ന്യൂഡൽഹി: സുപ്രീം കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കർഷകർ. സമരം തുടരാൻ തന്നെയാണ് കർഷകരുടെ തീരുമാനം. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രിം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെയാണ് സ്റ്റേ. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാനും ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ സമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ നിലപാടെടുത്തു.

സമിതിക്ക് മുന്നിൽ ഹാജരാകാൻ കർഷക യൂണിയനുകൾ വിമുഖത അറിയിച്ചു. കോടതി ഉത്തരവിട്ട ഒരു കമ്മിറ്റി പ്രക്രിയയിലും തങ്ങൾ പങ്കെടുക്കില്ലെന്നാണ് കർഷകരുടെ നിലപാട്. ഒരു സമിതി രൂപീകരിച്ച് വിഷയത്തെ വഴിതെറ്റിക്കാൻ കോടതി ശ്രമിക്കുകയാണെന്ന് കർഷക യൂണിയനുകൾ ആരോപിച്ചു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളെ പിന്തുണയ്‌ക്കുന്നവരും ഈ നിയമങ്ങൾക്കായി സജീവമായി വാദിച്ചവരുമാണ് കോടതി രൂപീകരിച്ച സമിതിയിലെ അംഗങ്ങളെന്നും ആൾ ഇന്ത്യ കിസാൻ സംഘർഷ് ഏകോപന സമിതി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. നിലവിലെ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഡൽഹിയിലെ കർഷക പ്രക്ഷോഭം തുടരും.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കാർഷിക നിയമങ്ങൾ താൽക്കാലികമായി റദ്ദാക്കിയത്. ഒരു വിദഗ്‌ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിൽ പറയുന്നത്. സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതില്‍നിന്ന് തങ്ങളെ തടയാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു.

പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സമിതി മുമ്പാകെ വരാം. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് കോടതിക്ക് ആയിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ, വിദഗ്‌ധ സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കി. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്നും കോടതി പ്രതികരിച്ചു.

Read More: കാർഷിക നിയമം: സംയുക്ത പ്രതിഷേധത്തിന് പ്രതിപക്ഷ പാർട്ടികൾ

കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി പറഞ്ഞു. മുതിർന്നവരും സ്ത്രീകളും മടങ്ങാമെന്ന് കർഷകസംഘടനകളും അറിയിച്ചു. അക്കാര്യം ഉത്തരവിൽ രേഖപ്പെടുത്താമെന്ന് സുപ്രീംകോടതി പറഞ്ഞു.

നിയമം താല്‍കാലികമായി റദ്ദാക്കാനുള്ള ഭരണഘടനാപരമായ അധികാരം തങ്ങള്‍ക്കുണ്ട്. എന്നാല്‍ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. അതുകൊണ്ടാണ് വിദഗ്ധ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വിദഗ്ധ സമിതിയുടെ തീരുമാനം അറിഞ്ഞ ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook