ന്യൂഡൽഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. കേന്ദ്രസർക്കാർ കർഷക സമരം നേരിട്ട നടപടികള്‍ക്കെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കര്‍ഷക സമരങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നിരീക്ഷണം.

നിയമഭേദഗതി തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കിൽ നിയമ ഭേദഗതി സ്റ്റേ ചെയ്യേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞു. നിയമം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി പല സംസ്ഥാനങ്ങളും ബില്ലിനെതിരെ രംഗത്തുവന്നതും ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങളിൽ എന്തു കൂടിയാലോചന നടന്നു എന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്.

Read More: സ്‌പീക്കറെ നീക്കണമെന്ന പ്രമേയം 21 ന് ചർച്ചയ്‌ക്കെടുക്കും; സഭാ ചരിത്രത്തിൽ മൂന്നാം തവണ

ഡൽഹി അതിർത്തിയിൽ പ്രതിഷേധത്തിനിടെ കർഷകർക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടോയെന്ന് ജസ്റ്റിസുമാരായ എ എസ് ബൊപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങുന്ന ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. ആളുകൾ ആത്മഹത്യ ചെയ്യുന്നു. ആളുകൾ തണുപ്പിൽ കഷ്ടപ്പെടുന്നു. ആരാണ് വെള്ളവും ഭക്ഷണവും നൽകി പരിപാലിക്കുന്നത്? വൃദ്ധരും സ്ത്രീകളും സമരത്തിലാണ്. വൃദ്ധരായ കർഷകർ എന്തുകൊണ്ടാണ് പ്രതിഷേധിക്കുന്നത്? പ്രക്ഷോഭത്തെക്കുറിച്ച് പ്രതികരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” ബെഞ്ച് പറഞ്ഞു. “നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിലും ഇല്ലെങ്കിലും, ഞങ്ങൾ ഇന്ത്യൻ സുപ്രീം കോടതിയാണ്, ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യും,” കോടതി കർഷക സംഘടനകളോട് പറഞ്ഞു.

മനുഷ്യാവകാശ ലംഘനമില്ലാത്തതിനാൽ സ്റ്റേ ചെയ്യരുതെന്ന് അറ്റോര്‍ണി ജനറൽ കോടതിയിൽ വാദിച്ചു. ഭരണഘടനാ ലംഘനം നിയമത്തിലില്ല, മാത്രമല്ല കർഷകർ ചർച്ച തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. കാർഷികനിയമഭേദഗതിക്ക് നടപടി തുടങ്ങിയത് മുൻ സർക്കാരെന്നും എജി വിശദീകരിച്ചു. പഴയ സർക്കാർ തീരുമാനിച്ചുവെന്നത് ഈ സർക്കാരിനെ രക്ഷിക്കില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു.

നിയമം സ്റ്റേ ചെയ്യുകയാണെങ്കില്‍ പ്രതിഷേധക്കാരുടെ ആശങ്ക ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. നിയമഭേദഗതിയില്‍ വകുപ്പുകള്‍ തിരിച്ച് ചര്‍ച്ചകള്‍ വേണമെന്ന് സര്‍ക്കാരും ഭേഗതി അപ്പാടെ പിന്‍വലിക്കണമെന്ന് കര്‍ഷകരും ആവശ്യപ്പെടുന്നതായാണ് തങ്ങള്‍ മനസ്സിലാക്കുന്നതെന്നും കോടതി പറഞ്ഞു. സമരം പിൻവലിക്കണമെന്ന് കര്‍ഷകരോട് ആവശ്യപ്പെടാനാകില്ലെന്നും കോടതി നിലപാടെടുത്തു. സമരവേദി മാറ്റാൻ കഴിയുമോ എന്ന് കര്‍ഷക സംഘ‍ടനകളോട് കോടതി ചോദിച്ചു.

അതേസമയം കോടതി ഇടപെട്ടാലും സമരം നിര്‍ത്താൻ കര്‍ഷക സംഘടനകൾ തയ്യാറാകണമെന്നില്ലെന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകൾക്കെതിരെ കോടതിയിലെത്തിയ സംഘടനകൾ വാദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook