ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 31കാരന്‍ മകനെ കനാലില്‍ എറിഞ്ഞുകൊന്നു, ശനിയാഴ്‌ചയാണ് മകനെ പിതാവ് എറിഞ്ഞുകൊന്നത്. മോമോസ് വേണമെന്ന് കരഞ്ഞത് കൊണ്ടാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്‌ച ഉച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇതിന് പിന്നാലെ പിതാവായ സഞ്ജയ് ആല്‍വിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ ഇയാള്‍ മുത്തശ്ശിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇയാള്‍ക്ക് കൊല്ലപ്പെട്ട കുട്ടിയെ കൂടാതെ രണ്ട് കുട്ടികള്‍ കൂടിയുണ്ട്. ഇയാളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.

മധന്‍പൂര്‍ ഖാദര്‍ സ്വദേശിയായ പ്രതി കുട്ടിയെ ശനിയാഴ്‌ചയാണ് കനാലിനടുത്തേക്ക് കൊണ്ടുപോയത്. തനിക്ക് മോമോസ് വാങ്ങിത്തരണമെന്ന് പറഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചിരുന്നു. കുട്ടി വീണ്ടും വാശി പിടിച്ചിപ്പോള്‍ മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ കനാലിലേക്ക് എറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം കണ്ട ദൃക്‌സാക്ഷികളാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇന്നലെ കുട്ടിക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഞായറാഴ്‌ചയാണ് മൃതദേഹം കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ