അഗർത്തല: ത്രിപുര മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാരിനെതിരെ വധഭീഷണി. ഒരു ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ തല വെട്ടാൻ ആഹ്വാനം ചെയ്തത്. 5.5 ലക്ഷം ഇനാം പ്രഖ്യാപിച്ച പോസ്റ്റിന് പിന്നാലെ ത്രിപുര പൊലീസ് അന്വേഷണം ആരംഭിച്ചു.

“വ്യാഴാഴ്ച ഈ പോസ്റ്റ് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ വെസ്റ്റ് അഗർത്തല പൊലീസ് സ്റ്റേഷനിൽ ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്”, ജില്ല പൊലീസ് സൂപ്രണ്ട് അഭിജിത്ത് സപ്തർഷി ഐഎഎൻഎസിനോട് പറഞ്ഞു. “ഇന്ത്യൻ ശിക്ഷ നിയമം, ഐടി ആക്ട് എന്നിവ പ്രകാരമാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. പ്രതിയെ കണ്ടെത്താൻ സൈബർ ക്രൈം വിദഗ്ദ്ധരുടെ സഹായം തേടും”, സപ്തർഷി വ്യക്തമാക്കി.

ഈ പോസ്റ്റ് ഇപ്പോൾ പിൻവലിച്ചുകഴിഞ്ഞതായി സപ്തർഷി പറഞ്ഞു. “തീർച്ചയായും ഈ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമയെ ഞങ്ങൾ കണ്ടെത്തും. പക്ഷെ കുറച്ച് സമയമെടുക്കും. നേരത്തേ മണിക് സർക്കാരിന്റെ പേരിൽ ഒരു ഫെയ്സ്ബുക് പേജ് തുറന്നിരുന്നു. ഇതിന്റെ ഉറവിടം അന്വേഷിച്ച് എത്തിയത് ഇൻഡോറിലാണ്.

ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിിന്റെ തല കൊയ്യുന്നവർ ആരായാലും 5.5 ലക്ഷം രൂപ പ്രതിഫലം നൽകുമെന്നായിരുന്നു ഈ പോസ്റ്റിൽ പറഞ്ഞിരുന്നത്.

ഒരു പെൺകുട്ടിയുടെ ചിത്രവും റിയ റോയ് എന്ന പേരുമാണ് ഈ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ പ്രൊഫൈലിൽ വ്യക്തമാക്കിയിരുന്നത്. ആഗോള കമ്യൂണിസ്റ്റ് വിരുദ്ധ കൗൺസിൽ പ്രവർത്തകയാണെന്നാണ് പ്രൊഫൈലിൽ നൽകിയിരിക്കുന്ന വിശദീകരണം. വ്യക്തിഗതമായ യാതൊരു വിവരങ്ങളും പോസ്റ്റിലുണ്ടായിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ