scorecardresearch
Latest News

ജനുവരി നാലിന് അടുത്ത ചർച്ച; അതും പരാജയപ്പെട്ടാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് കർഷകർ

കർഷക പ്രക്ഷോഭം 37-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം ആറ് തവണ കർഷക യൂണിയൻ പ്രതിനിധികളും കേന്ദ്ര സർക്കാരും ചർച്ച നടത്തി. ഒരു ചർച്ചയും പൂർണമായി വിജയിച്ചിട്ടില്ല

ജനുവരി നാലിന് അടുത്ത ചർച്ച; അതും പരാജയപ്പെട്ടാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് കർഷകർ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് കർഷക സംഘടനകൾ. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും വിളകളുടെ കുറഞ്ഞ താങ്ങു വിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ് വേണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ച് കർഷകർ ഡൽഹി അതിർത്തികളിൽ പ്രക്ഷോഭം തുടരുകയാണ്. ജനുവരി നാലിന് സർക്കാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും അന്നും ചർച്ച പരാജയപ്പെടുകയാണെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ അഞ്ച് ശതമാനം മാത്രമാണ് ഇതുവരെ സർക്കാരുമായുള്ള കൂടിക്കാഴ്ചകളിൽ ചർച്ച ചെയ്തതെന്ന് കർഷക സംഘടനാ പ്രതിനിധികൾ പറഞ്ഞു.

“ജനുവരി 4 ന് സർക്കാരുമായുള്ള കൂടിക്കാഴ്ച പരാജയപ്പെട്ടാൽ, ഹരിയാനയിലെ എല്ലാ മാളുകളും പെട്രോൾ പമ്പുകളും അടയ്ക്കുന്നതിനുള്ള തീയതികൾ ഞങ്ങൾ പ്രഖ്യാപിക്കും,”കർഷക നേതാവ് വികാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഹരിയാന-രാജസ്ഥാൻ അതിർത്തിയിലെ ഷാജഹാൻപൂരിൽ പ്രതിഷേധിക്കുന്ന കർഷകരും ദേശീയ തലസ്ഥാനത്തേക്ക് നീങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. അടുത്ത ഘട്ട ചർച്ചയിൽ കൃത്യമായ തീരുമാനമെടുത്തില്ലെങ്കിൽ ജനുവരി ആറിന് ട്രാക്ടർ മാർച്ച് നടത്തുമെന്ന് മറ്റൊരു നേതാവ് യുധവീർ സിംഗ് പറഞ്ഞു.

പുതുവർഷത്തിലും അണയാത്ത പോരാട്ടവീര്യവുമായി കർഷകർ പ്രക്ഷോഭം തുടരുകയാണ്. ഡൽഹിയിലെ അതിശൈത്യത്തെ അവഗണിച്ചാണ് ആയിരങ്ങൾ പ്രതിഷേധിക്കുന്നത്. കർഷക പ്രക്ഷോഭം പുതുവർഷത്തിലേക്ക് നീണ്ടുപോകാതിരിക്കാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ നടത്തിയെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ ഒരടി പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്.

കർഷക പ്രക്ഷോഭം 37-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം ആറ് തവണ കർഷക യൂണിയൻ പ്രതിനിധികളും കേന്ദ്ര സർക്കാരും ചർച്ച നടത്തി. ഒരു ചർച്ചയും പൂർണമായി വിജയിച്ചിട്ടില്ല. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാതെ വിട്ടുവീഴ്‌ചയില്ലെന്ന് കർഷകർ നിലപാടെടുത്തു.

ഡിസംബർ 30 നാണ് കർഷക യൂണിയൻ പ്രതിനിധികളും കേന്ദ്രവും തമ്മിൽ അവസാന ചർച്ച നടന്നത്. ഈ ചർച്ചയിൽ കർഷകർ മുന്നോട്ടുവച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ ഏകദേശ ധാരണയായെന്നാണ് സൂചന. നാല് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് കർഷകർ കേന്ദ്രത്തിനു മുന്നിൽവച്ചത്. കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുക, താങ്ങുവില ഉറപ്പാക്കുമെന്ന് നിയമപരമായ പരിരക്ഷ നൽകുക, വൈക്കോൽ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കുക എന്നിവയാണ് കർഷകരുടെ ആവശ്യങ്ങൾ. ഇതിൽ വെെദ്യുതി ബിൽ, വെെക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെയുള്ള നടപടി എന്നിവയിലാണ് കേന്ദ്രം വഴങ്ങിയിരിക്കുന്നത്.

Read Also; ക്ഷേമ പെൻഷൻ ഇനിമുതൽ 1,500 രൂപ; ഡിസംബർ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജനുവരി ഒൻപത് വരെ

കർഷകരുമായി ചർച്ച തുടരാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അടുത്ത ചർച്ച ജനുവരി നാലിന് നടക്കും. പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ വീടുകളിലേക്ക് പറഞ്ഞുവിടണമെന്ന് പ്രതിഷേധക്കാരോട് കൃഷിമന്ത്രി നരേന്ദ്രസിങ് തോമാർ ആവശ്യപ്പെട്ടിരുന്നു.

അടുത്ത ചർച്ചയിൽ കാർഷിക നിയമങ്ങളായിരിക്കും പ്രധാന വിഷയം. മൂന്ന് കാർഷിക നിയമങ്ങളിൽ എന്തെല്ലാം നീക്കുപോക്കുകൾ കൊണ്ടുവരാൻ സാധിക്കുമെന്ന് കേന്ദ്രം ആലോചിക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം ഒരുക്കമല്ല. അതിനാൽ കർഷകരുടെ പ്രതിഷേധം തുടരാനാണ് സാധ്യത. വിവാദ നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കേണ്ടതില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്.

അവകാശങ്ങൾക്കായി പോരാടുന്ന കർഷകർക്കും തൊഴിലാളികൾക്കും ഒപ്പമാണ് തന്റെ ഹൃദയമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് പുതുവർഷ ആശംസയിൽ രാഹുൽ ഗാന്ധി ഇങ്ങനെയൊരു പ്രസ്‌താവന നടത്തിയിരിക്കുന്നത്. ‘അനീതിയുടെ ശക്തികൾക്കെതിരെ ആത്മാഭിമാനത്തോടെ പോരാടുന്ന കർഷകർക്കും തൊഴിലാളികൾക്കും ഒപ്പമാണ് എന്റെ ഹൃദയം, എല്ലാവർക്കും പുതുവത്സരാശംസകൾ,’ രാഹുൽ ട്വീറ്റ് ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Farmers protest india delhi live updates