ശ്രീനഗർ: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്‌ദുല്ലയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയായിരുന്നു പൊതുസുരക്ഷാ നിയമം (പിഎസ്എ) ചുമത്തി ഫറൂഖ് അബ്‌ദുല്ല ഉള്‍പ്പടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ഫറൂഖ് അബ്‌ദുള്ളയെ തടങ്കലിലാക്കിയ നടപടി പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

അദ്ദേഹത്തെ കഴിഞ്ഞ ഏഴുമാസക്കാലമായി ഗുപ്കർ റോഡിലുള്ള വീട്ടിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. 2019 സെപ്റ്റംബർ 15നാണ് അദ്ദേഹത്തിനെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയത്. ഇതുപ്രകാരം 83കാരനായ ഫറൂഖ് അബ്‌ദുല്ലയെ വിചാരണ കൂടാതെയാണ് തടങ്കലിൽ പാർപ്പിച്ചിരുന്നത്.

Read Also: ഉന്നാവ് പെൺകുട്ടിയുടെ അച്ഛന്റെ കൊലപാതകം: കുല്‍ദീപ് സെന്‍ഗറിന്‌ 10 വർഷം തടവ്

ജമ്മു കശ്മീർ പബ്ലിക് സേഫ്റ്റി ആക്റ്റ്, 1978 ഒരു പ്രിവന്റീവ് ഡിറ്റൻഷൻ നിയമമാണ്, “സംസ്ഥാനത്തിന്റെ സുരക്ഷയ്‌ക്കോ ക്രമസമാധാനം പരിപാലിക്കുന്നതിനോ മുൻ‌വിധിയോടെയുള്ള ഏതെങ്കിലും വിധത്തിൽ പ്രവർത്തിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഒരു വ്യക്തിയെ കസ്റ്റഡിയിലെടുക്കാം” മറ്റ് സർക്കാരുകൾ ഉപയോഗിക്കുന്ന ദേശീയ സുരക്ഷാ നിയമത്തോട് സാമ്യമുള്ളതാണ് പൊതു സുരക്ഷാ നിയമവും.

അതേസമയം, തടങ്കലിലുള്ള മറ്റു മുഖ്യമന്ത്രിമാരായ ഒമര്‍ അബ്‌ദുല്ലയേയും മെഹബൂബ മുഫ്തിയേയും മോചിപ്പിച്ചിട്ടില്ല. മുന്‍മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെ കശ്മീര്‍ തടവില്‍ കഴിയുന്ന എല്ലാ രാഷ്ട്രീയ നേതാക്കളേയും മോചിപ്പിക്കണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ സംയുക്ത പ്രമേയത്തിലൂടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. അനിശ്ചിതകാലത്തേക്ക് നേതാക്കളെ വീട്ടുതടങ്കലിലാക്കുന്നത് അവരുടെ മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook