ന്യൂഡൽഹി: യമനിൽ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിൽ ഭീകരരുടെ പിടിയിലായിട്ട് ഒരു വർഷം. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സഭയും വൈദികന്റെ മോചനത്തിനായി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒന്നും ഫലം കാണാത്തത് ബന്ധുക്കൾ ഉൾപ്പടെ എല്ലാവരേയും ആശങ്കയിലാഴ്‌ത്തുകയാണ്. കാത്തിരിപ്പ് തുടരുമ്പോഴും സലേഷ്യൻ വൈദികനായ ടോമിനു വേണ്ടി പാലാ രാമപുരത്ത് ഇന്ന് പ്രത്യേക പ്രാർഥന കൂട്ടായ്മ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിലാണ് സലേഷ്യൻ സഭാംഗവും രാമപുരം ഇടവകാംഗവുമായ ഫാ.ടോം ഉഴുന്നാലിനെ ഭീകരർ യെമനിൽ വച്ച് തട്ടിക്കൊണ്ടുപോയത്. യമനിലെ മിഷനറീസ് ഓഫ് ചാരിറ്റീസിൽ ഫാ.ടോമിനൊപ്പം സേവനം ചെയ്തിരുന്ന കന്യാസ്ത്രീകളടക്കം 12 പേരെയാണ് അന്ന് ഭീകരർ കൂട്ടക്കൊല ചെയ്തത്. കൂട്ടക്കൊലയ്‌ക്കു ശേഷം ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

അതേസമയം, ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ മുഖ്യ പരിഗണനാ വിഷയമാണിതെന്നും എല്ലാ മാർഗങ്ങളും ഇതിനായി തേടുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഫാ.ടോമിന്റെ മോചനത്തിനായുളള അന്വേഷണ ചുമതല വത്തിക്കാൻ പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ വർഷം ഡിസംബറിൽ ഫാ.ടോമിന്റേതായി പുറത്തുവന്ന വിഡിയോയിൽ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. ഇതിനു ശേഷം മറ്റു വിഡിയോകളോ വിവരങ്ങളോ ഒന്നുമില്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ