ചെന്നൈ: മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഐഐടി വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം പിന്‍വലിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായതോടെ ഐഐടി അധികൃതര്‍ ചര്‍ച്ചയ്ക്ക് വഴങ്ങി. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐഐടിയിലെ വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തുകയായിരുന്നു. ഫാത്തിമയുടെ മരണം അന്വേഷിക്കാന്‍ ആഭ്യന്തരസമിതി രൂപീകരിക്കുന്നത് പരിഗണിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ കുറിപ്പില്‍ പേരു പരാമര്‍ശിക്കപ്പെട്ട മൂന്ന് അധ്യാപകരെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ഐജി ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആത്മഹത്യാ കുറിപ്പില്‍ പേരുള്ള അധ്യാപകരെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഐഐടി ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരെ ചോദ്യം ചെയ്തത്. ഫാത്തിമയുടെ സഹപാഠികളില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുക്കും.

Read Also: എല്ലാ വിഷയങ്ങളിലും ഒന്നാമതായിരുന്ന പെണ്‍കുട്ടി; ഫാത്തിമയുടെ ആത്മഹത്യയില്‍ ചോദ്യങ്ങള്‍ ബാക്കി

ഫാത്തിമയുടെ മരണം പാർലമെന്റ് സമ്മേളനത്തെ ബാധിക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് ഐഐടി ഡയറക്ടരെ ഡൽഹിക്കു വിളിപ്പിച്ചത്. കേന്ദ്രമാനവ വിഭവ ശേഷി മന്ത്രലയത്തിൽ എത്തി ഡയറക്ടർ സാഹചര്യങ്ങൾ ധരിപ്പിക്കും. അതിനുശേഷം ഡയറക്ടർ ചെന്നെെയിലേക്ക് മടങ്ങിയെത്തിയാൽ ഉടൻ വിദ്യാർഥികളുമായി ചർച്ച നടത്തും.

തിങ്കളാഴ്ച രാവിലെ മുതലാണ് ഐഐടിയില്‍ വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. ചിന്തബാര്‍ എന്ന കൂട്ടായ്മയാണ് സമരം നടത്തിയിരുന്നത്. നേരത്തെ നടന്ന ആത്മഹത്യകളിലും ഐഐടി ആഭ്യന്തര അന്വേഷണം നടത്തിയിട്ടില്ലെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

നേരത്തെ, വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ശൂന്യവേളയില്‍ പ്രേമചന്ദ്രന്‍ എം.പി വിഷയം അവതരിപ്പിച്ചു. ഡിഎംകെ എംപി കനിമൊഴി കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ചു.

ഫാത്തിമയുടെ മരണത്തിന് കാരണക്കാരായവരെ അടുത്ത വെള്ളിയാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യണമെന്ന് പിതാവ് ലത്തീഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ മകള്‍ അനുഭവിച്ച കാര്യങ്ങള്‍ വിളിച്ചുപറയും. കുറ്റവാളികള്‍ ഇപ്പോഴും ക്യാംപസില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook