ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സ്‌തംഭിപ്പിച്ചിരിക്കുയാണ് കർഷകരുടെ പ്രക്ഷോഭം. പൊലീസ് ബാരിക്കേഡുകൾ മറികടന്ന് നൂറു കണക്കിനു കർഷകരാണ് ഡൽഹി നഗരത്തിലേക്കു കടന്ന് ചെങ്കോട്ട ലക്ഷ്യമാക്കി നീങ്ങിയത്. ചെങ്കോട്ടയിലെത്തിയ ഒരു വിഭാഗം കർഷകർ അവിടെ പതാക സ്ഥാപിക്കുകയും ചെയ്തു. ഡൽഹി ഐടിഒ പരസിരത്ത് പൊലീസും കർഷകരും തമ്മിൽ സംഘർഷം രൂപപ്പെടുകയും ചെയ്തിരുന്നു.


ഐടിഒ ജങ്ഷന് സമീപം സമരക്കാരിലൊരാൾ ട്രാക്ടർ മുന്നോട്ടെടുത്ത് പൊലീസിനെയും മറ്റുള്ളവരെയും വകവയ്ക്കാതെ മുന്നോട്ടെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവറെ പിന്നീട് പൊലീസ് വെടിവച്ചു കൊല്ലുകയും ട്രാക്ടർ മറിച്ചിടുകയും ചെയ്തു.

പ്രതിഷേധം കൈവിട്ടതോടെ കർഷകർ ചെങ്കോട്ടയിലേക്ക് മാർച്ച് തുടങ്ങി. പ്രതിഷേധക്കാരിൽ ഭൂരിഭാഗവും ത്രിവർണ്ണ പതാകയേന്തിയിരുന്നു. ഇവർ ചെങ്കോട്ട പരിസരത്തേക്ക് പ്രവേശിക്കുകയും ചെയ്തു. ചെങ്കോട്ടയിലെത്തിയ കർഷകരിൽ  ഒരാൾ  നിഷാൻ സാഹിബ് പതാക ചെങ്കോട്ടയിൽ ഉയർത്തി.

Read More: അക്രമ സംഭവങ്ങളെ അപലപിക്കുന്നു; സാമൂഹ്യ വിരുദ്ധർ നുഴഞ്ഞുകയറിയതായി കിസാൻ സംഘർഷ് മോർച്ച

ഇന്ന് രാവിലെ സിങ്കു, തിക്രി അതിർത്തികളിൽ നിന്നുള്ള കർഷകർ പോലീസ് ബാരിക്കേഡുകൾ തകർത്താണ് നഗരത്തിലേക്ക് കടന്നത്.

 

രാജ്പഥിലെ റിപബ്ലിക് ദിന പരേഡ് അവസാനിച്ചതിന് ശേഷമാണ് കർഷകരുടെ ട്രാക്ടർ റാലി നടത്താൻ അനുമതി ലഭിച്ചിരുന്നതെങ്കിലും അതിനും മുൻപുതന്നെ കർഷകർ റാലി ആരംഭിച്ചിരുന്നു.

ഡൽഹി അതിർത്തിയിൽ തുടരുന്ന കർഷകരുടെ സമരം രണ്ടുമാസം പിന്നിടുന്ന വേളയിലാണ് ഈ ട്രാക്ടർ റാലി. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ദിവസമായ ഫെബ്രുവരി ഒന്നിന് പാർലമെന്റിലേക്ക് കാൽനടയായി മാർച്ച് നടത്തുമെന്നും കർഷക നേതാക്കൾ പ്രഖ്യാപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook