ലക്‌നൗ: ബിജെപി എംഎല്‍എ ബലത്സംഗം ചെയ്‌തെന്ന് ആരോപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയ്ക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ബിജെപിയുടെ എംഎല്‍എയായ കുല്‍ദീപ് സിംഗ് തന്നെ പീഡിപ്പിച്ചെന്നും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു യുവതിയും കുടുംബാംഗങ്ങളും ഇന്നലെ ആദിത്യനാഥിന്റെ വീടിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

അക്രമ ശ്രമത്തിനും മനപ്പൂര്‍വ്വം അപമാനിച്ചെന്നുമുള്ള പരാതിയെ തുടര്‍ന്ന് പിതാവിനെ ഏപ്രില്‍ മൂന്നിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച്ച രാത്രിയോടെ വയറുവേദനയും ഛര്‍ദ്ദിയും മൂലം ഇയാളെ ഉന്നാവോ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, മരണത്തിന് പിന്നില്‍ ബിജെപി എംഎല്‍എയാണെന്നാണ് യുവതിയുടെ കുടുംബാംഗങ്ങളുടെ ആരോപണം. പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തു നില്‍ക്കുകയാണ്.

അതേസമയം, പിതാവിനെതിരായ പരാതിയ്ക്ക് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിനീത്, ബൗവ്വ, ഷൈലു, സോനു എന്നിവരാണ് അറസ്റ്റിലായത്. നാലു പേരും എംഎല്‍എയുമായി ബന്ധമുള്ളവരാണ്. കേസുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍ ഓഫീസറേയും നാല് കോണ്‍സ്റ്റബിള്‍മാരേയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ പക്ഷം ചേര്‍ന്നെന്ന് കാണിച്ചാണ് നടപടി.

ഉന്നാവോ എംഎല്‍എ ആയ കുല്‍ദീപ് സിംഗ് സെന്‍ഗറാണ് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പൊലീസും ഉപദ്രവിച്ചതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. ‘എന്നെ അയാള്‍ പീഡിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി നടപടി ആവശ്യപ്പെട്ട് ഞാന്‍ ഓടുകയാണ്. പക്ഷെ ആരും കേള്‍ക്കാന്‍ വരെ കൂട്ടാക്കുന്നില്ല. പ്രതികളെ എല്ലാവരേയും അറസറ്റ് ചെയ്യണം. ഇല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും’, യുവതി പറഞ്ഞു. മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടി എടുത്തില്ലെന്നും ഇര ആരോപിച്ചു.

ദേഹത്ത് മണ്ണെണ്ണ ഒഴിച്ച യുവതി ആദിത്യനാഥിന്റെ വസതിക്ക് പുറത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു. തുടര്‍ന്ന് പൊലീസെത്തി ഇവരെ രക്ഷപ്പെടുത്തി കുടുംബത്തോടൊപ്പം ഗൗതം പളളി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് സ്റ്റേഷനിലും യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എംഎല്‍എ പീഡിപ്പിച്ചെന്ന് യുവതി പരാതിപ്പെട്ടതായി ലക്‌നൗ എഡിജിപി രാജീവ് കൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ ഇരു കക്ഷികളും തമ്മില്‍ തര്‍ക്കത്തിലാണെന്നും എഡിജിപി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ