സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ദുർബല ജനവിഭാഗം നേടിയ വിജയഗാഥയുടെ വർത്തമാനമാണ് ആറളംഫാം ഗവൺമെന്റ്സ്കൂളിന്റേത്. പത്താംക്ലാസ് പരീക്ഷയെഴുതിയ 26 കുട്ടികളും മികച്ച വിജയം നേടി കേരളത്തിന് വഴി കാണിക്കുന്നു. അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും മറ്റ് അധികൃതരുടെയും നാട്ടുകാരുടെയും കൂട്ടായ്മ, കുട്ടികളുടെയും അധ്യാപകരുടെയും അർപ്പണമനോഭാവം. പുതിയ ചരിത്രമെഴുതുകയാണ് ചിതറിത്തെറിപ്പിക്കപ്പെട്ട ജീവിതങ്ങൾ. പത്ത് പെൺകുട്ടികൾ 16 ആൺകുട്ടികളുമാണ് ആറളംഫാം ഗവ; സ്കൂളിൽ നിന്നും ഇത്തവണ പരീക്ഷ എഴുതിയത്. ചരിത്രത്തിൽ ആദ്യമായി ആറളം സ്കൂളിൽ ഫിസ്ക്സിന് എ പ്ലസ് കിട്ടി. കണക്കിൽ ആറ് കുട്ടികള്‍ക്കു മാത്രമാണ് കഷ്ടി വിജയമായ ഡിപ്ലസ് ലഭിച്ചത്. മറ്റെല്ലാവര്‍ക്കും എല്ലാവിഷയത്തിനും സിക്കും മുകളിലേക്കുള്ള ഗ്രേഡുകള്‍. മലയാളത്തിൽ 23 കുട്ടികൾക്ക് എ പ്ലസ് 90ശതമാനത്തിലേറെ മാർക്ക് മൂന്ന് കുട്ടികൾക്ക് 80 ശതമാനത്തിലേറെ മാർക്ക് അടയാളപ്പെടുത്തുന്ന എയും കിട്ടി. നാല് എ പ്ലസ് കിട്ടിയവരും മൂന്ന് എ പ്ലസ് കിട്ടിയവരുമുണ്ട്. 26 കുട്ടികളിലെല്ലാർക്കും ഏതെങ്കിലുമൊരു വിഷയത്തിൽ എ പ്ലസ് കിട്ടിയിട്ടുണ്ട്. പഠനത്തിന്റെ പുതിയ പാഠങ്ങളായി കുട്ടികളും സ്കൂളും എഴുതിയ വിജയഗാഥയാണിത്. അതിനെ കുറിച്ച് സ്കൂളിലെ അധ്യാപകനും മലയാള സാഹിത്യത്തിലെ യുവ എഴുത്തുകാരിൽ ശ്രദ്ധേയനുമായ വിനോയ് തോമസ് എഴുതുന്നു
ഒരാഴ്ചത്തേയ്ക്കം ഒന്നോ രണ്ടോ ദിവസത്തേക്കുമൊക്കെയായി കേരളത്തിന്റെ പല ഭാഗത്തു നിന്നുളള കുട്ടികൾ കൊതിയോടെ പ്രകൃതിസഹവാസക്യാമ്പിന് വരാറുളള ഇടമാണ് ആറളം വന്യജീവി സങ്കേതം. അതിനോട് തൊട്ട് ചേർന്ന് കിടക്കുന്ന സ്കൂളിൽ എന്നും പ്രകൃതി സഹവാസത്തോടെ ജോലി ചെയ്യുക എന്നതുതന്നെ ഒരു ഭാഗ്യമാണ്. ആ ഭാഗ്യം 2016ലെ ഓണക്കാലം മുതൽക്കാണ് എനിക്കു കിട്ടുന്നത്. ആറളം വന്യജീവി സങ്കേതത്തിന്റെ ശീതളഛായയും കുളിർമ്മയും ആറളം ഫാം സ്കൂളിന് ഇതുവരെ ഉണ്ടായിട്ടില്ല. മരങ്ങളില്ലാത്ത ഒരു വെളിപ്രദേശത്താണ് സ്ക്കൂള്. സ്കൂൾ കോമ്പൗണ്ടിൽ കുട്ടികള്‍ നട്ടു പരിപാലിക്കുന്ന മരങ്ങൾ വളർന്നു വലുതായി വരുന്നതേയുളളൂ.
വലിയ ചില നിര്‍മ്മാണങ്ങള്‍ അവിടെ നടക്കുന്നതാണ് ഞാന്‍ ആദ്യം കാണുന്നത്. അത് കെട്ടിടങ്ങളല്ല. അവിടുത്തെ അധ്യാപകരും രക്ഷാകർത്താക്കളും ജില്ലാപഞ്ചായത്തും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും ചേർന്നുകൊണ്ടു നടത്തുന്ന വലിയൊരു സാമൂഹ്യ നിര്‍മ്മാണം. അതു നോക്കികാണുകയും അതിനോട് ചേർന്ന് നിൽക്കാൻ ശ്രമിക്കുകയുമാണ് ഞാനിപ്പോൾ ചെയ്യുന്നത്.
ആറളം ഫാം ഏഷ്യയിലെഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാണിന്ന്. കൃഷി ചെയ്യാൻ ഒരേക്കർ സ്ഥലവും വീടുവെയ്ക്കാനുളള ധനസഹായവും തൊഴിലും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നതായിരുന്നു പുനരധിവാസ പാക്കേജ്. അതുകൊണ്ടുതന്നെ ഗോത്രവര്‍ഗ്ഗ സാമൂഹികജീവിതത്തില്‍ ഭരണകൂടം നടത്തിയ വലിയൊരു പരീക്ഷണത്തിന്റെ വിജയ പരാജയങ്ങളറിയാന് മനുഷ്യസ്നേഹികള്‍ കാത്തിരിക്കുകയാണ്. ആ റിസല്റ്റു പേപ്പറിലേക്ക് ഞാന്‍ നോക്കുമ്പോള്‍ കാണുന്നത് വിജയപരാജയങ്ങളല്ല. ജീവിതമാണ്. ലോകാരംഭം മുതല്‍ ഇന്നേവരെ വിജയമോ പരാജയമോ എന്ന് തിരിച്ചറിയപ്പെടാത്ത മനുഷ്യജീവിതം.
പല ദേശങ്ങളിൽ നിന്ന്, പല സംസ്കാരങ്ങളിൽ നിന്ന്, പറിച്ചു നടപ്പെട്ടവരുടെ കുട്ടികൾക്ക് ഒന്നിച്ചു ജീവിക്കുന്നതിനുളള പുതിയൊരു ക്രമം രൂപപ്പെടുന്നിനുളള അയല്‍ക്കൂട്ടമാണ് ആറളം ഫാം ഗവഃ ഹൈസ്കൂള്‍. കുറിച്യ, പണിയ, കരിമ്പാല, കുറുമ, കാട്ടുനായ്ക്കർ തുടങ്ങിയ വിഭാഗത്തിൽപ്പെട്ട കുട്ടികളെല്ലാവരും ആറളം ഫാം സ്കൂളിൽ ഒരുമിച്ച് പഠിക്കുന്നു. ജനുവരി മാസത്തിൽ നടന്ന സ്കൂൾ വാർഷികം ഇവരുടെയൊക്കെ കലാരൂപങ്ങളുടെ ഒരു സാംസ്കാരിക സംഗമമായി മാറി. വിൻസെന്റ് മാഷാണ് കലാസംഗമത്തിന് നേതൃത്വം കൊടുത്തത്. വട്ടക്കളി, കൊക്കമാന്തികളി, തുടികൊട്ടും ചീനിവിളിയും, വ്യത്യസ്ത വിഭാഗങ്ങളുടെ നാടൻ പാട്ടുകൾ, താളമേളങ്ങൾ, എല്ലാം ചേർന്ന് ഒരു ഗോത്രകലാമേളയായി അത് മാറി. അതിന് മുന്‍പുതന്നെ, വേണുമാഷിന്റെയും സൽഗുണൻമാഷിന്റെയുമൊക്കെ നേതൃത്വത്തിൽ കായികമേള ഗംഭീരമായി നടന്നിരുന്നു. ഉപജില്ലാ കായികമേളയിൽ എല്ലാ കൊല്ലവും വിജയിക്കുന്നവരാണ് ആറളം ഫാമിലെ കുട്ടികൾ.
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എൻ. പ്രഭാകരൻ മാഷ് അപ്രതീക്ഷിതമായി ഒരു ദിവസം സ്കൂളിലേയ്ക്കു വന്നു. കുട്ടികളുമായി അദ്ദേഹം നടത്തിയ ഒരു സംവാദം അവരുടെ ഉളളിലെ പല കാര്യങ്ങളും പുറത്തേയ്ക്കു കൊണ്ടുവരുന്ന അനുഭവ വിവരണങ്ങളായി മാറുകയായിരുന്നു. അക്ഷരത്തെറ്റ് നിറഞ്ഞ ഭാഷയിൽ അവരത് കുത്തിക്കുറിച്ച് പ്രഭാകരൻമാസ്റ്റര്ക്കു നൽകി. അദ്ദേഹം സമയം മാസികയുടെ ജനുവരി ലക്കത്തിലൂടെ ആ രചനകൾ കേരളത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
സ്കൂളിൽ സ്ഥിരമായി വരുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കണ്ണൂർ ജില്ലാകലക്ടർ മീർ മുഹമ്മദലി മുൻകൈ എടുത്ത് മിക്ക മാസങ്ങളിലും തിരഞ്ഞെടുത്ത കുട്ടികളെ കണ്ണൂർ പട്ടണത്തിലേയ്ക്ക് പഠനയാത്രയ്ക്ക് കൊണ്ടുപോയി. വിസ്മയ പാർക്കിലും കടൽതീരത്തും കോട്ടയിലും ഷോപ്പിങ്മാളിലും കയറിയിറങ്ങിയ കുട്ടികൾ മത്സരിച്ച് സ്കൂളിൽ വരാൻ തുടങ്ങി. ഗിരീഷ് മാഷിന്റെയും ലൗലിടീച്ചറിന്റെയും നേതൃത്വത്തിലുളള സ്റ്റുഡന്റ് പൊലീസ് യൂണിറ്റ് വ്യത്യസ്തമായ പരിപാടികളിലൂടെ സ്കൂളിനെ ആകർഷണീയമാക്കി മാറ്റി. ‘ഒരു കരൾ സെൽഫി’ എന്ന പേരിൽ സ്റ്റുഡന്റ് പൊലീസ് അവതരിപ്പിക്കുന്ന ബോധവത്ക്കരണനാടകം കണ്ണൂർ ജില്ലയിലെ പല ഭാഗത്തും ഇതിനകം അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. സ്കൂളിലേയ്ക്കു പുതുതായി വന്ന ശാസ്ത്രbഅധ്യാപികയായി വന്ന സ്നിജ ടീച്ചർ ലാബുകൾ മോടിപിടിപ്പിക്കുകയും ക്ലാസ്റൂമിൽ ശാസ്ത്രപഠനത്തിനുളള പുതിയ രീതികൾ സ്വീകരിക്കുകയും ചെയ്തു.
2017 ജനുവരി പകുതിയോടുകൂടി സ്കൂളില്‍ എസ് എസ് എൽ സി പഠനക്യാമ്പ് ആരംഭിച്ചപ്പോൾ മുതൽ എന്റെ അധ്യാപകജീവിതത്തിൽ ഇതുവരെ കിട്ടാത്ത പുതിയ അനുഭവങ്ങളിലൂടെ കടന്നുപോവുകുയായിരുന്നു ഞാൻ. എസ് എസ് എൽ സി പരീക്ഷ എന്ന ലക്ഷ്യം വച്ചാണ് ക്യാമ്പ് തുടങ്ങുന്നതെങ്കിലും അതിനും എത്രയോ അപ്പുറത്തുളള സഹജീവനത്തിന്റെ പുതിയ അധ്യയനപാഠങ്ങൾ അവിടെ ആരംഭിക്കുകയായിരുന്നു. ജോൺ മാഷും ശിവേഷ് മാഷും വിൻസെന്റ് സാറും നൗഷാദ് സാറും ഹർഷ ടീച്ചറും ശശികല ടീച്ചറും ഗിരീഷ്സാറും ലൗലിടീച്ചറും മഞ്ചുടീച്ചറു മഹിജേച്ചിയും അന്‍വറും സന്തോഷും തുടങ്ങി സ്ക്കൂളിലെ എല്ലാവരും രാത്രിയും പകലും കടുംബാംഗങ്ങളേപ്പോലെ കുട്ടികള്‍ക്കൊപ്പം കൂടി.
എല്ലാ ദിവസവും പുലർച്ചയെും വൈകുന്നേരവും ചീങ്കണ്ണി പൂഴയിലേയ്ക്കു കുളിക്കാനുളള പോക്കാണ് ഏറ്റവും ഓർമ്മയിൽ നിൽക്കുന്നത്. ചീങ്കണ്ണിപുഴയിലെ കയങ്ങളിലും തോടിറിമ്പിലെ കാടുകളിലും എത്തുമ്പോൾ വിദ്യാർത്ഥികൾ ഗുരുക്കന്മാരായി മാറി. പുഴയുടെ ആഴങ്ങളെകുറിച്ചും ഒഴുക്കിനെപ്പറ്റിയും മീനുകളെക്കുറിച്ചും പുഴയുടെകരയിലും ആഴങ്ങളിലുമുളള സസ്യങ്ങളെപ്പറ്റിയും അവർ അധ്യാപകർക്ക് പാഠങ്ങൾ പകർന്നു കൊടുത്തുകൊണ്ടേയിരുന്നു. ഒരു മണിക്കൂറോളം നീളുന്ന ആ നീന്തലും വിസ്തരിച്ചുളള കുളിയുമാണ് ഒരു ദിവസം മുഴുവൻ പാഠപുസ്തകങ്ങളിലൂടെ കടന്നുപോകാനുളള ഉന്മേഷം കുട്ടികൾക്ക് നൽകിയിരുന്നതെന്ന കാര്യം ഉറപ്പാണ്.
സ്കൂൾ ഗ്രൗണ്ടില്‍ ഷട്ടിലും ക്രിക്കറ്റും ഓടിപിടുത്തവും ചട്ടികളിയും ഏറുപന്തും അമ്പെയ്ത്തും ആഴികൂട്ടിയുള്ള പാട്ടുമെല്ലാം നടന്നു. അതിനിടയില്‍ പാഠപുസ്തകങ്ങളിലൂടെയും കടന്നുപോയി. ബാബു സാറിന്റെയും താത്തയുടെയും നേതൃത്വത്തിൽ ഭക്ഷണം കൃത്യമായി കിട്ടുന്നുണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് ഡെയ്സി ടീച്ചർ ഓരോ ദിവസവും കാര്യങ്ങൾ കൃത്യമായി അന്വേഷിക്കും.
രാത്രിയിൽ സ്കൂളിന്റെ മതിൽക്കെട്ടിന് ചുറ്റും നടക്കുന്ന കാട്ടാനക്കൂട്ടങ്ങള്‍ ക്യാമ്പിന്റെ പുരോഗതി വിലയിരുത്താറുണ്ടായിരിക്കും. പക്ഷേ സ്ഥിരമായിട്ടുണ്ടായിരുന്ന കുറേപ്പേര് വേനല്‍ കടുത്തതോടെ കുട്ടികളോട് യാത്രപറഞ്ഞു പോയി. സ്കൂൾകോമ്പൗണ്ടിലുണ്ടായിരുന്ന നൂറ്റമ്പതോളം കുരങ്ങന്മാരാണ് അവർ. ചീങ്കണ്ണിപ്പുഴയോരമാണ് അവരുടെ വേനല്ക്കാലതാവളം. ഇനി സ്ക്കൂള് തുറക്കുമ്പോഴേ അവര്‍ വന്ന് ഡ്യൂട്ടി ഏറ്റെടുക്കുകയുള്ളൂ.
പത്താംക്ലാസ്സിലെ എല്ലാവര്ക്കും എസ് എസ്എൽസിയുടെ വിജയസര്ട്ടിഫിക്കറ്റുകള് കിട്ടും. പക്ഷേ അതിലും എത്രയോ മൂല്യമുള്ള അനുഭവമുദ്രകളാണ് അവരുടെ ജീവിതത്തിന്റെ മേല്‍ ഈ സ്ക്കൂള് ജീവിതം പതിച്ചു നല്‍കിയത്. ഒന്നു മുതൽ പത്തു വരെയുളള ക്ലാസുകളിലെ എല്ലാ അധ്യാപകരും മറ്റു സ്റ്റാഫുകളും ചേർന്ന ഒരു കൂട്ടായ്മ സ്കൂളിനെ മുന്നോട്ട് നയിക്കുന്നുവെന്നത് വളരെ സന്തോഷകരമാണ്. അവരോട് കൂടി ചേർന്ന് നിൽക്കുകയെന്നത് എനിക്ക് കിട്ടിയ ഭാഗ്യവും.

എനിക്ക് ആശങ്കകൾ നന്നായി ഉണ്ട്. ഇനിയും സ്കൂളിലേയ്ക്ക് വരാതെ ബന്ധുവീടുകളിലും പുഴയിറമ്പുകളിലും കാടരികുകളിലും അവർ ഇതുവരെ നയിച്ചുവന്ന ജീവിതം തുടരുന്ന കുട്ടികളെ കുറിച്ച്, ഇടയ്ക്ക് പൊലീസുകാരും പഞ്ചായത്ത് അധികൃതരും പോയി വിളിക്കുമ്പോൾ ഒരാഴ്ചയൊക്കെ സ്കൂളിലേയ്ക്ക് എത്തി തിരിച്ചുപോയവരെ കുറിച്ച്, കഴിഞ്ഞ വർഷങ്ങളിലൊക്കെ എസ് എസ് എൽ സി വിജയിച്ച് തുടർന്ന് പഠിക്കാനാവാതെ വീടുകളിലും ഫാമിന്റെ കൃഷിയിടങ്ങളിലും ഒതുങ്ങിപോകുന്നവരെ കുറിച്ച്, പുതിയ കാലത്തിന്റെ കുരുക്കുകളിലേയ്ക്ക് നിഷ്കളങ്കമായി നടന്നുപോകുന്നവരെ കുറിച്ച്, എന്നാൽ പ്രതീക്ഷകളുമുണ്ട്. ആറളം ഫാം സ്കൂളിന് പ്രത്യേക ശ്രദ്ധ നൽകുന്ന അധികൃതരെ ഓർത്ത്, സജീവമായി നിൽക്കുന്ന ഗ്രാമ- ജില്ലാപഞ്ചായത്തുകളെ ഓര്‍ത്ത്, സ്കൂളിനെ സ്വന്തം സ്ഥാപനമായി കരുതുന്ന ടി ആർ ഡി എമ്മിനെ ഓർത്ത്, കരുതലുള്ള വനംവകുപ്പിനെയോര്ത്ത്. അർപ്പണബോധത്തോടെ കഠിനാധ്വാനം ചെയ്യുന്ന അധ്യാപകരെ ഓർത്ത്. ഇനിയും നല്ലകാലങ്ങൾ വരട്ടെ.