ന്യൂഡല്‍ഹി: പുതിയ കാര്ഷകനിയമങ്ങള്ക്കെതിരായ പ്രതിഷേധത്തിനു സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലത്തു പോകാന്‍ വിസമ്മതിച്ച് പഞ്ചാബിലെ കര്‍ഷകര്‍. വടക്കന്‍ ഡല്‍ഹിയിലെ ബുറാഡിയില്‍ നിരങ്കാരി സമാഗം മൈതാനത്ത് ‘സമാധനാപരമായ പ്രതിഷേധം’ നടത്താനാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം നിശ്ചയിച്ചത്. എന്നാല്‍ പാർലമെന്റിനു അടുത്തുള്ള ജന്തര്‍മന്തറില്‍ പ്രതിഷേധത്തിന് അനുവദിക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം.
”ഞങ്ങള്‍ നിരങ്കാരി പാര്‍ക്കില്‍ പോകില്ല, ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്താന്‍ അനുമതി ലഭിക്കുന്നതുവരെ ഞങ്ങള്‍ ദേശീയ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്ത് ഇരിക്കും,” പഞ്ചാബിലെ ഏറ്റവും വലിയ കര്‍ഷക യൂണിയനായ ബികെയു ഉഗ്രഹാന്‍ വ്യക്തമാക്കി. കർഷകർ അതിർത്തികളായ സിങ്കുവിലും തിക്രിയിലും തുടരുകയാണ്. അതേസമയം, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നുമുള്ള കര്‍ഷകര്‍ ‘ദില്ലി ചാലോ’ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ യാത്ര തുടരുകയാണ്.
അതേസമയം സമര കേന്ദ്രം മാറ്റിയാൽ കർഷകരോട് ചർച്ച നടത്താൻ സർക്കാർ തയ്യാറെന്ന് ഉറപ്പുനൽകുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ഡൽഹിയിലെ ബുറാറിയിലെ നിരംകരി സംഗം മൈതാനത്തേക്ക് സമരം മാറ്റണമെന്ന് ഷാ കർഷകരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
“ഡിസംബർ 3 ന് മുമ്പ് കർഷക സംഘടനകൾ ചർച്ചകൾ നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ പ്രതിഷേധം ഒരു ഘടനാപരമായ സ്ഥലത്തേക്ക് മാറ്റിയാലുടൻ, നിങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് അടുത്ത ദിവസം തന്നെ സർക്കാർ ചർച്ചകൾ നടത്തും,” ഷാ പറഞ്ഞു.
കേന്ദ്രം പുതുതായി പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത് പ്രക്ഷോഭത്തിലുള്ള കര്‍ഷകര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സിങ്കു, തിക്രി പ്രദേശങ്ങളില്‍ തുടരുന്നതിനാല്‍ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. നഗരത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ ഒരുവിഭാഗം കർഷകർ നിരങ്കാരി സമാഗം മൈതാനത്ത് പ്രവേശിച്ചു തുടങ്ങിയിരുന്നു. രാജ്യതലസ്ഥാനത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.
നേരത്തെ, കര്‍ഷകര്‍ ഡല്‍ഹിയിലേക്കു കടക്കാതിരിക്കാന്‍ വന്‍ സന്നാഹങ്ങളാണ് അധികൃതര്‍ ഒരുക്കിയിരുന്നത്. ഇതുമറികടന്ന് മുന്നോട്ടുനീങ്ങിയ കര്‍ഷകരെ ഇന്നലെ പുലർച്ചെ ഹരിയാന അതിര്‍ത്തികളായ സിങ്കുവിലും തിക്രിയിലും ലാത്തിച്ചാര്‍ജ് ചെയ്ത പൊലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കാര്യങ്ങൾ കെെവിട്ടു പോകുമെന്ന സാഹചര്യം വന്നതോടെ കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ ഇന്നലെ വൈകിട്ട് അനുമതി നൽകുകയായിരുന്നു. അതേസമയം, വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയായ സിങ്കുവില് തടിച്ചുകൂടിയ കര്‍ഷകര്‍ ഡല്‍ഹിയിലേക്കു പ്രവേശിക്കാന്‍ തയാറായിട്ടില്ല.
പൊലീസിന്റെ ജലപീരങ്കികൾക്കും കണ്ണീര്വാതകത്തിനുമൊപ്പം പലനിരകളായുള്ള ബാരിക്കേഡുകള്‍, മണല്‍ നിറച്ച ട്രക്കുകള്‍, മണല്‍ ചാക്കുകള്‍ കൊണ്ടുള്ള മതിലുകള്‍, മുള്ളുവേലി, വലിയ പാറക്കല്ലുകള്‍, റോഡിനു നടുവിലെ കിടങ്ങുകള്‍ എന്നിവ മറികടന്നാണ് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നു കര്‍ഷകര്‍ മുന്നോട്ടുനീങ്ങിയത്.
ഇത്തരം തടസങ്ങളില്‍ രോഷം പ്രകടപ്പിച്ച അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി (എ.ഐ.കെ.എസ്.സി.സി) കര്‍ഷകരെ രാം ലീല മൈതാനത്തേക്കു പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ കത്തെഴുതിയിരുന്നു. 500 കര്‍ഷകസംഘടനകളുടെ യൂണിയനാണ് എ.ഐ.കെ.എസ്.സി.സി.
മാര്‍ച്ച് ഡല്‍ഹിയിലേക്കടുക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ഒമ്പത് സ്റ്റേഡിയങ്ങൾ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാൻ പൊലീസ് അനുമതി തേടിയെങ്കിലും ഡൽഹി സർക്കാർ വിസമ്മതിച്ചിരുന്നു.
കർഷകരുമായുള്ള ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം ഇന്നലെ രാത്രി അറിയിച്ചിരുന്നു. ഡിസംബർ മൂന്നിന് കർഷക സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമാർ പറഞ്ഞു.
“കർഷകരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ എപ്പോഴും തയാറാണ്. കർഷക പ്രതിനിധികളെ ചർച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. ഡിസംബർ മൂന്നിന് ചർച്ച നടക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ അഭ്യർത്ഥിക്കുന്നു,” മന്ത്രി പറഞ്ഞു. അതേസമയം, ചർച്ചയിൽ പങ്കെടുക്കണമോയെന്ന കാര്യത്തിൽ കർഷക സംഘടനകൾ ഇന്ന് തീരുമാനമെടുത്തേക്കും.
Rajasthan: Farmers take out procession in Jaipur in support of ‘Delhi Chalo’ protest
“I ask the govt for open debate & then we’ll see if the result is in favour of farmers. We ask them to add another law that will guarantee Minimum Support Price (MSP),” says a farmer pic.twitter.com/imkKgmAVVY
— ANI (@ANI) November 28, 2020
അതിനിടെ, ദില്ലി ചലോ പ്രതിഷേധത്തെ പിന്തുണച്ച് രാജസ്ഥാനിലെ കര്‍ഷകര്‍ ജയ്പൂരില്‍ പ്രകടനം നടത്തി. കര്‍ഷകരെ ഇത്ര മോശമായി ബിജെപി ഒഴികെ മറ്റൊരു പാര്‍ട്ടിയും കൈകാര്യം ചെയ്തിട്ടില്ലെന്നും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ആരോപിച്ചു. വായ്പ എഴുതിത്തള്ളുക മാത്രമല്ല, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ നയങ്ങള്‍ കൊണ്ടുവരുമെന്ന് കര്‍ഷകരോട് പറഞ്ഞത് ഇതേ ആളുകളാണെന്നും അഖിലേഷ് കെുറ്റപ്പെടുത്തി.
കർഷകർക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. സത്യത്തിനുവേണ്ടിയുള്ള കർഷക പോരാട്ടങ്ങളെ ലോകത്തെ ഒരു സർക്കാരിനും തടയാൻ സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ മോദി സർക്കാർ തയാറാകണമെന്നും കരിനിയമങ്ങൾ പിൻവലിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്തെ വിറപ്പിച്ച കർഷക മാർച്ച് തുടക്കം മാത്രമെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടി എംഎൽഎമാർ ഇന്നലെ പ്രധാനമന്ത്രിയുടെ വസതിക്കു സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
Delhi: Security deployment at Tikri border as protesting farmers are gathered here despite being given permission to hold their demonstrations at the Nirankari Samagam Ground in Burari area pic.twitter.com/mpYSvyQU5x
— ANI (@ANI) November 28, 2020
അസേമയം, ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തെ സ്പോണ്സര് ചെയ്യുന്നത് പഞ്ചാബിലെ രാഷ്ട്രീയ പാര്‍ട്ടികളും ചില സംഘടനകളുമാണെന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കുറ്റപ്പെടുത്തി. പ്രക്ഷോഭത്തെക്കുറിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായി സംസാരിക്കാന്‍ മൂന്നു ദിവത്തിനിടെ താന്‍ നിരവധി തവണ ശ്രമിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം തയാറായില്ലെന്നു ഖട്ടര്‍ കുറ്റപ്പെടുത്തി.
25 ന് അംബാലയില്‍ കര്‍ഷകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ അതിനുമുകളില്‍ കയറി ഓഫ് ചെയ്ത യുവാവിനെതിരെ കൊലപാതകശ്രമത്തിന് പഞ്ചാബ് പൊലീസ് കേസെടുത്തു. സമരത്തിനിടെ ശ്രദ്ധാകേന്ദ്രമായി മാറിയ നവദീപ് സിങ്ങി(26) നെതിരെയാണ് കേസെടുത്തത്. പിതാവ് ജയ് സിങ് ജല്ബെറയും എഫ്ഐആറില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. അതിവേഗത്തില്‍ ട്രാക്ടര്‍ ഓടിച്ച് ബാരിക്കേഡ് തകര്‍ത്ത് പൊലീസുകാരെ അപായപ്പെടാത്താന് ശ്രമിച്ചുവെന്നാണ് പൊലീസിന്റെ ആരോപണം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook