ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കേന്ദ്ര സർക്കാർ പിൻവലിച്ചു. പൊലീസ് കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്ന് സുപ്രീം കോടതി പറഞ്ഞതിനെ തുടർന്നാണ് കേന്ദ്രം ഹർജി പിൻവലിച്ചത്.

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യാൻ പൊലീസിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

“ഞങ്ങൾ ഒരു നിർദ്ദേശവും പുറപ്പെടുവിക്കില്ലെന്ന് നിങ്ങളോട് നേരത്തേ പറഞ്ഞിട്ടുണ്ട്. ഇത് പൊലീസിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. നിങ്ങൾക്ക് ഹർജി പിൻവലിക്കാം. നിങ്ങൾക്കാണ് അധികാരം, അത് കൈകാര്യം ചെയ്യേണ്ടതും നിങ്ങളാണ്. ഉത്തരവ് പാസാക്കാൻ നിങ്ങൾക്ക് അധികാരമുണ്ട്, അത് ചെയ്യുക. ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് കോടതിക്ക് വേണ്ടിയല്ല..,” വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ ഹിയറിംഗിൽ ബെഞ്ച് പറഞ്ഞു.

അതേസമയം, കാർഷിക നിയമ ഭേദഗതിക്കെതിരായി സമരം 56ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, കർഷകരുമായി കേന്ദ്രസർക്കാരിന്റെ പത്താം വട്ട ചർച്ച ഇന്ന് നടക്കും. വിഗ്യാൻ ഭവനിൽ ഉച്ചക്ക് 2 മണിക്കാണ് ചർച്ച നടക്കുക. നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്നും ഭേദഗതികൾ ചർച്ച ചെയ്യണമെന്നുമാണ് കേന്ദ്രസർക്കാറിന്‍റെ നിലപാട്. നിയമങ്ങൾ പിൻവലിക്കാതെ വിശദമായ ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷക സംഘടനകൾ.

ചൊവ്വാഴ്ച ആദ്യം ആസൂത്രണം ചെയ്തിരുന്ന ചർച്ച ജനുവരി 20 ലേക്ക് മാറ്റുകയായിരുന്നു. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന് ഇരുപക്ഷവും ആഗ്രഹിക്കുന്നുണ്ടെങ്കിലും മറ്റ് പ്രത്യയശാസ്ത്രങ്ങളിലെ ആളുകളുടെ പങ്കാളിത്തം മൂലം ഇത് വൈകുകയായിരുന്നുവെന്ന് കേന്ദ്രം പ്രതികരിച്ചു.

കാർഷിക നിയമങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയും ഇന്ന് മുതൽ കർഷകരമായി കൂടിക്കാഴ്ച നടത്തും. നിയമത്തെ എതിർക്കുന്ന സംഘടനകൾ സമിതിയുമായി സഹകരിക്കില്ലെന്നും സമിതി അംഗങ്ങളെ മുഴുവൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്തി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, വിദഗ്ധ സമിതി അംഗങ്ങൾ പക്ഷപാതമുള്ളവരാണെന്ന് ചിന്തിക്കരുതെന്നും തുറന്ന മനസോടെ സമിതിയുമായി കർഷകർ സഹകരിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More: സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ആദ്യ യോഗം 19ന്; ട്രാക്ടർ പരേഡുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടനകൾ

അതേസമയം, നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുകയാണ്. പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയുടെ വിവിധ അതിർത്തികളിലായി രണ്ടുമാസത്തോളമായി പ്രതിഷേധിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook