/indian-express-malayalam/media/media_files/uploads/2019/01/Asiatic-Library.jpg)
തിരുത്ത്
സൗത്ത് മുംബൈയിലെ പ്രശസ്തമായ ഏഷ്യാറ്റിക് സൊസൈറ്റി ലൈബ്രറി സന്ദർശിച്ച ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ (ടിസ്സ്) രണ്ടു വിദ്യാർത്ഥിനികൾക്ക് ലിംഗവിവേചനം നേരിടേണ്ടി വന്നതായി ഈ ലേഖനത്തിൽ തെറ്റായി റിപ്പോർട്ട് ചെയ്തതാണ്. അതേ കെട്ടിടത്തിലെ സ്റ്റേറ്റ് ലൈബ്രറിയിലാണ് വിദ്യാർത്ഥിനികൾ പോയത്. ദി ഏഷ്യാറ്റിക് സൊസൈറ്റി നിലവിൽ അടച്ചിട്ടിരിക്കുകയാണ്. സ്റ്റേറ്റ് ലൈബ്രറിയിലാണ് വനിതകൾക്കായി പ്രത്യേക വിഭാഗം ഉള്ളത്. അഭികാമ്യമല്ലാത്ത പ്രവർത്തനങ്ങൾ ഒഴിവാക്കാനാണ് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക വിഭാഗം സജ്ജീകരിച്ചിരിക്കുന്നതെന്ന് ലൈബ്രേറിയൻ എസ്.കെ.പ്രസാദ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. തെറ്റായ റിപ്പോർട്ടിൽ ഖേദിക്കുന്നു
മുംബൈ: സൗത്ത് മുംബൈയിലെ പ്രശസ്തമായ ഏഷ്യാറ്റിക് സൊസൈറ്റി ലൈബ്രറി സന്ദർശിച്ച ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ (ടിസ്സ്) വിദ്യാർത്ഥിനികളെ 'സ്ത്രീകൾക്ക് മാത്ര'മുള്ള വിഭാഗം ഉപയോഗിക്കാൻ പറഞ്ഞതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധം.
ജനുവരി 25 ന് തന്റെ സുഹൃത്ത് റേച്ചൽ അലക്സാണ്ടറിനൊപ്പം ടിസിലെ അർബൻ പോളിസി വിഭാഗത്തിലെ വിദ്യാർത്ഥിനിയായ അന്ന ബ്രിട്ടാസ് ലൈബ്രറിയിലേക്ക് പോവുകയുണ്ടായി. "അവിടേയ്ക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു അത്. ചരിത്ര പ്രാധാന്യമുള്ള ലൈബ്രറി ഒന്ന് 'എക്സ്പ്ലോര്‍' ചെയ്യാം എന്ന് കരുതിയാണ് പോയത്. എന്നാൽ അക്ഷരാർത്ഥത്തിൽ അതൊരു ചരിത്രകാലത്തേക്കുള്ള ഒരു യാത്രയാകുമെന്ന് പ്രതീക്ഷിച്ചില്ല. സ്ത്രീകൾ പൊതു വിഭാഗത്തിൽ ഇരുന്നു വായിക്കുന്ന കാഴ്ച പോലും ഉൾകൊള്ളാൻ കഴിയാത്ത ലൈബ്രറി ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് പുരുഷന്മാർ, ഉള്ളൊരു കാലഘട്ടത്തിലാണ് എത്തിച്ചേർന്നത്" അന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
റീഡിങ് ഹാളിന്റെ ഒൻപതിൽ ഒന്ന് വലിപ്പമുള്ളതും 'കണ്‍ജെസ്റ്റഡു'മായ 'ലേഡീസ് ഒൺലി' ഭാഗത്തിൽ ഇരുന്നു വായിക്കാൻ പറഞ്ഞതിന്റെ അമർഷമാണ് അന്ന തന്റെ നീണ്ട ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. "ഞങ്ങൾ കരുതിയത് ഒഴിഞ്ഞു കിടന്ന ജനറൽ വിഭാഗത്തിൽ ഇരുന്നു വായിക്കാമെന്നാണ്. എന്നാൽ സ്ത്രീകൾക്ക് 'ലേഡീസ് ഒൺലി' ഭാഗത്തിരുന്നു മാത്രമേ വായിക്കാൻ സാധിക്കുകയുള്ളു എന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. അവിടെയുള്ള ഓരോ വ്യക്തികളായി, തിങ്ങി നിറഞ്ഞ ഓരോ ഇടങ്ങൾ ചൂണ്ടിക്കാണിച്ചു, അവിടെയിരുന്നു വായിക്കാൻ നിർദ്ദേശിച്ചു. ഞങ്ങളുടെ കൈയ്യിൽ ലാപ്ടോപ്പ് ഉണ്ടെന്നും ഇത്രയും തിരക്കുള്ള സ്ഥലത്തിരുന്നു വായിക്കുന്നതിനേക്കാൾ ഒഴിഞ്ഞു കിടക്കുന്ന 'ജനറൽ വിഭാഗ'ത്തിൽ ഇരുന്നു വായിക്കാമല്ലോ എന്ന നിർദ്ദേശം ഉന്നയിച്ചപ്പോൾ അത് പുരുഷന്മാർക്ക് മാത്രമുള്ള സ്ഥലമാണ് എന്നായിരുന്നു മറുപടി," പോസ്റ്റിൽ പറയുന്നു.
ഏഷ്യാറ്റിക് ലൈബ്രറിയുടെ അഡ്മിനിസ്ട്രേഷൻ പ്രതിനിധിയുമായി ഇന്ത്യൻ എക്സ്പ്രസ്സ് ബന്ധപ്പെട്ടപ്പോൾ അത്തരമൊരു സംഭവം ലൈബ്രറിയിൽ നടക്കാൻ സാധ്യതയില്ല എന്നായിരുന്നു മറുപടി. "ഏഷ്യാറ്റിക് സൊസൈറ്റി ലൈബ്രറിയിൽ ഇത്തരമൊരു സംഭവം നടന്നിട്ടില്ല. അത് മറ്റേതെങ്കിലും ലൈബ്രറിയിൽ ആയിരിക്കണം," ലൈബ്രറി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ചന്ദ്രകാന്ത് മാനെ അറിയിച്ചു. ലൈബ്രറിയിൽ അംഗത്വമുള്ളവരെ മാത്രമേ ഇവിടെ പ്രവേശിപ്പിക്കാറുള്ളൂവെങ്കിലും 'റീഡിങ് ഹാള്‍' എല്ലാവർക്കും ഉപയോഗിക്കാവുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 25നു കുറിച്ച പോസ്റ്റ് ഓണ്‍ലൈനില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. "പോസ്റ്റിനു ഇത്രയധികം പിന്തുണ ലഭിക്കുമെന്നു ഞാൻ കരുതിയില്ല. എന്റെ സുഹൃത്തിനും എനിക്കും ഒരുപാടു അമർഷം ഉണ്ടായൊരു സംഭവമായതിനാലാണ് അത് ഫെയ്സ്ബുക്കിൽ കുറിച്ചത്. ആദ്യമായി ഏഷ്യാറ്റിക് ലൈബ്രറി സന്ദർശിച്ചപ്പോള്‍ ഉണ്ടായ സംഭവം എന്നതിനാലാണ് ഇത്രയും നടുക്കമുണ്ടായത്," ബ്രിട്ടാസ് ഇന്ത്യൻ എക്സ്പ്രസ്സിനോട് വെളിപ്പെടുത്തി.
പോസ്റ്റിൽ പറയുന്നത് പ്രകാരം, അവരോട് ഒടുവില്‍ ആനുകാലികങ്ങൾ സൂക്ഷിക്കുന്ന വിഭാഗത്തിൽ ഇരിക്കാൻ നിര്‍ദ്ദേശിക്കുകയും എന്നാല്‍ അവിടെ നിന്ന് വീണ്ടും സ്ത്രീകളുടെ വിഭാഗത്തിലേക്ക് പറഞ്ഞയക്കുകയുമുണ്ടായി. "ഇതിനോടകം സൗകര്യമുള്ള ഒരു 'വർക്ക് സ്പേസ്' കണ്ടെത്തിയ ഞങ്ങൾ മൂന്ന് സ്ത്രീകളുണ്ടായിരുന്നു. പിന്നെയും തിങ്ങി ഞെരുങ്ങിയ ഒരൊറ്റ മേശയിലേക്കു മാറി ഇരിക്കാൻ ഞങ്ങൾ തയ്യാറായില്ല. അവിടെയും ഇവിടെയും ഒന്ന് രണ്ടു പുരുഷന്മാർ മാത്രം ഇരിക്കുന്ന ഒരു വലിയ ഹാളിൽ നിന്ന് ഞങ്ങളെ മാറ്റാൻ ശ്രമിക്കുന്നതിന്റെ ദേഷ്യവും ഞങ്ങൾക്കുണ്ടായിരുന്നു," അന്നയുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.