scorecardresearch

Latest News

കേന്ദ്രസർക്കാരുമായി വീണ്ടും ചർച്ചയ്ക്കൊരുങ്ങി കർഷകർ; പരാജയപ്പെട്ടാൽ കടുത്ത നടപടികളിലേക്ക്

“കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ച് ലോഹ്രി ആഘോഷിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ കിസാൻ ദിവസ് ആഘോഷിക്കും.”

farmers protest, farmers protest delhi, farmers protest republic day, farm laws india, india farmers protest news, കർഷക സമരം, കർഷകർ, കാർഷിക നിയമം, ചർച്ച, ie malayalam

കേന്ദ്രസർക്കാരുമായി വീണ്ടും ചർച്ചയ്ക്കൊരുങ്ങി കർഷകർ. തിങ്കളാഴ്ചയാണ് പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിക്കുന്ന കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ച. ചർച്ച പരാജയപ്പെട്ടാൽ കടുത്ത നടപടികളിലേക്ക് പോവുമെന്ന് കർഷകർ അറിയിച്ചിരുന്നു.

അതേസമയം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 13ന്റെ ലോഹ്രി കാർഷിക നിയമത്തിന്റെ പകർപ്പുകൾ കത്തിച്ചുകൊണ്ടായിരിക്കും നടത്തുകയെന്ന് കർഷകർ പറഞ്ഞു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ തങ്ങൾ പിന്നോട്ട് പോകില്ലെന്ന് സിംഗു അതിർത്തിയിൽ സമരം തുടരുന്ന കർഷകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ച് ഞങ്ങൾ ജനുവരി 13 ന് ലോഹ്രി ആഘോഷിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ജനുവരി 23 ന് ഞങ്ങൾ കിസാൻ ദിവസ് ആഘോഷിക്കും,” കർഷകരുടെ നേതാവ് മഞ്ജിത് സിംഗ് റായ് പറഞ്ഞു.

Read More: റിപബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് ട്രാക്ടർ പരേഡിന് ആഹ്വാനം ചെയ്ത് കർഷകർ

സർക്കാരിൻറെ ധാർഷ്ട്യം ഒഴിവാക്കണമെന്ന് മറ്റൊരു നേതാവ് ഓങ്കാർ സിംഗ് ആവശ്യപ്പെട്ടു. “ഇന്ന് ഞങ്ങളുടെ പ്രതിഷേധത്തിന്റെ 37 ആം ദിവസമാണ്, സർക്കാർ അവരുടെ ധാർഷ്ട്യം ഉപേക്ഷിക്കണം. നിയമങ്ങൾ പിൻവലിക്കുന്നത് വരെ ഞങ്ങൾ തിരികെ പോകില്ല. കൃഷിക്കാർക്ക് ജീവൻ നഷ്ടപ്പെടുന്നത് നിരാശാജനകമാണ്. നിരവധി കർഷകർ തണുപ്പിനോട് പടപൊരുതുകയാണെങ്കിലും സർക്കാർ അത് ഗൗരവമായി എടുക്കുന്നില്ല, ”അദ്ദേഹം പറഞ്ഞു.

തണുപ്പിനെ അതിജീവിച്ച് ആയിരക്കണക്കിന് കർഷകർ, ഒരു മാസത്തിലേറെയായി ദേശീയ തലസ്ഥാനത്തിന്റെ വിവിധ അതിർത്തികളിൽ പ്രതിഷേധിക്കുകയാണ്.“മഴ പെയ്യുന്നു, അതിനാൽ വാട്ടർപ്രൂഫ് കൂടാരങ്ങൾ തയ്യാറാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. സ്ത്രീകൾക്കും പ്രായമായവർക്കും പുതപ്പും ചൂടുവെള്ളവും ലഭ്യമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു,” കർഷക നേതാവ് ഹർമീത് സിംഗ് പറഞ്ഞു,

കേന്ദ്രവും പ്രതിഷേധിച്ച കർഷക യൂണിയനുകളും തമ്മിലുള്ള ഏഴാം ഘട്ട ചർച്ചയാണ് തിങ്കളാഴ്ച നടക്കുക. ചർച്ചയ്ക്ക് ഒരു ദിവസം മുമ്പ് കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ സന്ദർശിച്ച് നിലവിലെ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനുള്ള സർക്കാർ തന്ത്രത്തെക്കുറിച്ച് ചർച്ച ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു. പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു “മധ്യ പാത” കണ്ടെത്തുന്നതിന് തോമർ സിങ്ങുമായി “സാധ്യമായ എല്ലാ മാർഗങ്ങളും” ചർച്ച ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ജനുവരി 26 ന് മുമ്പ് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി കിസാൻ പരേഡ് നടത്തുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. “ഇതുവരെ ഞങ്ങൾ സമാധാനപരമയിട്ടാണ് ഇരുന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. പക്ഷെ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ ഡൽഹിയിൽ തുടരും. ജനുവരി 26ന് ഡൽഹിയിലേക്ക് കിസാൻ പരേഡ് എന്ന പേരിൽ ട്രാക്ടർ റാലിക്കി ആഹ്വാനം നൽകിയിട്ടുണ്ട്,” എന്നാണ് കർഷക യൂണിയൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Farmers protest jan 4 talks lohri singhu border