ചെന്നൈ: മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ സിബിഐ അന്വേഷിക്കും. കേസ് സിബിഐക്ക് കൈമാറാൻ തമിഴ്‌നാട് സര്‍ക്കാർ ശുപാർശ നൽകി. ഇപ്പോള്‍ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസ് കേന്ദ്ര ഏജന്‍സിക്ക് വിടുന്നതാണ് നല്ലതെന്ന് കോടതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് ലത്തീഫ് പത്ത് ദിവസങ്ങള്‍ക്കു മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ടിരുന്നു.

ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിനെ കഴിഞ്ഞ മാസം ഒമ്പതിനാണ് ആത്മഹത്യ ചെയ്ത നിലയിൽ ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയത്. ഐഐടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഐഐടി അധികൃതര്‍ പറഞ്ഞത്.

Read Also: Horoscope of the Week (Dec 15 -Dec 21 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്നാണു കുടുംബത്തിന്റെ ആരോപണം. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദിയെന്നായിരുന്നു ഫാത്തിമയുടെ ഫോണില്‍ സ്ക്രീന്‍ സേവറായി ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ്. മൊബൈല്‍ ഫോണിലെ രണ്ട് കുറിപ്പുകളും ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവംബര്‍ ഒന്‍പതിന് മുമ്പ് എഴുതിയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.

സുദര്‍ശന്‍ പത്മനാഭന്റെ പേര് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പുലര്‍ച്ചെ 12.27ന് എഴുതിയതാകാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മൊബൈല്‍ ഫോണിലുള്ള മറ്റ് കുറിപ്പുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്വേഷണ സംഘം കൈപ്പറ്റി.

Read Also: സച്ചിനെ സഹായിക്കാമോ?; ക്രിക്കറ്റ് കരിയറിലെ നിർണായക മാറ്റത്തിനു കാരണമായ വ്യക്തിയെ തേടി ഇതിഹാസം

ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുദര്‍ശന്‍ പത്മനാഭനെ വീണ്ടും ചോദ്യം ചെയ്യും. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നതില്‍ മദ്രാസ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസ് എന്തുകൊണ്ട് സിബിഐക്ക് വിടുന്നില്ലെന്ന് കോടതി ചോദിച്ചിരുന്നു. കേസ് വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഐഐടിയില്‍ നടന്ന മരണങ്ങളിലും വിശദമായ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook