രാജ്യം മുൻപൊങ്ങും സാക്ഷ്യം വഹിക്കാത്ത റിപ്പബ്ലിക് ദിനമാണ് കടന്നുപോയിരിക്കുന്നത്. കാർഷിത നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ പ്രഖ്യാപിച്ച റാലിയെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥയ്ക്കാണ് കാരണമായത്.

ട്രാക്ടർ പരേഡ് അവസാനിപ്പിച്ച് കർഷകരോട് അവരവരുടെ സമര കേന്ദ്രങ്ങളിലേക്ക് മടങ്ങാൻ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മോർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. നിശ്ചയിച്ച സമയത്തിന് മുൻപ് തന്നെ ആരംഭിച്ച ട്രാക്ടർ റാലിയിൽ പങ്കെടുത്തവരും പൊലീസും തമ്മിൽ ദേശീയ തലസ്ഥാനത്ത് നിരവധി പ്രദേശങ്ങളിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കിസാൻ മോർച്ച ചൊവ്വാഴ്ച വൈകിച്ച് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പരേഡ് ഉടൻ അവസാനിപ്പിച്ച് പിരിഞ്ഞുപോവാൻ കർഷകരോട് ആവശ്യപ്പെടുന്നുണ്ട്.

Read More: ചെങ്കോട്ടയിൽ കടന്ന കർഷകർ; സംഘർഷഭരിതമായ മണിക്കൂറുകൾ: ചിത്രങ്ങളിലൂടെ

“ഞങ്ങൾ കർഷകരുടെ റിപ്പബ്ലിക് ദിന പരേഡ് ഉടനടി തിരിച്ചുവിളിക്കുകയാണ്. റാലിയിൽ പങ്കെടുത്ത എല്ലാവരോടും ഉടൻ തന്നെ അവരവരുടെ പ്രതിഷേധ കേന്ദ്രങ്ങളിലേക്ക് മടങ്ങാൻ അഭ്യർത്ഥിക്കുന്നു. പ്രതിഷേധം സമാധാനപരമായി തുടരും, തുടർനടപടികൾ ചർച്ച ചെയ്ത് ഉടൻ തീരുമാനിക്കും,” കർഷക യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.

41 കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് മൂന്ന് കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹിയിലെ വിവിധ അതിർത്തികളിലായി കർഷകർ രണ്ട് മാസമായി പ്രതിഷേധിക്കുന്നത്.

റിപ്പബ്ലിക് ദിനത്തിൽ കർഷകരും പൊലീസും തമ്മീൽ ഏറ്റുമുട്ടുകയും കർഷതർ ചെങ്കോട്ടയിലേത്ത് പ്രവേശിക്കുകയും ഐടിഒ ജങ്ഷനിൽ സംഘർഷമുണ്ടാവുകയും ചെയ്തതിനെത്തുടർന്ന് ഡൽഹിയിൽ മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നിരുന്നു. ചെങ്കോട്ട സമുച്ഛയത്തിൽ പ്രവേശിച്ച പ്രതിഷേധക്കാർ താഴികക്കുടങ്ങളിലും കൊത്തളങ്ങളിലും കയറാൻ ശ്രമിക്കുകയും, ചിലർ പതാകകൾ ഉയർത്തുകയും ചെയ്തു. പ്രതിഷേധിച്ച കർഷകരെ പോലീസ് പിന്നീട് ചെങ്കോട്ടയുടെ പരിസരത്തുനിന്ന് നീക്കുകയും ചെയ്തു.

ഐടിഒ ജങ്ഷനിൽ പ്രത്യേകിച്ചും രൂക്ഷമായ സംഘർഷാവസ്ഥ രൂപപ്പെട്ടു. പൊലീസുകാർക്ക് പിറകേ കർഷകർ ലാത്തിയുമായി ഓടുന്നതും, ട്രാക്ടറുകൾ നിർത്തിയിട്ട പൊലീസ് വാഹനങ്ങളുടെ നേർക്ക് ഓടിക്കുന്നതുമായ ദൃശ്യങ്ങളാണ് ഐടിഒയിൽ നിന്ന് പുറത്തുവന്നത്. ഇതിനിടെ പ്രതിഷധക്കാരിൽ ഒരാൾ മരണപ്പെടുകയും ചെയ്തു. ട്രാക്ടർ മറിഞ്ഞു വീണാണ് മരണമെന്നാണ് പൊലീസ് പറയുന്നത്.

കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കർഷകർക്ക് പ്രത്യേക റൂട്ടിൽ മാത്രമായിരുന്നു റാലിക്ക് ഡൽഹിപൊലീസ് അനുമതി നൽകിയത്. മധ്യഡൽഹിയിലേക്ക് കർഷകർ നിങ്ങരുതെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു.

Read More: വീഡിയോ: ഐടിഒയിലെ സംഘർഷാവസ്ഥയും ചെങ്കോട്ടയിൽ കൊടി ഉയർത്തിയ കർഷകരും

മധ്യ ഡൽഹിയിലേക്ക് ട്രാക്ടർ റാലി നീങ്ങുകയും പൊലീസ് തടയുകയും ചെയ്തതിനു പിറകേയാണ് സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. നൂറുകണക്കിന് കർഷകർ മുൻകൂട്ടി നിശ്ചയിച്ച റൂട്ടുകളിൽ നിന്ന് വ്യതിചലിച്ചതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് ലാത്തിചാർജും കണ്ണീർ വാതകവും പ്രയോഗിക്കുയും ചെയ്തിരുന്നു.

ദേശീയ തലസ്ഥാനത്തെ സിംഗു, തിക്രി അതിർത്തി പ്രദേശങ്ങളിൽ തമ്പടിച്ച് പ്രതിഷേധിച്ചിരുന്ന കർഷകരുടെ സംഘം പോലീസ് ബാരിക്കേഡുകൾ തകർത്ത് നഗരത്തിലേക്ക് കടക്കുകയും ചെയ്തു.

മൂന്ന് കാർഷിക നിയമങ്ങൾ പൂർണ്ണമായും റദ്ദാക്കണമെന്നും അവരുടെ വിളകൾക്ക് മിനിമം പിന്തുണ വിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നൽകണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ നവംബർ 28 മുതൽ നിരവധി ഡൽഹിയിലെ വിവിധ അതിർത്തി കേന്ദ്രങ്ങളിൽ പ്രതിഷേധം തുടരുകയാണ്.

ഹരിയാനയിൽ മൂന്ന് ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചു

ഹരിയാനയിലെ സോനേപഥ്, ജജ്ജർ, പൽവാൾ എന്നിവിടങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ബുധനാഴ്ച വൈകുന്നേരം 5 മണി വരെ നിർത്തിവച്ചിരിക്കുകയാണെന്ന് സംസ്ഥാന സർക്കാർ ചൊവ്വാഴ്ച വൈകുന്നേരം അറിയിച്ചു.

ജില്ലകളിൽ സമാധാനത്തിനും പൊതു ക്രമത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹരിയാന ആഭ്യന്തര സെക്രട്ടറി രാജീവ് അറോറ പറഞ്ഞു.ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും, ജനുവരി 27 വൈകുന്നേരം 5 മണി വരെ അത് പ്രാബല്യത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്റർനെറ്റ് സേവനങ്ങളും (2 ജി / 3 ജി / 4 ജി / സിഡിഎംഎ / ജിപിആർഎസ്), എല്ലാ എസ്എംഎസ് സേവനങ്ങളും (ബാങ്കിംഗ്, മൊബൈൽ റീചാർജ് ഒഴികെ), മൊബൈൽ നെറ്റ്‌വർക്കുകളിൽ നിന്ന് നൽകിയിട്ടുള്ള എല്ലാ ഡോംഗിൾ സേവനങ്ങളും ഈ പരിധിയിൽ ഉൾപ്പെടുമെന്നും രാജീവ് അറോറ വ്യക്തമാക്കി.

നങ്‌ലോയി ചൗക്കിൽ കർഷകർക്ക് നേരെ ലാത്തി ചാർജും, കണ്ണീർ വാതക പ്രയോഗവും

പശ്ചിമ ഡെൽഹിയിലെ നങ്‌ലോയി ചൗക്കിൽ കർഷകർക്ക് നേരെ പൊലീസ് ലാത്തി ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തി. പ്രക്ഷോഭത്തിൽ പങ്കെടുത്ത കർഷകർ നങ്‌ലോയി ചൌക്കിലെയും മുകർബ ചൗക്കിലെയും സിമൻറ് ബാരിക്കേഡുകൾ തകർത്തിരുന്നു. തുടർന്ന് പോലീസ് ഇവർക്ക് നേരെ കനത്ത കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.

സിങ്കു അതിർത്തിയിൽ നിന്ന് വരുന്ന കർഷകരുടെ സംഘത്തെ പിരിച്ചുവിടാൻ പോലീസ് ഉദ്യോഗസ്ഥർ കണ്ണീർ വാതകം ഉപയോഗിച്ചതായി അധികൃതർ പറഞ്ഞു.

ഷഹദാരയിൽ, ചിന്താമണി ചൗക്കിൽ കർഷകർ ബാരിക്കേഡുകൾ തകർക്കുകയും കാറുകളുടെ വിൻഡോ പാനുകൾ തകർക്കുകയും ചെയ്തപ്പോൾ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഒരു കൂട്ടം ‘നിഹാംഗുകൾ’ (പരമ്പരാഗത സിഖ് യോദ്ധാക്കൾ) അക്ഷർധാം ക്ഷേത്രത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയിരുന്നു.

സാമൂഹ്യ വിരുദ്ധർ നുഴഞ്ഞുകയറിയതായി കിസാൻ സംഘർഷ് മോർച്ച

കർഷക റാലിയിൽ അക്രമണകാരികളായ ചിലർ നുഴഞ്ഞു കയറിയെന്നും അവരുമായി തങ്ങൾക്ക് ബന്ധമില്ലെന്നും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ സംഘർഷ മോർച്ച പ്രസ്താവനയിൽ പറഞ്ഞു. രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കർഷകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായതിന് പിറകേയാണ് ഈ വിഷയത്തിൽ സംയുക്ത കിസാൻ സംഘർഷ് മോർച്ച പ്രസ്താവന ഇറക്കിതയത്.

ആറ് മാസത്തിലേറെയായി നീണ്ട പോരാട്ടവും ഡൽഹി അതിർത്തിയിൽ 60 ദിവസത്തിലധികം പ്രതിഷേധവും ഈ അവസ്ഥയിലേക്ക് നയിച്ചതാവാമെന്ന് കർഷക യൂണിയൻ പറഞ്ഞു. “ഞങ്ങളുടെ അച്ചടക്കം ലംഘിച്ച അത്തരം എല്ലാ ആളുകളിൽ നിന്നും ഞങ്ങൾ അകലം പാലിക്കുന്നു. പരേഡിന്റെ റൂട്ടിലും വ്യവസ്ഥകളിലും ഉറച്ചുനിൽക്കാൻ ഞങ്ങൾ എല്ലാവരോടും ശക്തമായി അഭ്യർത്ഥിക്കുന്നു. മാത്രമല്ല ഏതെങ്കിലും അക്രമപരമായ പ്രവർത്തനങ്ങളോ ദേശീയ ചിഹ്നങ്ങളെയും അന്തസ്സിനെയും കളങ്കപ്പെടുത്തുന്ന ഒന്നും തന്നെയോ ചെയ്യരുത്. ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,” സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു.

“ഇന്ന് നടന്ന അഭികാമ്യമല്ലാത്തതും അസ്വീകാര്യവുമായ സംഭവങ്ങളെ ഞങ്ങൾ അപലപിക്കുകയും ഖേദിക്കുകയും അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരിൽ നിന്ന് സ്വയം അകന്നുനിൽക്കുകയും ചെയ്യുന്നു. ഞങ്ങളുടെ എല്ലാ ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും, ചില സംഘടനകളും വ്യക്തികളും റൂട്ട് ലംഘിക്കുകയോ അപലപനീയമായ പ്രവർ‌ത്തനങ്ങളിൽ‌ ഏർപ്പെടുകയോ ചെയ്‌തു. സാമൂഹ്യ വിരുദ്ധർ സമാധാനപരമായ സമരത്തിലേക്ക് നുഴഞ്ഞുകയറി,” പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook