/indian-express-malayalam/media/media_files/uploads/2017/04/farooq-abdullah-7591.jpg)
ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുകയും ജമ്മു കശ്മീരിനെ വിഭജിക്കാനുമുള്ള കേന്ദ്ര തീരുമാനത്തിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനം സ്വന്തം ശരീരം കീറിമുറിക്കുന്നത് പോലെയാണെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫാറൂഖിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ നമ്മുടെ ഹൃദയങ്ങളും ഭിന്നിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഫാറൂഖിന്റെ ആദ്യ പ്രതികരണമാണിത്. രാജ്യം കശ്മീരിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
''ഞാന്‍ അനുവദിക്കില്ല. മരണം ദൈവത്തിന്റെ തീരുമാനമാണ്. അതിനെ കുറിച്ച് ആശങ്കപ്പെടുന്നത് എന്തിനാണ്? എന്നെ ആശങ്കപ്പെടുത്തുന്നത് സാധാരണക്കാര്‍ കടന്നു പോകുന്നതിനെ കുറിച്ച് ആലോചിക്കുമ്പോഴാണ്. പൂട്ടിയിടപ്പെട്ടിരിക്കുകയാണ്. വീടുകളില്‍ മരുന്നുണ്ടാകണമെന്നില്ല. ഭക്ഷണം പോലും ഉണ്ടാകണമെന്നില്ല. റേഷന്‍ വാങ്ങാന്‍ പോകാന്‍ പറ്റാതെ, പണമില്ലാതെ മനുഷ്യന്‍ കഷ്ടപ്പെടുമ്പോള്‍ മൂന്ന് മാസത്തെ റേഷനുണ്ടെന്ന് പറയുന്ന സര്‍ക്കാരിനെ കൊണ്ട് എന്ത് ഗുണം'' അദ്ദേഹം പറഞ്ഞു.
''ഈ ഹിന്ദുസ്ഥാന്‍ ഞാന്‍ കണ്ടില്ല. ഇങ്ങനൊരു ഹിന്ദുസ്ഥാന്‍ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. ഈ ഹിന്ദുസ്ഥാന്‍ എല്ലാവരുടേയും ഹിന്ദുസ്ഥാനാണ്. ഹിന്ദുവും മുസ്ലീമും സിഖും എല്ലാവരുടേയും ഹിന്ദുസ്ഥാനാണ്'' അദ്ദേഹം പറഞ്ഞു. ''കഷ്ടതയിലും സന്തോഷത്തിലും നിങ്ങള്‍ക്കൊപ്പം നിന്നിരുന്നു ഞങ്ങള്‍. അതുപോലെ ഞങ്ങള്‍ക്കൊപ്പം നിങ്ങളും നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനാധിപത്യവും മതേതരത്വവും ഈ രാജ്യത്ത് മടങ്ങിവരാന്‍ പ്രാര്‍ത്ഥിക്കാം'' അദ്ദേഹം രാജ്യത്തോടായി അപേക്ഷിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷായെ ഫാറൂഖ് അബ്ദുള്ള നുണയനെന്നാണ് വിശേഷിപ്പിച്ചത്. തന്നെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.''ഇന്നലെ എന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ആഭ്യന്തര മന്ത്രി ഇങ്ങനെ നുണ പറയുമെന്നത് വിഷമിപ്പിക്കുന്നു. ആഭ്യന്തര മന്ത്രി എന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ എന്നെ അറസ്റ്റ് ചെയ്തവരോട് പിന്നെ നിങ്ങള്‍ ആരാണെന്ന് ഞാന്‍ ചോദിച്ചു'' അദ്ദേഹം പറഞ്ഞു. താന്‍ വീട്ടുതടങ്കലിലാണെന്നും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകനും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയെ അവസാനമായി കണ്ടത് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത വൈകുന്നേരമാണെന്നും ഫാറൂഖ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.