സമരക്കാരായ കർഷകരുടെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായതോടെ, ഇപ്പോൾ നടക്കുന്ന പ്രതിഷേധത്തിന്റെ കാര്യത്തിൽ സംയുക്ത കിസാൻ മോർച്ച (എസ്കെഎം) ബുധനാഴ്ച അന്തിമ തീരുമാനമെടുക്കും. ചൊവ്വാഴ്ച സിംഗു അതിർത്തിയിൽ നടന്ന യോഗത്തിനൊടുവിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
തർക്കം പരിഹരിക്കാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ യോഗത്തിൽ എസ്കെഎം നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ ചിലർ അവർ ഉന്നയിച്ച വിഷയങ്ങളിൽ കൂടുതൽ വ്യക്തത അവശ്യപ്പെട്ടു.
മിക്ക ആവശ്യങ്ങളും അംഗീകരിക്കാൻ കേന്ദ്ര സർക്കാർ സമ്മതിച്ചെങ്കിലും എംഎസ്പി, സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കൽ എന്നിവ ഉൾപ്പെടെയുള്ള ചില വിഷയങ്ങളിൽ പ്രതികരണത്തിനായി കാത്തിരിക്കുന്നതായി എസ്കെഎം നേതാക്കൾ പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഈ വിഷയത്തിൽ യോഗം ചേരും.
തർക്കവിഷയമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്ന പ്രഖ്യാപനത്തിന് ശേഷം, ആറ് ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 21 ന് എസ്കെഎം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
Also Read: സിവിലിയൻമാർ കൊല്ലപ്പെട്ട സംഭവം: അഫ്സ്പ പിൻവലിക്കാൻ നാഗാലാൻഡ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടും
സി2+50 ശതമാനം ഫോർമുല അടിസ്ഥാനമാക്കി എല്ലാ ഉൽപ്പന്നങ്ങൾക്കും എംഎസ്പിയുടെ നിയമപരമായ ഗ്യാരണ്ടി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് കർഷകർ കത്തിൽ ഉന്നയിച്ചത്. കരട് വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കൽ, നാഷണൽ ക്യാപിറ്റൽ റീജിയണിലെ എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനിലെ കർഷകരുടെ ശിക്ഷാ വ്യവസ്ഥകൾ നീക്കം ചെയ്യൽ;, സമരത്തിനിടെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസുകൾ പിൻവലിക്കൽ എന്നീ ആവശ്യങ്ങളും കർഷകർ മുന്നോട്ട് വയ്ക്കുന്നു. ലഖിംപൂർ ഖേരി സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി അജയ് മിശ്ര ടെനിയെ പുറത്താക്കലും അറസ്റ്റ് ചെയ്യുക, കർഷക സമരത്തിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും നൽകുക സിങ്കുവിൽ അവരുടെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുക എന്നീ ആവശ്യങ്ങളും കത്തിൽ ഉന്നയിക്കുന്നു.
കർഷക പ്രക്ഷോഭത്തിനിടെ കർഷകർക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കാൻ ഹരിയാന, യുപി സർക്കാരുകൾ സമ്മതിച്ചതായി കേന്ദ്ര സർക്കാർ കർഷക നേതാക്കളെ അറിയിച്ചതായി എസ്കെഎം പറയുന്നു.
“കേസുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ മറ്റ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. . 2020ലെ വൈദ്യുതി ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ചർച്ച നടത്തി പരിഹരിക്കുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. ദേശീയ തലസ്ഥാന പ്രദേശത്തെ എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷൻ ആക്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ, കുറ്റിക്കാടുകൾ കത്തിച്ചതിന് കർഷകർക്ക് ശിക്ഷാ വ്യവസ്ഥകൾ ബാധകമാകില്ലെന്ന് സർക്കാർ സമ്മതിച്ചു,” എസ്കെഎമ്മിൽ നിന്നുള്ള പ്രതിനിധികൾ പറഞ്ഞു.
എംഎസ്പി വിഷയത്തിൽ എസ്കെഎം പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാമെന്ന് കേന്ദ്ര സർക്കാർ ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ട്.