ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ നിയമം ചെയ്യുന്ന കർഷകർക്ക് ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ പരേഡ് നടത്താൻ ഡൽഹി പൊലീസ് അനുമതി നൽകി. ട്രാക്ടർ റാലിയുടെ റൂട്ട് കർഷകർ നാളെ പൊലീസിന് സമർപ്പിക്കണം.

കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്ന് സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവ് പറഞ്ഞു. “കർഷകർ ജനുവരി 26 ന് ‘കിസാൻ ഗണതന്ത്ര പരേഡ്’ നടത്തും. ബാരിക്കേഡുകൾ തുറന്ന് ഞങ്ങൾ ദില്ലിയിൽ പ്രവേശിക്കും. റൂട്ടിനെക്കുറിച്ച് കർഷകരും ഡൽഹി പൊലീസും ധാരണയിലെത്തി, അന്തിമവിവരങ്ങൾ ഇന്ന് രാത്രി തയ്യാറാക്കും, ”അദ്ദേഹം പറഞ്ഞു.

പരേഡ് റിപ്പബ്ലിക് ദിനാഘോഷങ്ങളെയോ സുരക്ഷാ ക്രമീകരണങ്ങളെയോ ബാധിക്കില്ലെന്നും യാദവ് പറഞ്ഞു. പരേഡിൽ പങ്കെടുക്കുന്നവരോട് അച്ചടക്കം പാലിക്കണമെന്ന് മറ്റ് കർഷക നേതാക്കളും അഭ്യർത്ഥിച്ചു.

“പരേഡിൽ പങ്കെടുക്കുന്ന കർഷകരോട് അച്ചടക്കം പാലിക്കാനും സമിതി നൽകിയ നിർദ്ദേശങ്ങൾ പാലിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു,” ഭാരതീയ കിസാൻ യൂണിയനിലെ ഗുർനം സിങ് ചാദുനി പറഞ്ഞു.

Read More: പൊലീസുമായി ചേർന്ന് സമരഭൂമിയിൽ വെടിവയ്പിന് പദ്ധതിയിട്ടു; അക്രമിയെ പിടികൂടി കർഷകർ

കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കർഷകർ ഡൽഹിലെ വിവിധ അതിർത്തികളിലായി ഒന്നര മാസത്തിലധികമായി സമരം തുടരുകയാണ്. ഇപ്പോൾ സമര പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകർക്ക് പുറമെ റിപബ്ലിക് ദിനത്തിലെ റാലിക്കായി നൂറുകണക്കിന് കർഷകർ ത്രിവർണ പതാകകൾ കെട്ടിവച്ച ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.

“30,000ൽ അധികം ട്രാക്ടറുകളും ട്രോളികളും ഇന്ന് ഖാനൗരി (പഞ്ച്രബിലെ സംഗ്രൂരിൽ), ദബ്വാലി (ഹരിയാനയിലെ സിർസ ജില്ലയിഷ) എന്നിവിടങ്ങളിൽ നിന്ന് ദില്ലിയിൽ നടക്കുന്ന ട്രാക്ടർ പരേഡിൽ പങ്കെടുക്കാനായി പുറപ്പെട്ടു,” ഭാരതി കിസാൻ യൂണിയൻ (ഏക്താ-ഉഗ്രഹാൻ) ജനറൽ സെക്രട്ടറി സുഖ്ദേവ് സിങ് കോക്രികലാൻ പറഞ്ഞു. ശനിയാഴ്ച രാത്രി അവർ തിക്രി അതിർത്തിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കർഷക നേതാക്കൾ പറഞ്ഞു.

പരേഡിൽ കുറഞ്ഞത് 20 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം കർഷകർ പ്രതീക്ഷിക്കുന്നുണ്ട്. ദേശീയ പതാക വാഹനങ്ങൾക്ക് മുകളിൽ സ്ഥാപിക്കുമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും പതാകകൾ അനുവദിക്കില്ലെന്നും അവർ നേരത്തെ പറഞ്ഞിരുന്നു. പരേഡിൽ വിവിധ സംസ്ഥാനങ്ങളുടെ ടാബ്ലോ പ്രദർശിപ്പിക്കാനും കർഷകർ പദ്ധതിയിടുന്നുണ്ട്.

“എല്ലാം ശരിയായി പോവുകയാണെങ്കിൽ, ട്രാക്ടർ പരേഡിൽ ഞങ്ങൾ എല്ലാ സംസ്ഥാനങ്ങളുടെയും ടാബ്ലോ പ്രദർശിപ്പിക്കും,” ഹരിയാനയിൽ നിന്നുള്ള ഭാരതീയ കിസാൻ യൂണിയൻ നേതാവ് ചൗധരി ജോഗീന്ദർ ഖാസി റാം നയ്ൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook