ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിനി ഫാത്തിമ ല‌ത്തീഫിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് അബ്ദുൽ ലത്തീഫിന്റെ മൊഴിയെടുത്തു. അഡീഷണൽ കമ്മീഷണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ് പൂർത്തിയായത്. ഫാത്തിമയുടെ ബന്ധുക്കളുടെയും മൊഴിയുമെടുക്കും. ഫാത്തിമയുടെ മരണത്തിൽ ആരോപണ വിധേയനായ ഐഐടി അധ്യാപകനെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ക്യാമ്പസ് വിട്ട് പുറത്തുപോകരുതെന്ന് ഇയാൾക്ക് ക്രൈംബ്രാഞ്ച് നിർദേശം നൽകിയതായും വിവരമുണ്ട്.

മകളുടെ മരണത്തിൽ നീതി കിട്ടുംവരെ നിയമ പോരാട്ടം തുടരുമെന്ന് മൊഴിയെടുപ്പിനുശേഷം പിതാവ് അബ്ദുൽ ലത്തീഫ് പ്രതികരിച്ചു. കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികൾ എത്ര ഉന്നതരായാലും അവരെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read Also: എല്ലാ വിഷയങ്ങളിലും ഒന്നാമതായിരുന്ന പെണ്‍കുട്ടി; ഫാത്തിമയുടെ ആത്മഹത്യയില്‍ ചോദ്യങ്ങള്‍ ബാക്കി

ഫാത്തിമ ലത്തീഫിന്റെ മരണം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. എംഎ ഹ്യുമാനിറ്റീസ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫിനെ മദ്രാസ് ഐഐടിയിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

അധ്യാപകരുടെ മാനസിക പീഡനം മൂലമാണു പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണു കുടുംബത്തിന്റെ ആരോപണം. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ ഐഐടിയിലെ അധ്യാപകനെതിരെ പരാമര്‍ശമുണ്ടെന്നാണ് പിതാവ് അബദുള്‍ ലത്തീഫ് പറയുന്നത്. ഫോണില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രൊഫസറാണ് തന്റെ മകളുടെ മരണത്തിനു കാരണമെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook