ന്യൂഡൽഹി: രാജ്യത്ത് കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ട്രെയിൻ തടയൽ സമരം പൂർത്തിയായി. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്നു പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. പ്രക്ഷോഭത്തിന്റെ ഭാഗമായി കർഷകർ നടത്തുന്ന രാജ്യവ്യാപക റെയിൽ തടയൽ സമരം  വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12 നാണ് ആരംഭിച്ചത്. വൈകീട്ട് നാലിന് സമരം അവസാനിച്ചു.

വിവിധ സ്ഥലങ്ങളിൽ ട്രെയിൻ തടഞ്ഞെന്നും ചില ട്രെയിനുകൾ റദ്ദാക്കുകയോ ഗതിമാറ്റിവിടുകയോ ചെയ്തിട്ടുണ്ടെന്നും കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) നേതാക്കൾ പറഞ്ഞു.

എന്നാൽ, ‘റെയിൽ തടയൽ’ സമരം കാര്യമായി സർവീസുകളെ ബാധിച്ചില്ലെന്ന് ദേശീയ ഗതാഗത വക്താവ് പറഞ്ഞു. പ്രതിഷേധം കാരണം മേഖല റെയിൽ‌വേയിൽ ഭൂരിഭാഗം ഇടങ്ങളിലും പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വക്താവ് പറഞ്ഞു.

റിപ്പബ്ലിക് ദിന ട്രാക്ടർ റാലിക്കും ഫെബ്രുവരി ആറിന് നടന്ന റോഡ് തടയൽ സമരത്തിനും ശേഷം കർഷകർ നടത്തിയ മൂന്നാമത്തെ പ്രധാന ശക്തി പ്രകടനമാണിത്.

Read Also: മുഖ്യമന്ത്രിക്ക് ഈഗോ, സമരക്കാരോട് ചർച്ചയ്‌ക്ക് തയ്യാറകണം: രമേശ് ചെന്നിത്തല

വടക്കൻ റെയിൽവേ മേഖലയിൽ 25 ട്രെയിനുകൾ നിയന്ത്രിച്ചുവെന്ന് റെയിൽവേ വക്താവ് പറഞ്ഞു. അതേസമയം, പ്രക്ഷോഭം ഏറ്റവും കുറഞ്ഞ രീതിയിലാണ് ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

റെയിൽ തടയൽ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകർ പഞ്ചാബിലും ഹരിയാനയിലും പലയിടത്തും റെയിൽവേ ട്രാക്കുകളിൽ ഇരുന്നു, മുൻകരുതൽ നടപടിയായി ഉദ്യോഗസ്ഥർ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തിയിരുന്നു. ഹരിയാനയിലെ കുരുക്ഷേത്രയിലും ‘റെയിൽ

റെയിൽവേ ട്രാക്കുകളിൽ 45 സ്ഥലങ്ങളിൽ പ്രതിഷേധം നടന്നെങ്കിലും അവ സമാധാനപരമായിരുന്നുവെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിൽ തടയൽ കണക്കിലെടുത്ത് ട്രെയിനുകളുടെ സമയത്തിൽ റെയിൽ‌വേ മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡുകൾ ഉപരോധിച്ചുള്ള സമരം വിജയകരമാണെന്ന വിലയിരുത്തലിനു പിന്നാലെയാണ് ട്രെയിൻ തടയൽ സമരം നടത്താൻ കർഷകർ തീരുമാനിച്ചത്. സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് കർഷകരുടെ ലക്ഷ്യം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് ഇന്ന് ട്രെയിൻ തടയൽ സമരം നടക്കുന്നത്.

കർഷകരുടെ ട്രെയിൻ തടയൽ സമരത്തെ പ്രതിരോധിക്കാൻ കേന്ദ്രവും റെയിൽവേ വകുപ്പും കൂടുതൽ സന്നാഹങ്ങളൊരുക്കിയിരുന്നു. ഇരുപതിലേറെ ആർപിഎസ്എഫ് ഗ്രൂപ്പുകളെ റെയിൽവേ വിന്യസിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് സുരക്ഷ കൂടുതൽ ശക്തമാക്കുകയും ചെയ്തിരുന്നു. .

സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിരുന്നു. ഡല്‍ഹി അതിര്‍ത്തികളിലേക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തും.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം 85-ാം ദിവസം പിന്നിട്ടിരിക്കുകയാണ്. ഡൽഹിയിലെ വിവിധ അതിർത്തികളിൽ കർഷകർ സമരം തുടരുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്. എന്നാൽ, കാർഷിക നിയമങ്ങൾ കർഷകരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയാണെന്ന് കേന്ദ്രം ആവർത്തിക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ട എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്ര സർക്കാരും കർഷക സംഘടനകളും തമ്മിൽ നടത്തിയ എല്ലാ ചർച്ചകളും പരാജയമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook