ന്യൂഡൽഹി: കർഷകരുടെ ട്രാക്ടർ റാലിയെത്തുടർന്ന് റിപബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ അക്രമ സംഭവങ്ങളിൽ ഇതുവരെ 38 കേസുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ്. സംഭവത്തിൽ 84 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
അക്രമസംഭവങ്ങൾക്ക് പിറകെ ഹരിയാനയിൽ പ്രഖ്യാപിച്ച മൊബൈൽ ഇന്ർനെറ്റ് വിലക്ക് സംസ്ഥാന സർക്കാർ ദീർഘിപ്പിച്ചിട്ടുണ്ട്. അംബാല, യമുനാനഗർ, കുരുക്ഷേത്ര, കർണാൽ, കൈതാൽ, പാനിപ്പത്, ഹിസാർ, ജിന്ദ്, റോഹ്തക്, ഭിവാനി, ചാർക്കി ദാദ്രി, ഫത്തേഹാബാദ്, റെവാരി, സിർസ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ ജനുവരി 31 വരെ വൈകുന്നേരം 5 മണി വരെ നീട്ടി. സോണിപത്, ജജ്ജർ, പൽവാൾ ജില്ലകളിൽ സേവനങ്ങൾ നേരത്തേ നിർത്തിവച്ചിരിക്കുന്നു.
അതേസമയം, റിപബ്ലിക് ദിനത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെയും സാമൂഹ്യ മാധ്യമ പോസ്റ്റുകളുടെയും പേരിൽ കോൺഗ്രസ് എംപി ശശി തരൂർ, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേസായ്, മൃണാൾ പാണ്ഡെ, പരേഷ് നാഥ്, അനന്ത് നാഥ്, വിനോദ് കെ ജോസ് തുടങ്ങിയവർക്കെതിരെ ഡൽഹി പൊലീസ് ഇന്ന് എഫ്ഐആർ രേഖപ്പെടുത്തി. ഉത്തർപ്രദേശ് പോലീസും മധ്യപ്രദേശ് പോലീസും നേരത്തെ കേസെടുത്തിരുന്നു.
കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധം തുടരുകയാണ്. കർഷക സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് സിംഘു, തിക്രി അതിർത്തികളിൽ അതീവ ജാഗ്രത. പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സിംഘു അതിർത്തിയിലെ സമരവേദിക്കരികെ വെള്ളിയാഴ്‌ച ഏറ്റുമുട്ടലുണ്ടായി. റിപ്പബ്ലിക് ദിനത്തിൽ കർഷകർ ദേശീയപതാകയെ അപമാനിച്ചുവെന്ന് ആരോപിച്ച് ഏതാനും നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു. നാട്ടുകാരും കർഷകരും ഏറ്റുമുട്ടുകയും ചെയ്ചതിരുന്നു.
സമരത്തെ സംഘടിതമായി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് സംഭവത്തെ കർഷക സംഘടനകൾ കുറ്റപ്പെടുത്തി. ഇത്തരം ശ്രമങ്ങൾ സമരത്തെ കൂടുതൽ ശക്തിപ്പെടുത്തുകയേയുള്ളൂവെന്നും നേതാക്കൾ പറഞ്ഞു.
Read Also: താഴാതെ കോറോണ കര്‍വ്; ആദ്യ കോവിഡ് കേസിന് ഒരാണ്ട് തികയുമ്പോള്‍
വെള്ളിയാഴ്ചയാണ് സിംഘുവിൽ കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയത്. കർഷകർ ദേശീയപതാകയെ അപമാനിച്ചുവെന്ന് ആരോപിച്ച് ഏതാനും ആളുകൾ സമരവേദിക്കരികെ എത്തി. ഇരു കൂട്ടരും പരസ്‌പരം കല്ലെറിയാനും ആക്രമിക്കാനും തുടങ്ങി. പൊലീസിനടക്കം കല്ലേറിൽ പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് 44 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർഷക നേതാക്കളടക്കം പിടിയിലായിട്ടുണ്ട്. നാട്ടുകാരാണെന്ന് പറഞ്ഞ് ഇരുന്നൂറോളം പേരാണ് സമരവേദിയിൽ എത്തിയത്.
അതേസമയം, വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ പൊലീസ് നടത്തുന്നത് ക്രിമിനൽ നടപടികളാണെന്നും നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ കർഷക പ്രതിഷേധം കൂടുതൽ ആളിക്കത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സർക്കാർ കർഷകരോട് സംസാരിക്കാൻ തയ്യാറാകണം. അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം. നിയമങ്ങൾ പിൻവലിക്കുക മാത്രമാണ് കേന്ദ്രത്തിനു മുന്നിലുള്ള ഏകവഴിയെന്നും രാഹുൽ പറഞ്ഞു.