ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ സംഘർഷമുണ്ടായ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്. റിപ്പബ്ലിക് ദിന സംഘർഷത്തിലൂടെ കർഷക സമരത്തെ അപകീർത്തിപ്പെടുത്താനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. രാജ്യ തലസ്ഥാനത്ത് ക്രമസമാധാന പാലനം നടത്തുന്നതിൽ പരാജയപ്പെട്ടതിന് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്‌ക്കണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലെ സംഘർഷം സർക്കാർ ഗൂഢാലോചനയുടെ ഭാഗമാണെന്നും കോൺഗ്രസ് ആരോപിച്ചു.

റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തെ തുടർന്ന് കർഷക പ്രതിഷേധത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് രണ്ട് കർഷക സംഘടനകൾ നിലപാടെടുത്തു. രാഷ്ട്രീയ കിസാൻ മസ്‌ദൂർ സംഘതൻ, ഭാരതീയ കിസാൻ യൂണിയൻ എന്നീ സംഘടനകളാണ് പ്രതിഷേധത്തിൽ നിന്ന് പിൻവാങ്ങിയത്. റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തെ ഈ സംഘടനകൾ അപലപിക്കുകയും ചെയ്തു.

അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിൽ ഇരുന്നൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി പൊലീസിന്റേതാണ് നടപടി. അക്രമം അഴിച്ചുവിടൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ മർദിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കർഷക നേതാക്കൾക്കെതിരെ കേസ്. ഇതുവരെ 22 എഫ്ഐആർ റജിസ്റ്റർ ചെയ്തതായി പൊലീസ്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുന്നൂറോളം പേരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. എഫ്ഐആറിൽ യോഗേന്ദ്ര യാദവ് അടക്കമുള്ള ഒൻപത് കർഷക നേതാക്കളുടെ പേരുണ്ട്. കുറ്റക്കാരായ കർഷകരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും വീഡിയോകളും പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, ചൊവ്വാഴ്‌ച നടന്ന അനിഷ്ട സംഭവങ്ങളിൽ കർഷക സംഘടനകൾക്ക് പങ്കില്ലെന്നും റാലി സംഘർഷത്തിലേക്ക് വഴിമാറാൻ കാരണം പൊലീസാണെന്നും കർഷക സംഘടനകൾ ആരോപിച്ചു. കർഷക റാലിയിൽ അക്രമണകാരികളായ ചിലർ നുഴഞ്ഞു കയറിയെന്നും അവരുമായി തങ്ങൾക്ക് ബന്ധമില്ലെന്നും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ സംഘർഷ മോർച്ച അറിയിച്ചു.

ആറ് മാസത്തിലേറെയായി നീണ്ട പോരാട്ടവും ഡൽഹി അതിർത്തിയിൽ 60 ദിവസത്തിലധികമുളള പ്രതിഷേധവും ഈ അവസ്ഥയിലേക്ക് നയിച്ചതാവാമെന്ന് കർഷക യൂണിയൻ പറഞ്ഞു. ഞങ്ങൾ പരിശ്രമിച്ചിട്ടും ചില സംഘടനകളും വ്യക്തികളും റൂട്ട് ലംഘിക്കുകയും അപലപനീയമായ പ്രവർ‌ത്തനങ്ങളിൽ‌ ഏർപ്പെടുകയും ചെയ്‌തു. സാമൂഹ്യ വിരുദ്ധർ സമാധാനപരമായ സമരത്തിലേക്ക് നുഴഞ്ഞുകയറിയതായി കിസാൻ മോർച്ച കൂട്ടിച്ചേർത്തു.

Read Also: ‘ചർമത്തിൽ തൊട്ടില്ലെങ്കിൽ ലൈംഗികാതിക്രമമല്ല’; വിവാദ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

കർഷകരുടെ ട്രാക്ടർ റാലിക്കിടെ വ്യാപക സംഘർഷമുണ്ടാകുകയായിരുന്നു. പൊലീസ് അനുവദിച്ച റൂട്ടുകളിൽ നിന്ന് വ്യതിചലിച്ച് കർഷകരുടെ റാലി സെൻട്രൽ ഡൽഹിയിലേക്ക് പ്രവേശിച്ചതോടെ റാലി അക്രമാസക്തമായി. ഡൽഹി ഐടിഒ പരിസരത്തും കർഷക പ്രക്ഷോഭം സംഘർഷാവസ്ഥയിലേക്ക് കടന്നു. കർഷകർ ബസ് പിടിച്ചെടുത്തു. പൊലീസ് ബാരിക്കേഡുകൾ തകർത്തു. ഡൽഹിയിൽ യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെട്ടു. പൊലീസ് കർഷകർക്കെതിരെ ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഐടിഒയിലെ സംഘർഷത്തിനിടെ ഒരു കർഷകൻ കൊല്ലപ്പെടുകയും ചെയ്‌തു.

കർഷകർ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചതോടെയാണ് സ്ഥിതി കൂടുതൽ ഗുരുതരമായത്. പൊലീസ് നിയന്ത്രണങ്ങൾ മറികടന്നാണ് കർഷകർ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്. 20 ലേറെ ട്രാക്ടറുകൾ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചു. കർഷക യൂണിയന്റെ കൊടികളും ഇന്ത്യൻ പതാകയുമേന്തിയാണ് കർഷകർ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ഇന്ത്യൻ പതാക ഉയർത്തുന്ന മുഗൾ ഫോർട്ടിൽ കർഷക സംഘടനകളുടെ പതാക ഉയർത്തി പ്രതിഷേധിച്ചു.

ചെങ്കോട്ടയിൽ പ്രവേശിച്ച കർഷകരോട് പൊലീസ് സംസാരിച്ചു. പ്രതിഷേധം ചെങ്കോട്ടയിൽ നിന്ന് മാറ്റണമെന്നായിരുന്നു പൊലീസ് അധികൃതർ ആവശ്യപ്പെട്ടത്. ഒടുവിൽ പൊലീസിന്റെ ആവശ്യം പ്രതിഷേധക്കാർ അംഗീകരിക്കുകയായിരുന്നു. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് കർഷകരോട് ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് കർഷകർ ചെങ്കോട്ടയിൽ നിന്നു പിരിഞ്ഞുപോയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook