ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ പത്താം വട്ട ചർച്ചയും പരിഹാരം കാണാതെ പിരിഞ്ഞു. ജനുവരി 22ന് വീണ്ടും കർഷക പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ഒരു വർഷത്തേക്ക് നിയമങ്ങൾ താൽക്കാലികമായി റദ്ദാക്കമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചെങ്കിലും കർഷകർ അംഗീകരിച്ചില്ല. താൽക്കാലികമായി റദ്ദാക്കുന്നതിൽ കാര്യമില്ലെന്നും പൂർണമായയും പിൻവലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും കർഷകർ വ്യക്തമാക്കി.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ കോടതിയില്‍ പോകാന്‍ ചര്‍ച്ചയില്‍ കര്‍ഷകരോടു കേന്ദ്രം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കര്‍ഷകരുടെ ഒരു ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കര്‍ഷകരോട് ആവശ്യപ്പെട്ടു.

മൂന്ന് കാർഷിക നിയമങ്ങളും എം‌എസ്‌പി ഗ്യാരന്റിയും റദ്ദാക്കണമെന്ന തങ്ങളുടെ ആവശ്യത്തിൽ കർഷകർ ഉറച്ചു നിൽക്കുകയാണ്. സുപ്രീം കോടതി രൂപീകരിച്ച കമ്മിറ്റിയുമായി ചർച്ചയ്ക്കില്ലെന്നും കേന്ദ്ര സർക്കാരുമായി മാത്രം സംസാരിക്കുവെന്നുമാണ് കർഷക നിലപാട്.

അതേസമയം കാർഷിക നിയമ ഭേദഗതിക്കെതിരായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ സര്‍ക്കാരും കര്‍ഷകരും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും ആർഎസ്എസ്. ഒരു പ്രക്ഷോഭവും ഇത്രകാലത്തോളം നീണ്ടു പോകുന്നത് ഒരു സമൂഹത്തിനും ഗുണകരമാവില്ല. ഈ പ്രക്ഷോഭം പെട്ടെന്ന് അവസാനിക്കേണ്ടതുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിൽ ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook