് ഈ ചിത്രത്തിലൂടെയാണെന്ന് എനിക്ക് തോന്നുന്നു. ഛായാഗ്രാഹകനായ സ്വെൻ നിക്വിസ്റ്റ് (Svon Nykvist) നിറങ്ങൾ കൊണ്ട് കാട്ടുന്ന മാന്ത്രികവിദ്യ ചിത്രത്തിന് അധികമാനം നൽകുന്നു.

ഇംഗ്‌മർ ബെർഗ്‌മാനും സ്വെൻ നിക്വിസ്റ്റുമായുളള ‘ ദീർഘവും സുദൃഢവുമായ കൂട്ടുകെട്ട് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്നതെന്ന് വിശേഷിപ്പിക്കപ്പെടുന്നതിൽ അതിശയോക്തിയില്ല, ഈ ബന്ധത്തിന്റെ തുടക്കം ‘ Sawdust and Tinsel’ (1953) എന്ന ചിത്രത്തോടെയായിരുന്നു. അതിന്റെ മൂന്ന് ഛായാഗ്രാഹകരിൽ ഒരാൾ മാത്രമായിരുന്നു. നിക്വിസ്റ്റ് വീണ്ടും ബെർഗ്‌മാനുമായി കൈകോർത്തത് മികച്ച വിദേശഭാഷാ ചിത്രത്തിനുളള അക്കാദമി പുരസ്കാരം നേടിയ ‘ The Virgin Spring’ (1960) ന് വേണ്ടിയാണ്. പിന്നീടവർ വേർപിരിഞ്ഞിട്ടില്ല. പ്രകാശത്തോട് ഇരുവർക്കും ഒരേ വികാരമായിരുന്നു. സിനിമാട്ടോഗ്രഫിയുടെ പരമമായ സാധ്യതതകൾ തനിക്ക് മനസ്സിലാക്കി തന്നത് ബെർഗ്‌മാനാണെന്ന് നിക്വിസ്റ്റ പലപ്പോഴും പറഞ്ഞിട്ടുണ്ട്. “I owe a great debt to Ingmar, for he gave me my passion for light, without him I would have remained just another technical cameraman with no great awareness of the infinite possibilities of lighting. I learned so much about composition, staging and the infinite varieties of light from Ingmar. He has a mind and imagination that take in not only the limits of poetic imagery, but-equally- the scientific aspects of film making. He has done away with ‘nice’ photography and has shown us how to find truth in camera movement an in lighting… I have Ingmar Bergman to thank for letting me experiment with a kind of cinematography which, by utilising true light where possible, seems to me to do greater justice to the medium.”

ബെർഗ്‌മാനും നിക്വിസ്റ്റും പരസ്പരം ആശയവിനിമയം നടത്തിയിരുന്നത് അവർ വികസിപ്പിച്ചെടുത്ത ഒരു സ്വകാര്യ ഭാഷയിലാണ്; ഒരു വാക്കും പറയാതെ. ഒരേ മനസ്സായിരുന്നു അവർക്ക്. ലൂയി മാൾ, റോമൻ പൊളാൻസ്കി, വൂഡി അലൻ, ഫിലപ്പ് കൗഫ്‌മാൻ, ആന്ദ്രെ തർകോവ്സ്കി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുളള നിക്വിസ്റ്റ് മികച്ച ഛായാഗ്രഹണത്തിന് രണ്ട് തവണ അക്കാദമി പുരസ്ക്കാരം നേടിയത് ബെർഗ്‌മാൻ ചിത്രങ്ങൾക്കാണ് (Cries and Whispers, Fanny and Alexander).

ബെർഗ്‌മാന് ഒരുപക്ഷേ, സിനിമയോടുളളതിലേറെ അടുപ്പം അരങ്ങുമായായിരുന്നു. രണ്ട് മേഖലയുമായുളള ഉറ്റ പരിചയത്തിൽ നിന്ന് കൗതുകകരമായ ഒരു നിഗമനത്തിൽ​ അദ്ദേഹം എത്തിച്ചേരുകയുണ്ടായി: ” The theatre is like a loyal wife, film the big adventure, the expensive and demanding mistress- you worship both, each in its own way.”

സ്റ്റോക്ഹോമിലെ ദ് റോയൽ​ ഡ്രമാറ്റിക് തിയേറ്ററിൽ തന്നെ അടിമുടി സ്വാധീനിച്ച എഴുത്തുകാരനായ അഗസ്ത് സ്ട്രിൻഡ് ബർഗിന്റെ ” The Dance of Death’ സംവിധാനം ചെയ്തുകൊണ്ടിരിക്കെ നികുതി വെട്ടിപ്പ് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ബെർഗ്‌മാൻ (1976 ജനുവരി 30) പിന്നീട് സ്വീഡനിൽ നിന്നും സ്വയം കൽപ്പിച്ച ഭ്രഷ്ടുമായി ജർമ്മനിയിലെ മ്യൂനിച്ചിലായിരുന്നു. അവിടെ വിദേശ രാഷ്ട്രങ്ങളുടെ പിന്തുണയോടെ മൂന്ന് ചിത്രങ്ങൾ (‘The Serpent’s Egg,’ ‘Autumn Sonata,’ ‘From the Life of the Marionette’) സംവിധാനം ചെയ്യാനായെങ്കിലും തന്റെ സർഗാത്മക ജീവിതത്തിലെ നഷ്ടപ്പെട്ട കാലമായാണ് മ്യൂനിച്ചിലെ എട്ടുവർഷത്തെ ബെർഗ്‌മാൻ വിലയിരുത്തിയത്. തന്നെ അപമാനിച്ച                        (കുറ്റാരോപണം തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു) സ്വീഡിഷ് സർക്കാരിനോടുളള നീരസം ഉളളിൽ നിലനിർത്തിക്കൊണ്ട് അദ്ദേഹം മാതൃരാജ്യത്തേയ്ക്ക മടങ്ങിയത് ‘Fanny and Alexander’ നിർമ്മിക്കാനായിരുന്നു. അത് പൂർത്തിയായതോടെ (1982) ലോകമെങ്ങുമുളള ആരാധകർ വേദനയോടെ ശ്രവിച്ച, സിനിമയിൽ നിന്ന് എന്നെന്നേക്കുമായി വിരമിക്കുന്നുവെന്ന പ്രഖ്യാപനമുണ്ടായി. നാടകവേദിയുമായുളള ബന്ധം പക്ഷേ, അതിന് ശേഷവും തുടർന്നു.

ഛായാഗ്രഹണത്തിന് പുറമെ, മികച്ച വിദേശ ഭാഷാ ചിത്രത്തിനുളള ഓസ്കാർ പുരസ്കാരം കൂടി നേടിയ, സാമാന്യത്തിലേറെ ദൈർഘ്യമാർന്ന ‘Fanny and Alexander’ ന് വേണ്ടി 1984 ലെ ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയായ ഒരു മുംബൈ തിയറ്ററിൽ രാത്രി നേരത്തുണ്ടായ ആകാംക്ഷാഭരിതമായ കാത്തിരിപ്പ് ഞാനിന്നും വ്യക്തമായി ഓർക്കുന്നു. എന്നോടൊപ്പം തൊട്ടടുത്ത ഇരിപ്പിടത്തിൽ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ പി.പത്മരാജനായിരുന്നു. ഞങ്ങളുടെ കാത്തിരിപ്പ് ചിത്രത്തിന്റെ രചയിതാവിന് വേണ്ടിക്കൂടിയുളളതായിരുന്നു. ‘Fanny and Alexander’ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിക്കുമ്പോൾ ബെർഗ്‌മാൻ സന്നിഹിതനാകുമെന്ന അഭ്യൂഹത്തെ തുടർന്ന് പ്രദർശനശാല നിറഞ്ഞു കവിഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവിൽ അരങ്ങത്ത് പ്രത്യക്ഷപ്പെട്ടത് ബെർഗ്‌മാന്റെ സ്ഥിരം അഭിനേതാക്കളിലൊരാളും അടുത്ത സുഹൃത്തുമായ എർലാൻഡ് ജോസഫ്സണാണ്. ബെർഗ്‌മാന് വരാൻ കഴിയാത്തതിലുളള ഖേദം (അദ്ദേഹം ഒരിക്കൽപ്പോലും ഇന്ത്യയിൽ വന്നിട്ടില്ല) ജോസഫ്സൺ അറിയിച്ചു. പാതിരാവ് കഴിഞ്ഞ് ചിത്രത്തിന്റെ പ്രദർശനം സമാപിച്ചപ്പോൾ പത്മരാജൻ അതിശയാതിരേകത്തോടെ എന്നോട് പറഞ്ഞു: What a thrilling experience!

ആടുകളുടെ ദ്വീപായ ഫാരോ (Faro: Sheep island) ഇംഗ്‌മർ ബെർഗ്‌മാന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു. ഇരുപത്തിനാല് വർഷം സഹധർമ്മിണിയായി ഒപ്പമുണ്ടായിരുന്ന ഇൻഗ്രിഡ് വോൻ റോസന്റെ ദേഹവിയോഹത്തോടെ ദ്വീപിൽ ബെർഗ്‌മാനും ആടുകളും മാത്രമായി. ആ ഏകാന്തമായ ദ്വീപ് ഇരുണ്ട സ്വപ്നങ്ങളുടേതുകൂടിയായിരുന്നു. എൺപത്തിയൊമ്പതാം വയസ്സിൽ മരണം വിജയമാഘോഷിക്കുന്നതിന് തൊട്ടുമുമ്പായി cinematic maestro കണ്ട അവസാനത്തെ സ്വപ്നം എന്തായിരിക്കാം?

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: 100 years of ingmar bergman c v balakrishnan