ന്യൂഡൽഹി: ബാലാകോട്ട് മാതൃകയില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീണ്ടും ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും രാജ്യന്തര സമൂഹത്തിന്റെ സമ്മർദത്തെ തുടര്‍ന്നും പാക്കിസ്ഥാന്‍ തങ്ങളുടെ മണ്ണിലെ ഭീകരവാദ ക്യാമ്പുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്.
പാക്കിസ്ഥാനില്‍ ഭീകരവാദ ക്യാമ്പുകള്‍ ഉള്ളതായി തെളിവുകള്‍ നിരത്തി, ആഗോള ബന്ധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ സമ്മർദം ശക്തമാക്കിയതോടെയാണ് ഇത്തരം ക്യാമ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക് അധീന കശ്മീരിലെ മുസാഫറാബാദിലും കോട്‌ലിയിലും അഞ്ച് വീതവും ബര്‍ണയില്‍ ഒരു ഭീകരവാദ ക്യാമ്പും ഉള്‍പ്പെടെ 11 ക്യാമ്പുകള്‍ ഉള്ളതായി ഇന്ത്യ തെളിവ് നിരത്തിയിരുന്നു. ഇതോടെ രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന് മേല്‍ സമ്മർദം ഏറി.
Read More: ഇമ്രാന്‍ ഖാന്‍ മോദിക്ക് കത്തയച്ചു; പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്നാവശ്യം
ഇന്ത്യയിലെ സുന്ദര്‍ബാനി, രജൗരി മേഖലകള്‍ക്ക് സമാന്തരമായി ലഷ്‌കറെ തയിബ സ്ഥാപിച്ച ഭീകര ക്യാംപുകളെല്ലാം അടച്ചു. ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവരുടെ ക്യാംപുകളും അടച്ചുപൂട്ടിയവയിലുണ്ട്.
അതേസമയം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു. കിര്‍ഗിസ്താനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിക്കിടെ ഇമ്രാനുമായി മോദി ചര്‍ച്ച നടത്തില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് മോദിക്ക് പുതിയ കത്തയച്ചിരിക്കുന്നത്. ജൂണ്‍ 13, 14 തീയതികളിലാണ് ഉച്ചകോടി നടക്കുക.
സമാധാനപരമായ സഹോദര്യത്തിന്റെ നയമാണ് പാക്കിസ്ഥാന്‍ മുന്നോട്ട് വയ്ക്കുന്നത്. ഒന്നിച്ച് പ്രവര്‍ത്തിക്കണം. പരസ്പര ബഹുമാനത്തോടെയും വിശ്വാസത്തിലൂടെയും പ്രശ്നങ്ങളെ ഒന്നിച്ച് നേരിടുകയാണ് വേണ്ടത്. ഉപഭൂഖണ്ഡത്തിന്റെ വികസനത്തിനും മേഖലയിലെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച അനിവാര്യമാണെന്നും ചര്‍ച്ച മാത്രമാണ് പ്രശ്നപരിഹാരത്തിനുള്ള വഴി എന്നും മോദിക്ക് അയച്ച കത്തില്‍ ഇമ്രാന്‍ ഖാന്‍ പറയുന്നു.
Read More: പ്രശ്നം ഗുരുതരമാക്കാൻ തൽപര്യമില്ല, നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു: ഇമ്രാൻ ഖാൻ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് രണ്ടാം തവണയും മോദി പ്രധാനമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ അഭിനന്ദനം അറിയിച്ച് ഇമ്രാന്‍ ഖാന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദിയോട് ഇമ്രാന്‍ ഖാന്‍ ഫോണിലൂടെ അറിയിക്കുകയായിരുന്നു. ദക്ഷിണേഷ്യയുടെ വികസനം യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ആഗ്രഹമെന്നും ഇമ്രാന്‍ അന്ന് മോദിയോട് പറഞ്ഞിരുന്നു.
പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ട് ആക്രമണവും ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തെ ഏറെ വഷളാക്കിയിരുന്നു. അതിനു പിന്നാലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയവുമായി മോദി വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തില്‍ ആശംസകളര്‍പ്പിച്ച് ഇമ്രാന്‍ മോദിയെ ഫോണില്‍ ബന്ധപ്പെട്ടത് ശുഭസൂചനകളാണ് നല്‍കിയതെങ്കിലും ഉച്ചകോടിയില്‍ ഇമ്രാനുമായി ചര്‍ച്ച നടത്തില്ലെന്ന് പ്രധാനമന്ത്രി തീരുമാനിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങിയിരിക്കുകയാണ്.