ബെംഗളൂരു: മക്കളെ കാണാൻ സ്കൂൾ ബസ് തടഞ്ഞുനിർത്തിയ പിതാവിനെ നാട്ടുകാർ തല്ലിച്ചതച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയ ആളെന്ന് തെറ്റിദ്ധരിച്ചാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം.

സ്കൂൾ ബസ് തടഞ്ഞുനിർത്തിയ മഹേഷ് ബാബു തന്റെ മക്കൾ അകത്തുണ്ടോയെന്ന് ഡ്രൈവറോട് തിരക്കി. ഇതിനിടയിൽ ഗ്രാമവാസികൾ തെറ്റിദ്ധരിച്ച് ഇയാളെ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. ഇയാളെയും മക്കളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

‘മഹേഷ് ബാബുവും ഭാര്യയും മൂന്നു മാസമായി അകന്നു കഴിയുകയാണ്. ഒൻപതും നാലും വയസ്സുളള മക്കൾ ഭാര്യയ്ക്കൊപ്പമാണ് താമസിക്കുന്നത്. കുട്ടികളെ കാണാനായാണ് ഇയാൾ ബസ് തടഞ്ഞുനിർത്തിയത്’, കെആർ പേട് ഇൻസ്പെക്ടർ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളെ അമ്മയ്ക്കൊപ്പം വിട്ടയച്ചു.

കുട്ടികളെ കടത്തിക്കൊണ്ടു പോകാനെത്തിയവരെന്നു തെറ്റിദ്ധരിച്ച് ആക്രമണങ്ങൾ പതിവാവുകയാണ്. ജൂലൈ 13 ന് ഹൈദരാബാദ് ടെക്കിയായ മുഹമ്മദ് അസമിനെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. വാട്സ്ആപ്പിൽ പ്രചരിച്ച കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന വീഡിയോയിലെ ആളെന്നു തെറ്റിദ്ധരിച്ചാണ് മുഹമ്മദിനെ അക്രമിച്ചത്. ജൂലൈ ഒന്നിന് മഹാരാഷ്ട്രയിലെ ദുലേയിൽ അഞ്ചുപേരെ ജനക്കൂട്ടം ആക്രമിച്ചിരുന്നു.

ഇത്തരം വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ വാട്സ്ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ