ന്യൂഡല്‍ഹി: മൂന്ന് കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച പിതാവും അമ്മാവനും അറസ്റ്റില്‍. ഹരിയാനയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. സമീര്‍ (11), സിമ്രാന്‍ (8), സമര്‍ (5) എന്നിവരെയാണ് അമ്മാവനും അച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ചണ്ഡിഗഢില്‍ നിന്നും 93 കി.മി. അകലെ കുരുക്ഷേത്രയിലാണ് കുടുംബത്തിന്റെ വീട്. കുട്ടികളുടെ അമ്മാവനായ ജഗദീപാണ് കുട്ടികളെ പോയന്റ്ബ്ലാങ്കില്‍ നിര്‍ത്തി വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. കുട്ടികളുടെ പിതാവ് സോനു മാലിക് ഒരു ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ്. ഇയാള്‍ക്കുണ്ടായിരുന്ന അവിഹിത ബന്ധത്തിന്റെ പുറത്താണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

മക്കളെ കൊല്ലാന്‍ സോനു മാലിക് പാതി സഹോദരനായ ജഗദീപിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ 10.30ഓടെ കളിക്കാനായി പുറത്തേക്ക് പോയ കുട്ടികള്‍ പിന്നീട് വീട്ടിലേക്ക് വന്നില്ല. പുറത്ത് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച ജഗദീപ് കുട്ടികളോട് കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഒറ്റപ്പെട്ട് കിടക്കുന്ന വനം പ്രദേശത്തേക്ക് കുട്ടികളേയും കൊണ്ടുപോയി. മൂത്ത കുട്ടിയായ സമീറിനെയാണ് ഇയാള്‍ ആദ്യം വെടിവെച്ചു കൊന്നതെന്നാണ് റിപ്പോര്‍ട്ട്. ബാക്കി രണ്ട് കുട്ടികളേയും കാറില്‍ ഇരുത്തി വെടിശബ്ദം ഇവര്‍ കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട് വെക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിന് പിറകെ ഒന്നായി ബാക്കി രണ്ട് കുട്ടികളേയും വെടിവെച്ച് കൊലപ്പെടുത്തി.

കളിക്കാന്‍ പോയ കുട്ടികള്‍ തിരിച്ച് വരാത്തതിനെ തുടര്‍ന്ന് അമ്മ അയല്‍ക്കാരേയും കൂട്ടി തിരച്ചില്‍ നടത്തുകയായിരുന്നു. വൈകുന്നേരത്തോടെ തിരിച്ചെത്തിയ പിതാവും അമ്മാവനും ഇവരോടൊപ്പം തിരച്ചിലില്‍ പങ്കുചേരുകയും ചെയ്തു. സോനു മാലിക്കിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസുകാര്‍ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരം ഇയാള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ പഞ്ചകുളയ്ക്ക് അടുത്തുളള കാട്ടില്‍ നിന്ന് മൂന്ന് കുട്ടികളുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ