പാരീസ്: ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സ്രോതസ് തടയുന്നതില്‍ പരാജയപ്പെട്ട പാക്കിസ്ഥാന് മുന്നറിയിപ്പുമായി എഫ്എടിഎഫ്. ഭീകര സംഘടനള്‍ക്കുള്ള ഫണ്ടിങ് തടയാനുള്ള രാജ്യാന്തര കൂട്ടായ്മയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്.

പാരീസില്‍ നടന്ന അഞ്ച് ദിവസത്തെ യോഗത്തില്‍ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് തടയുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടെന്നും ഇതിനായുള്ള പദ്ധതികള്‍ നടപ്പിലാക്കിയില്ലെന്നും കണ്ടെത്തിയതായി എഫ്എടിഎഫ് അറിയിച്ചു.

2020 ഫെബ്രുവരിയോടെ കര്‍മപദ്ധതി പൂര്‍ത്തിയാക്കാനും എഫ്എടിഎഫ് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം അംഗരാജ്യങ്ങള്‍ പാക്കിസ്ഥാനുമായുള്ള വ്യാപാര ബന്ധങ്ങളിലും മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും സമിതി അറിയിച്ചു.

ഭീകരവാദത്തെ ഇല്ലാതാക്കാനായി മുന്നോട്ടുവച്ച് കര്‍മപദ്ധതിയിലെ 27 ല്‍ 22 എണ്ണവും നടപ്പാക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടതായാണ് എഫ്എടിഎഫിന്റെ നിരീക്ഷണം. ഇതോടെയാണ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. ജൂലൈയില്‍ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ചേര്‍ക്കുമ്പോള്‍ പദ്ധതികള്‍ നടപ്പാക്കാന്‍ നല്‍കിയ കാലാവധി ഈ വർഷം ഒക്ടോബര്‍ ആയിരുന്നു.

ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും യൂറോപ്യന്‍ യൂണിയന്റെയും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാകും. 1989 ലാണ് ഭീകരസംഘടകളുടെ സാമ്പത്തിക സ്രോതസ് തടയാനായി എഫ്എടിഎഫ് രൂപീകരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook