തിരുവനന്തപുരം: മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമയുടെ മരണത്തിന് കാരണക്കാരായവരെ അടുത്ത വെള്ളിയാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യണമെന്ന് പിതാവ് ലത്തീഫ്. അല്ലെങ്കില്‍ മകള്‍ അനുഭവിച്ച കാര്യങ്ങള്‍ വിളിച്ചുപറയും. കുറ്റവാളികള്‍ ഇപ്പോഴും ക്യാംപസില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോശം അനുഭവമാണു ചെന്നെെയിലെ പൊലീസ് സ്റ്റേഷനില്‍നിന്നുണ്ടായത്. ഇത്രയും വൃത്തികെട്ട അന്വേഷണം ഒരു അന്വേഷണ സംഘവും നടത്തരുത്. ഫാത്തിമയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിട്ട് ഒരാഴ്ച പിന്നിട്ടു. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍നിന്നു ലത്തീഫും ബന്ധുക്കളും കേരളത്തിലേക്കു മടങ്ങിയിട്ടുണ്ട്.

ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍.സുബ്രഹ്മണ്യം ഇന്ന് ചെന്നൈയിലെത്തും. കേന്ദ്ര ഇടപെടലിനെത്തുടര്‍ന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എത്തുന്നത്. ഐഐടിയിലെത്തിയ ശേഷം അദ്ദേഹം വിദ്യാര്‍ഥികളില്‍നിന്നു മൊഴിയെടുക്കും. ഫാത്തിമയുടെ മരണത്തെത്തുടര്‍ന്ന് എംഎ ഇന്റഗ്രേറ്റഡ് ബാച്ചിന് അവധി നല്‍കിയിരിക്കുകയാണ്.

Read More: ഫാത്തിമ ലത്തീഫിന്റെ മരണം: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ഐഐടിയിലെത്തും
വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിനു സമര്‍പ്പിക്കും. ആരോപണ വിധേയരായ അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും.

അതേസമയം, കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഫാത്തിമയുടെ കൊല്ലത്തെ വീട്ടിലെത്തും. അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തും. ഫാത്തിമയുടെ ലാപ് ടോപ്പും ടാബും സംഘം പരിശോധിക്കും.

ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആരോപണ വിധേയനായ അധ്യാപകനോട് ക്യാംപസ് വിട്ടു പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook