ന്യൂഡൽഹി: യെമനിൽ ഭീകരുടെ പിടിയിൽ നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ കെ.സി.വേണുഗോപാല്‍, ജോസ് കെ.മാണി, ആന്റോ ആന്റണി എന്നിവര്‍ക്കൊപ്പമാണ് ഫാ. ടോം പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
റോമിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ രാവിലെ 7.40 നാണ് ഫാ. ടോം ഉഴുന്നാലിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, എംപിമാരായ കെ.സി.വേണുഗോപാൽ, ജോസ് കെ.മാണി, ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവർ ചേർന്ന് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും തുടർന്ന് വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ജാംബതിസ്ത ദിക്വാത്രോയുമായി ഫാ.ടോം കൂടിക്കാഴ്ച നടക്കും. സിബിസിഐ സെന്ററിൽ 4.30ന് പത്രസമ്മേളനം. 6.30ന് സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ദിവ്യബലി. രാത്രിയിൽ ഓഖ്ല ഡോണ്‍ബോസ്കോ ഭവനിലേക്കു മടങ്ങും.