ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ പ്രതിഷേധം നടത്തുകയായിരുന്ന കർഷകർക്ക് നേർക്ക് വാഹനവ്യൂഹം ഇടിച്ചുകയറി മൂന്ന് പേർ കൊല്ലപ്പെട്ടതായി ഭാരതീയ കിസാൻ യൂണിയൻ(ബികെയു). കേന്ദ്ര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകനുമായി ബന്ധപ്പെട്ട വാഹനങ്ങളാണ് കർഷകർക്ക് നേർക്ക് ഇടിച്ചു കയറിയതെന്നും ബികെയു നേതാക്കൾ പറഞ്ഞു,
കർഷക നേതാവ് തജീന്ദർ സിംഗ് വിർക്കിനും സംഭവത്തിൽ പരിക്കേറ്റതായി ബികെയു നേതാക്കൾ പറഞ്ഞു. എന്നാൽ സംഭവത്തിൽ മകന്റെ പങ്കാളിത്തം അജയ് കുമാർ മിശ്ര നിഷേധിച്ചു.
“ലഖിംപൂർ ഖേരിയിലെ ടികുനിയ പ്രദേശത്ത് കർഷകർ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. കേന്ദ്ര സഹമന്ത്രിയുടെ മകൻ അവരുടെ മേൽ അവരുടെ കാർ ഓടിച്ചു. സംഭവത്തിൽ നിരവധി കർഷകർക്ക് പരിക്കേൽക്കുകയും ചിലർ മരിക്കുകയും ചെയ്തു,” സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) വക്താവ് ജഗ്താർ സിംഗ് ബജ്‌വ പറഞ്ഞു.
“ഇത് ഇന്ത്യയുടെ സ്വേച്ഛാധിപത്യ സർക്കാരിന്റെ തെളിവാണ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങൾക്ക് ജനാധിപത്യപരമായ അവകാശമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: 58,832 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം; ഭബാനിപൂരിലെ ജനങ്ങളോട് നന്ദി പറഞ്ഞ് മമത
അതേസമയം, തന്റെ മകന് സംഭവത്തിൽ പങ്കില്ലെന്ന് മിശ്ര പറഞ്ഞു. “ലഖിംപൂർ ഖേരി സംഭവ സ്ഥലത്ത് എന്റെ മകൻ ഉണ്ടായിരുന്നില്ല. എനിക്ക് വീഡിയോ തെളിവുകൾ ഉണ്ട്. ബിജെപി പ്രവർത്തകരുടെ കാറിന് നേരെ കല്ലെറിഞ്ഞു, അത് മറിഞ്ഞു. രണ്ട് പേർ അതിനടിയിൽപ്പെട്ട് മരിച്ചു. ഇതിന് ശേഷം ബിജെപി പ്രവർത്തകർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു,” അദ്ദേഹം പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ബികെയു നേതാവ് രാകേഷ് ടിക്കായത്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഗാസിപൂരിൽ നിന്ന് ലഖിംപൂർ ഖേരിയിലേക്ക് തിരിച്ചിട്ടുണ്ട്. “പ്രതിഷേധിച്ചുകൊണ്ടിരുന്ന കർഷകർ മടങ്ങുമ്പോൾ കാറുകൾ ഇടിച്ച് ആക്രമിക്കപ്പെട്ടു. അവരെ വെടിവെച്ചു. ഇതുവരെ ലഭിച്ച വിവരമനുസരിച്ച് നിരവധി പേർ മരിച്ചു. ഞാൻ ഇവിടെ നിന്ന് ലഖിംപൂർ ഖേരിയിലേക്ക് പോകുന്നു,” ടിക്കായത്ത് പറഞ്ഞു.
രാഷ്ട്രീയ നേതാവിന്റെ മകൻ കർഷകരിൽ ഒരാളെ വെടിവെച്ചു കൊന്നതായി എസ്കെഎം ആരോപിച്ചു. ബിജെപി നേതാക്കളുടെ വാഹനങ്ങൾ തകർത്ത് കർഷകർ തിരിച്ചടിച്ചതായും സംഘടനയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. സഹമന്ത്രിക്കപം മകനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കർഷക സംഘം ആവശ്യപ്പെട്ടു. മന്ത്രിയെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.