മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ പിതാവ് കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഒരു മാസത്തിലധികം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒക്ടോബറിലാണ് മനോര്‍ പൊലീസ് കോടാലി കൊണ്ട് വേട്ടെറ്റ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മരിച്ചയാളെ പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഇയാളെ തിരിച്ചറിയാനായി പൊലീസ് പരസ്യം നല്‍കുകയും സോഷ്യൽ മീഡിയയില്‍ പ്രചാരണം നടത്തുകയും ചെയ്തു. ഇതിനിടെയാണ് മൃതദേഹം സുഹാസ് ദോണ്ഡെ എന്നയാളുടേതാണെന്ന് ഒരാള്‍ അറിയിച്ചത്. 38കാരനായ സുഹാസ് വാസൈ കോളിവാഡ സ്വദേശിയാണ്. ഒക്ടോബര്‍ 16 മുതല്‍ ഇയാളെ കാണാതായിരുന്നു.

തുടര്‍ന്ന് പൊലീസ് ഇയാളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്നാണ് 42കാരനായ ആരിഫ് ഖാസി എന്നയാളിലേക്ക് അന്വേഷണം നീളുന്നത്. ഒരേ പ്രദേശത്താണ് ആരിഫും സുഹാസും താമസിക്കുന്നത്. ആരിഫിന്റെ മകളുടെ നഗ്ന ചിത്രങ്ങള്‍ സുഹാസ് പകര്‍ത്തിയിരുന്നു. ഇതില്‍ കുപിതനായ ആരിഫ് ഇയാളെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു.

ഒക്ടോബര്‍ 16ന് സുഹാസിന്റെ അത്താഴഭക്ഷണത്തില്‍ ആരിഫ് ഉറക്കഗുളിക ചേര്‍ത്തു. തുടര്‍ന്ന് ഇയാളെ കാറില്‍ വനമ്പ്രദേശത്ത് കൊണ്ടു പോയി കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആരിഫിനെ സഹായിച്ച മറ്റൊരു പ്രതിയും അറസ്റ്റിലായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook