ചെന്നൈ: ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്യാന്‍ കാരണക്കാരനായ അധ്യാപകനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായി പിതാവ് ലത്തീഫ്. തമിഴ്‌നാട് മുഖ്യമന്ത്രിയെയും ഡിജിപിയെയും ലത്തീഫും ബന്ധുക്കളും കണ്ടു. ഇതിനുപിന്നാലെ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. മകളുടെ മരണത്തിന് കാരണക്കാരനായ അധ്യാപകനെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ലത്തീഫ് പറഞ്ഞു.

പൊലീസിനെതിരെ കടുത്ത വിമര്‍ശനമാണ് ലത്തീഫ് ഉന്നയിച്ചത്. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. ഫാത്തിമയുടെ മുറി സീല്‍ ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്നും ആത്മഹത്യാ കുറിപ്പ് എഫ്‌ഐആറിനൊപ്പം വച്ചില്ല. സിസി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് നല്‍കിയില്ലെന്നും ലത്തീഫ് ആരോപിച്ചു.

അധ്യാപകനാണ് മരണത്തിന് കാരണമെന്ന് പറയുന്ന ഫാത്തിമയുടെ കുറിപ്പ് ഡിജിപിയ്ക്കു കൈമാറിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയെയും ഡിജിപിയേയും തനിക്ക് വിശ്വാസമാണ്. എന്നാൽ ഐഐടി അധികൃതര്‍ മോശമായാണ് പെരുമാറിയത്.

മകള്‍ മരിച്ച ദിവസം ക്യാംപസില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. സംഭവദിവസം രാത്രി ഫാത്തി ക്യാംപസിലിരുന്ന് കരഞ്ഞു. ഒരു സ്ത്രീ വന്ന് അവളുടെ കണ്ണ് തുടച്ചു. അതാരാണെന്ന് അറിയില്ല. അധ്യാപകനില്‍നിന്ന് ഏതു തരത്തിലുള്ള പീഡനമാണ് മകള്‍ക്കുണ്ടായതെന്ന് അറിയില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇനിയൊരു ഫാത്തിമയ്ക്ക് ഈ അവസ്ഥ ഉണ്ടാകരുതെന്നും ലത്തീഫ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook