ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മ്മ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു നടത്തിയ ട്രാന്‍സ്ഫറുകള്‍ റദ്ദാക്കി. സിബിഐയിലെ രണ്ടാമനായ രാകേഷ് അസ്താനയ്ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥരെയാണ് അലോക് വര്‍മ്മ തിരിച്ചെത്തിച്ചത്.

നേരത്തെ ഈ സംഘത്തിലുള്‍പ്പെട്ട പത്ത് ഓഫീസര്‍മാരെ നാഗേശ്വര്‍ സ്ഥലം മാറ്റിയിരുന്നു. രാകേഷ് അസ്താനക്കെതിരായ അഴിമതി ആരോപണം അന്വേഷിച്ചിരുന്ന സംഘത്തിലെ എ.കെ.ബസ്സി, എം.കെ.സിന്‍ഹ തുടങ്ങിയവരെ സ്ഥലം മാറ്റിയ ഉത്തരവുകളാണ് അലോക് വര്‍മ്മ റദ്ദാക്കിയത്. അതേസമയം, അലോക് വര്‍മ്മയെ തിരിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നിരുന്നു.

സിബിഐ ഡയറക്ടറെ കേന്ദ്രത്തിന് മാറ്റാനാവില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയായിരുന്നു. നിയമപരമായി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കോടതി അറിയിച്ചു. കാലാവധി ബാക്കി നില്‍ക്കെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് അലോക് വര്‍മ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

അലോക് വര്‍മ്മയെ നിര്‍ബന്ധിത അവധിക്ക് അയച്ച് മൂന്ന് മാസത്തിന് ശേഷമാണ് അദ്ദേഹത്തെ കോടതി വീണ്ടും സിബിഐ തലപ്പത്ത് തന്നെ നിയമിക്കുന്നത്. അര്‍ദ്ധരാത്രി നടത്തിയ കേന്ദ്ര നീക്കം മരവിപ്പിച്ച കോടതി ഇടക്കാല തലവനെ നീക്കം ചെയ്യുകയും ചെയ്തു. അതേസമയം, അലോക് വര്‍മ്മയ്ക്ക് നിര്‍ണായകമായ തീരുമാനങ്ങള്‍ ഈ കാലയളവില്‍ എടുക്കാനാവില്ലെന്ന് കോടതി അറിയിച്ചു.

ഒരാഴ്ചയ്ക്കകം സെലക്ഷന്‍ കമ്മിറ്റി വിളിച്ച് അന്തിമ തീരുമാനം എടുക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. സെലക്ഷന്‍ കമ്മിറ്റിയുമായി ആലോചിക്കുക പോലും ചെയ്യാതെ കേന്ദ്ര സര്‍ക്കാരിന് ഏകപക്ഷീയമായ തീരുമാനം എടുക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ജനുവരി 31 വരെയാണ് അലോക് വര്‍മ്മയുടെ കാലാവധി. ഇതിനകം എന്തൊക്കെ നടപടികളായിരിക്കും അലോക് വര്‍മ്മ സ്വീകരിക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്തേക്ക് വീണ്ടും നിയമിച്ചെങ്കിലും അദ്ദേഹത്തിന് നയപരമായ തീരുമാനങ്ങള്‍ എടുക്കാനുളള പൂര്‍ണമായ അധികാരം കോടതി തിരികെ നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ എഫ്‌ഐആറുകള്‍ പരിശോധിക്കുക പോലെയുളള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് കൈക്കൊളളാനാവുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook