ന്യൂഡൽഹി: ഗാസിപൂർ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ ഇന്ന് രാത്രി ഒഴിപ്പിക്കണമെന്ന ഉത്തരവുമായി യുപിയിലെ ഗാസിയാബാദ് ജില്ലാ ഭരണകൂടം. കർഷകർക്ക് ജില്ലാ അധികൃതർ ഉത്തരവ് കൈമാറി.

സ്ഥലം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾക്കായി തയ്യാറെടുത്തതായി അധികൃതർ പറഞ്ഞു. തങ്ങൾ ഒഴിഞ്ഞുപോവില്ലെന്ന് കർഷകരും നിലപാട് അറിയിച്ചു. വെടിയുണ്ടകളെ നേരിടാൻ തങ്ങൾ തയ്യാറാണെന്നും ഒഴിഞ്ഞുപോവാൻ ഉദ്ദേശിക്കുന്നില്ലെന്നും ഭാരത് കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത് പറഞ്ഞു.

ഗാസിപൂർ അതിർത്തിയിൽ സുരക്ഷാ സേനയെ അധികമായി വിന്യസിച്ചിട്ടുണ്ട്. കർഷകരിൽ ഒരു വിഭാഗം സമരകേന്ദ്രത്തിൽ നിന്ന് മടങ്ങിപ്പോവുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ കർഷക സമരങ്ങളും അവസാനിപ്പിക്കണമെന്ന് യുപി സർക്കാർ ജില്ലാ മജിസ്ട്രേറ്റുമാർക്ക് ഉത്തരവ് നൽകിയതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

മടങ്ങിപ്പോവുന്ന കർഷകർ

അതേസമയം, കർഷക സമരവുമായി ബന്ധപ്പെട്ട സാമൂഹ്യ മാധ്യമപോസ്റ്റുകൾ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതാണെന്ന് പറഞ്ഞ് കോൺഗ്രസ് എംപി ശശി തരൂർ അടക്കം എട്ട് പേർക്കെതിരെ നോയിഡ പൊലീസ് എഫ്ഐആർ രജിസ്ട്രർ ചെയ്തിട്ടുണ്ട്. തരൂരിന് പുറമെ മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, മൃണാൽ പാണ്ഡെ, സഫർ ആഗ തുടങ്ങിയവർക്കെതിരെയാണ് കേസ്. കർഷകസമരവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഇവർ റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചു എന്നാണ് കുറ്റം ചുമത്തിയിട്ടുള്ളത്.

നേരത്തെ വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബക്താവർപൂർ, ഹമീദ്‌പൂർ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നുള്ളവർ സിംഘു അതിർത്തിയിലെത്തി കർഷകർക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു. 70നും നൂറിനും ഇടയിൽ പ്രദേശവാസികളാണ് സ്ഥലത്തെത്തിയത്.

അതേസമയം ,  ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ജനുവരി 29 ന് പാർലമെന്റിൽ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് 16 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന തങ്ങളുടെ കൂട്ടായ ആവശ്യം ഉന്നയിച്ചും പ്രതിഷേധിക്കുന്ന കർഷകരോട് ഐക്യദാർഢ്യും പ്രകടിപ്പിച്ചുമാണ് നടപടി.

Read More: ആരാണ് ദീപ് സിദ്ധു? ലക്ഷ്യം കർഷക ഐക്യം തകർക്കലോ?

കോൺഗ്രസ്, സി‌പി‌ഐ (എം), സി‌പി‌ഐ, എൻ‌സി‌പി, ഡി‌എം‌കെ, ടി‌എം‌സി, ശിവസേന, സമാജ്‌വാദി പാർട്ടി, ആർ‌ജെഡി, പി‌ഡി‌പി എന്നിവയുൾപ്പെടെയുള്ള പാർട്ടികളിൽ നിന്നുള്ള പ്രതിപക്ഷ അംഗങ്ങളാണ് പ്രസംഗം ബഹിഷ്കക്കുക. നിയമനിർമ്മാണങ്ങൾ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്നും ഫെഡറൽ മൂല്യങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടന്ന ട്രാക്ടർ റാലി അക്രമണത്തിലേക്ക് വഴിമാറിയതിന് പിന്നാലെ കർഷക സംഘടനകളുടെ കൂട്ടായ്മയായി സംയുക്ത കിസാൻ മോർച്ചയിൽനിന്ന് രണ്ട് കർഷക യൂണിയനുകൾ പിന്മാറിയിരുന്നു  ഇതോടെ ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന പാർലമെന്റ് മാർച്ച് മാറ്റിവച്ചതായും കിസാൻ മോർച്ച ബുധനാഴ്ച വ്യക്തമാക്കി.
ബികെ (ഭാനു), രാഷ്ട്രീയ കിസാൻ മസ്ദൂർ സങ്കാദനുമാണ് ഡൽഹി അതിർത്തിയിലെ പ്രതിഷേധത്തിനുപിന്നാലെ പിന്മാറിയത്. അതേസമയം, പ്രതിഷേധം തുടരുമെന്നും ജനുവരി 30ന് രാജ്യവ്യാപകമായി പ്രതിഷേധ കൂട്ടായ്മകളും പട്ടിണി സമരങ്ങളും സംഘടിപ്പിക്കുമെന്ന് കർഷക നേതാവ് ദർശൻ പാൽ പറഞ്ഞു.

Read More: നിർദേശം അംഗീകരിച്ചാൽ മാത്രം ഇനി ചർച്ച; കർഷക പ്രക്ഷോഭത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം

ചൊവ്വാഴ്ച നടന്ന അനിഷ്ട സംഭവങ്ങളിൽ കർഷക സംഘടനകൾക്ക് പങ്കില്ലെന്നും റാലി സംഘർഷത്തിലേക്ക് വഴിമാറാൻ കാരണം പൊലീസാണെന്നും കർഷക സംഘടനകൾ ആരോപിച്ചു. കർഷക റാലിയിൽ അക്രമണകാരികളായ ചിലർ നുഴഞ്ഞു കയറിയെന്നും അവരുമായി തങ്ങൾക്ക് ബന്ധമില്ലെന്നും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ സംഘർഷ മോർച്ച വ്യക്തമാക്കി.

അതേസമയം, അക്രമവുമായി ബന്ധപ്പെട്ട്‌ സമര നേതാക്കളെയടക്കം പ്രതികളാക്കി കർഷകർക്കെതിരേ 22 കേസുകൾ റജിസ്റ്റർ ചെയ്തു. ചെങ്കോട്ടയിലേതടക്കം പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചതിനാണ് കേസുകളേറെയും. 200 പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിൽ മുന്നൂറോളം പൊലീസുകാർക്കാണ് പരുക്കേറ്റത്. അക്രമത്തിന്‌ ആഹ്വാനം നൽകിയ 550 അക്കൗണ്ടുകളുടെ പ്രവർത്തനം ട്വിറ്റർ ബുധനാഴ്ച താത്കാലികമായി മരവിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണോ ഇതെന്ന് വ്യക്തമല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook