ന്യൂഡൽഹി: കര്‍ഷകപ്രക്ഷോഭം അഞ്ചാം ദിവസവും ശക്തമായി തുടരവെ,
കാർഷിക നിയമങ്ങളെ വീണ്ടും  ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ തെറ്റിദ്ധരിക്കപ്പെടുകയാണെന്നും പരിഷ്കാരങ്ങൾ അവരെ കൂടുതൽ ശക്തരാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.  കര്‍ഷകര്‍ക്കു വലിയ വിപണി സാധ്യതകളും നിയമപരമായ പരിരക്ഷ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരാണസി-പ്രയാഗ് രാജ് ആറുവരി ദേശീയപാത ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

”വിപണിക്കുള്ള അവസരം നൽകുന്ന പരിഷ്കാരങ്ങൾ കര്‍ഷകരെ  ശാക്തീകരിക്കും. കര്‍ഷകരുടെ താല്‍പ്പര്യത്തിനനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ അവര്‍ക്കു കൂടുതല്‍ സാധ്യതകള്‍ നല്‍കും. മികച്ച വിലയും സൗകര്യങ്ങളും നല്‍കുന്നവര്‍ക്ക് നേരിട്ട് തന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകനു സ്വാതന്ത്ര്യം ലഭിക്കേണ്ടതല്ലേ,” പ്രധാനമന്ത്രി ചോദിച്ചു.

കാർഷിക നിയമങ്ങളുടെ പേരിൽ രാജ്യത്തെ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്. നേരത്തെ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ എതിര്‍ത്ത പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ അടിസ്ഥാനമായി കിംവദന്തികള്‍ മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരിഷ്‌കാരങ്ങള്‍ കര്‍ഷകരെ ചങ്ങലകളില്‍നിന്ന് മോചിപ്പിക്കുക മാത്രമല്ല അവര്‍ക്ക് പുതിയ അവകാശങ്ങളും അവസരങ്ങളും നല്‍കുമെന്ന് തന്റെ പ്രതിമാസ റേഡിയോ പ്രസംഗമായ ‘മന്‍ കി ബാത്തില്‍’ പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അതേസമയം, കേന്ദ്ര നിയമങ്ങൾക്കെതിരായ കർഷകരുടെ സമരം തുടരുകയാണ്. ഉപാധികളോടെയുള്ള ചർച്ചകൾക്കായുള്ള കേന്ദ്രത്തിന്റെ ക്ഷണം നിരസിച്ച ഡൽഹി-ഹരിയാന അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകർ, തങ്ങളുടെ ആവശ്യങ്ങൾ ആവർത്തിക്കുകയും മുഖ്യ സമര കേന്ദ്രമായ ജിടി കർണാൽ ഹൈവേയിൽനിന്ന് ഒഴിഞ്ഞുമാറില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഹരിയാന, ചണ്ഡിഗഢ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലേക്കുള്ള ദേശീയപാത കടന്നുപോകുന്ന ഡൽഹിയിലെ വടക്കൻ സിങ്കു അതിർത്തിയിൽ തമ്പടിച്ച് കർഷക സംഘങ്ങൾ ചർച്ച നടത്തി. സോണിപത്, റോഹ്തക്, ജയ്പൂർ, ഗാസിയാബാദ്-ഹാപൂർ, മഥുര എന്നീ അഞ്ച് പോയിന്റുകൾ വരും ദിവസങ്ങളിൽ ഉപരോധിക്കുമെന്ന് കർഷകസംഘടനാ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച മുതൽ കർഷകർ ഡൽഹിക്കു പുറത്ത് ക്യാമ്പ് ചെയ്യുകയാണ്. പ്രതിഷേധം ദേശീയപാതയിൽനിന്ന് ബുരാരിയിലെ സന്ത് നിരങ്കരി സമാഗം ഗ്രൗണ്ടിലേക്ക് മാറ്റണമെന്ന വ്യവസ്ഥയിൽ ഡിസംബർ മൂന്നിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർഷക സംഘടനകളെ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഇത് കർഷകർ തള്ളുകയായിരുന്നു.

Read More: ഡൽഹിയിലേക്കുള്ള അഞ്ച് പ്രവേശന മാർഗങ്ങൾ തടയും; നാല് ആവശ്യങ്ങൾ മുന്നോട്ട് വച്ച് കർഷകർ

” ഞങ്ങൾ ഒരിക്കലും ബുറാരി പാർക്കിൽ പോകില്ല. അത് ഒരു പാർക്കിനേക്കാൾ ഉപരി തുറന്ന ജയിലാണെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്,” പഞ്ചാബ് ഭാരതീയ കിസാൻ യൂണിയൻ (ക്രാന്തികാരി) പ്രസിഡന്റ് സുർജിത് സിംഗ് പറഞ്ഞു.

“ഇന്ന് ഡൽഹിയിലെത്തിയ ഉത്തരാഖണ്ഡിൽ നിന്നുള്ള കർഷകരെ ജന്തർ മന്ദറിലേക്ക് കൊണ്ടുപോകുമെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു, എന്നാൽ പകരം അവരെ ബുരാരി പാർക്കിലേക്കാണ് കൊണ്ടുപോയത്. സിങ്കു അതിർത്തിയിലെ പ്രതിഷേധം തുടരും,” സുർജിത് സിങ് പറഞ്ഞു.

ഡൽഹി പൊലീസ് വക്താവ് ഡോ. ഈഷ് സിങ്കാൽ ആരോപണം നിഷേധിച്ചു. അവരുടെ പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഡൽഹിയിൽ പ്രതിഷേധിക്കരുതെന്ന് ഞങ്ങൾ കർഷകരോട് അഭ്യർത്ഥിക്കുകയും ജന്തർ മന്ദറിൽ പ്രതിഷേധം അനുവദനീയമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അവരുടെ എല്ലാ അഭ്യർത്ഥനകളും ഞങ്ങൾ നിരസിച്ചു,” അദ്ദേഹം പറഞ്ഞു.

സിങ്കു, തിക്രി പ്രദേശങ്ങളില്‍ പ്രതിഷേധം തുടരുന്നതിനാല്‍ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.ഡല്‍ഹി പൊലീസ് മുള്ളുവേലികള്‍ കൊണ്ടുള്ള ബാരിക്കേഡുകളുമായി സ്ഥലത്തു തുടരുകയാണ്. നഗരത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ ഒരുവിഭാഗം കർഷകർ നിരങ്കാരി സമാഗം മൈതാനത്ത് പ്രവേശിച്ചു തുടങ്ങിയിരുന്നു. രാജ്യതലസ്ഥാനത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

അതേസമയം, സിങ്കു അതിര്‍ത്തിയില്‍ ഹരിയാന ഭാഗത്ത് ട്രാക്ടറുകളുടെ മുകളില്‍ കയറി നിരവധി കര്‍ഷക സംഘടനാ നേതാക്കള്‍ ഇന്ന് കര്‍ഷകരെ അഭിസംബോധന ചെയ്തു. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കാളികളാകാന്‍ സാധ്യതയുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.

അതിര്‍ത്തികളായ സിങ്കുവിലും തിക്രിയിലും കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനായി ഹരിയാനയിലേക്കു പോവാനും തിരിച്ചുവരാനും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി ട്രാഫിക് പൊലീസ് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കർഷക വിരുദ്ധവും കോർപറേറ്റ് പക്ഷത്ത് നിൽക്കുന്നതുമായ മൂന്ന് ബില്ലുകളും പിൻവലിക്കുക, മിനിമം താങ്ങുവിലയും വിൽപന നിരക്കും ഉറപ്പാക്കുക, ഇലക്ട്രിസിറ്റി ഓർഡിനൻസ് നിർത്തിവയ്ക്കുക, വൈക്കോൽ കൂമ്പാരങ്ങൾ കത്തിക്കുന്നതിനുള്ള പിഴ ഒഴിവാക്കുക എന്നിവയാണ് ആവശ്യങ്ങൾ.

കര്‍ഷകപ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ ബിജെപി മേധാവി ജെ പി നദ്ദയുടെ വസതിയില്‍ ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപാധികളോടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ ചര്‍ച്ചയ്ക്കുള്ള ക്ഷണം കര്‍ഷകര്‍ തള്ളിയതിനെത്തുടർന്നായിരുന്നു ഇത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook