ടെക്സസ്: അമേരിക്കയിലെ വടക്കന്‍ ടെക്സസില്‍ മൂന്നു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലയാളിയായ വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് അറസ്റ്റില്‍. മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്‍റേത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചതായി റിപ്പോർട്ടുകൾ. ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.

പാലു കുടിക്കാത്തതിന് പുറത്തുനിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണ് വെസ്‍ലി മാത്യൂസിന്‍റെ ആദ്യമൊഴി. ഇതിന് വിരുദ്ധമാണ് പുതിയ മൊഴി. വെസ്‍ലിയെ ആദ്യം അറസ്റ്റുചെയ്തിരുന്നെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഷെ​റി​ൻ മാത്യൂസിന്റെ മൃ​ത​ദേ​ഹം ഇന്നലെ ക​ണ്ടെ​ത്തിയിരുന്നു. വീ​ടി​ന് സ​മീ​പ​മു​ള്ള ക​ലു​ങ്കി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. ഈ മാസം ഏഴിനാണു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിൽ നിന്നു ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്ന് മണിക്ക് വളർത്തച്ഛൻ എറണാകുളം സ്വദേശി മാത്യൂസ് കുട്ടിയെ വീടിനു പുറത്തിറക്കി നിർത്തുകയായിരുന്നു എന്നായിരുന്നു ആദ്യ മൊഴി. മണിക്കൂറുകൾക്ക് ശേഷം നോക്കുന്പോൾ കുട്ടിയെ കാണാതായിരുന്നുവെന്നാണ് മാതാപിതാക്കൾ അന്ന് പറഞ്ഞത്.

രണ്ടു വർഷം മുൻപാണ് മാത്യൂസിന്‍റെ കുടുംബം ഇന്ത്യയിലെ ഒരു അനാഥാലയത്തിൽ നിന്ന് ഷെറിനെ ദത്തെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ