ബെംഗളുരു: ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച തന്റെ മകളെ പ്രശംസിച്ചുകൊണ്ടുള്ള അല്‍ ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരിയുടെ വീഡിയോയ്ക്കെതിരെ കര്‍ണാടകത്തിലെ പെണ്‍കുട്ടിയുടെ പിതാവ്. ”അയാള്‍ ആരാണെന്നും എന്തിനാണ് എന്റെ രാജ്യത്തിലെ ഒരു പ്രശ്നത്തില്‍ ഇടപെടുന്നതെന്നും ഞങ്ങള്‍ക്ക് അറിയില്ല,” മുസ്കാന് ഖാന്റെ പിതാവ് മുഹമ്മദ് ഹുസൈന് പറഞ്ഞു.
ചൊവ്വാഴ്ച അല്‍ ഖ്വയ്ദ ജിഹ്വയായ അസ്-സാഹബ് മീഡിയ പുറത്തുവിട്ട വീഡിയോയിലാണ് കര്‍ണാകടത്തിലെ ജിഹാദ് വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. ജയ്ശ്രീറാം വിളികളുമായി തന്നെ തടഞ്ഞ കാവി ഷാളുകള്‍ ധരിച്ച ഒരു കൂട്ടം ആളുകളെ അള്ളാഹു അക്ബര്‍ എന്നു വിളിച്ചുകൊണ്ട് നേരിട്ട വിദ്യാര്‍ത്ഥി മുസ്കാന് ഖാനെ സവാഹിരി വീഡിയോയില്‍ പ്രശംസിച്ചിരുന്നു. ഫെബ്രുവരില്‍ മാണ്ഡ്യയിലായിരുന്നു വീഡിയോയില്‍ കാണിച്ച സംഭവം നടന്നത്.
ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഒന്നിക്കണമെന്നു അല്‍ ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരി ആഹ്വാനം വീഡിയോയില്‍ ആഹ്വാനം ചെയ്തു. ഇസ്ലാമിനെതിരായ ആക്രമണത്തെ ‘ബൗദ്ധികമായും മാധ്യമങ്ങളെ ഉപയോഗിച്ചും യുദ്ധക്കളത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ചും’ ചെറുക്കാനായിരുന്നു വീഡിയോയില്‍ സവാഹിരിയുടെ ആഹ്വാനം. ‘ഹിന്ദു ബഹുദൈവാരാധക കൂട്ടത്തെ’ നേരിട്ട പെണ്‍കുട്ടിയുടെ തക്ബീര്‍ വിളി ‘ജിഹാദിന്റെ ആത്മാവിനെ ബലപ്പെടുത്തുകയും’ മുസ്ലീം സമൂഹത്തെ ഉണര്‍ത്തുകയും ചെയ്തുവെന്ന് സവാഹിരി വീഡിയോയില്‍ പറഞ്ഞു.
സവാഹിരിയുടെ ആഹ്വാനം സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അറിഞ്ഞതെന്നു മുഹമ്മദ് ഹുസൈന് പറഞ്ഞു. ”അയാള്‍ ആരാണെന്ന് പോലും എനിക്കറിയില്ല, എന്റെ മകളുടെ പേര് വലിച്ചിഴയ്ക്കുന്നതു തെറ്റാണ്. എന്റെ രാജ്യത്ത് ഞാന്‍ സന്തോഷവാനാണ്. നമ്മുടെ രാജ്യത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അവരെ (അല്‍ഖ്വയ്ദ) ആവശ്യമില്ല. അവര്‍ നമ്മുടെ സമാധാനം നശിപ്പിക്കുകയേയുള്ളൂ,” റമദാന് നോമ്പ് ആചരിക്കുന്ന അദ്ദേഹം പറഞ്ഞു.
Also Read: Covid variant XE: ഇന്ത്യയിൽ കോവിഡ് 19 എക്സ്ഇ വകഭേദം സ്ഥിരീകരിച്ചു
”ഞാന്‍ മാണ്ഡ്യയിലാണ് ജനിച്ചത്. ഞങ്ങള്‍ ഇവിടെ സഹോദരങ്ങളെ പോലെയാണ് ജീവിക്കുന്നത്. സംഭവം നടക്കാന്‍ പാടില്ലാത്തതാണ്, ഇപ്പോള്‍ ഞങ്ങളെ സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല. സര്‍ക്കാര്‍ വിഷയം അന്വേഷിച്ച് സമൂഹത്തില്‍ അസ്വാരസ്യം സൃഷ്ടിക്കുന്നത് ആരാണെന്നു കണ്ടെത്തണം,” ഹുസൈന് കൂട്ടിച്ചേര്‍ത്തു.
ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ മുസ്കാന് മാണ്ഡ്യയിലെ പിഇഎസ് കോളജില്‍ അസൈന്മെന്റ് സമര്‍പ്പിക്കാന്‍ എത്തിയേെപ്പാഴാണ് ഒരുകൂട്ടം ആളുകള്‍ ജയ്ശ്രീറാം വിളികളുമായി തടഞ്ഞത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കോളജ് അധികൃതര്‍ പ്രവേശനം നിഷേധിച്ചതിനാല്‍ മകള്‍ക്കു പരീക്ഷയെഴുതാന്‍ സാധിച്ചില്ലെന്നു ഹുസൈന് പറഞ്ഞു. മകള്‍ അടുത്ത വര്‍ഷം പഠനം തുടരുമെന്നും ഹിജാബ് അനുവദിക്കുന്നിടത്തേക്ക് അവളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
സവാഹിരിയുടെ വീഡിയോ താന്‍ മുസ്കാനുമായി പങ്കുവച്ചിരുന്നുവെന്നും അവളും അസ്വസ്ഥയായിരുന്നുവെന്നും ഹുസൈന് പറഞ്ഞു. അവള് വിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്കാകുലയാണെന്നും ഈ കാര്യങ്ങള്‍ ശരിക്കും മാനസികാഘാതമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അല്‍ സവാഹിരി പുറത്തുവിട്ട വീഡിയോ പ്രസ്താവന ഹിജാബ് വിവാദത്തിലെ ‘അദൃശ്യകരങ്ങള്‍’ വ്യക്തമാക്കുന്നുവെന്നു കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
”ഞങ്ങള്‍ ഇത് തുടക്കം മുതല്‍ പറയുന്നതാണ്. വിവാദത്തിനുപിന്നില്‍ ചില അദൃശ്യ കരങ്ങളുണ്ടെന്ന് ഹിജാബ് വിധി സമയത്ത് ഹൈക്കോടതിയും അൈഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ അത് തെളിഞ്ഞു. കാരണം അല്‍-ഖ്വയ്ദ ആളുകള്‍ വീഡിയോകള്‍ പുറത്തുവിടുന്നു,” മുസ്കാനെ സവാഹിരി പുകഴ്ത്തുന്നത് സംബന്ധിച്ച ചോദ്യത്തിനു മറുപടിായായി ജ്ഞാനേന്ദ്ര പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.