scorecardresearch
Latest News

നാലിൽ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; കർഷക യൂണിയനുമായുള്ള ആറാം ഘട്ട ചർച്ച പൂർത്തിയായി

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം ഒരുക്കമല്ല. അതിനാൽ കർഷകരുടെ പ്രതിഷേധം തുടരാനാണ് സാധ്യത

നാലിൽ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; കർഷക യൂണിയനുമായുള്ള ആറാം ഘട്ട ചർച്ച പൂർത്തിയായി

ന്യൂഡൽഹി: കേന്ദ്ര സർക്കാരും കർഷക യൂണിയനുകളും തമ്മിലുള്ള ആറാംഘട്ട ചർച്ച പൂർത്തിയായി. കർഷകർ മുന്നോട്ടുവച്ച നാല് ആവശ്യങ്ങളിൽ രണ്ടെണ്ണത്തിൽ ഏകദേശ ധാരണയായെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമാർ പറഞ്ഞു. കർഷകരുമായി ചർച്ച തുടരാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അടുത്ത ചർച്ച ജനുവരി നാലിന് നടക്കും. പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ വീടുകളിലേക്ക് പറഞ്ഞുവിടണമെന്ന് പ്രതിഷേധക്കാരോട് കൃഷിമന്ത്രി ആവശ്യപ്പെട്ടു.

രാജ്യ തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ പ്രതിനിധികളുമായി ഇന്ന് ഉച്ചകഴിഞ്ഞാണ് കേന്ദ്രം ചർച്ചകൾ ആരംഭിച്ചത്. ഡൽഹിയിലെ കർഷക പ്രക്ഷോഭം 35-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത് ആറാം തവണയാണ് കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തുന്നത്. നേരത്തെ നടന്ന ചർച്ചകളെല്ലാം പരാജയമായിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. എന്നാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്ര സർക്കാർ.

Read Also: ഓക്സ്ഫോർഡ് വാക്സിന് ബ്രിട്ടന്റെ അംഗീകാരം

നാല് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് കർഷകർ കേന്ദ്രത്തിനു മുന്നിൽവച്ചത്. കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുക, താങ്ങുവില ഉറപ്പാക്കുമെന്ന് നിയമപരമായ പരിരക്ഷ നൽകുക, വൈക്കോൽ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കുക എന്നിവയാണ് കർഷകരുടെ ആവശ്യങ്ങൾ. ഇതിൽ വെെദ്യുതി ബിൽ, വെെക്കോൽ കത്തിക്കുന്ന കർഷകർക്കെതിരെയുള്ള നടപടി എന്നിവയിലാണ് കേന്ദ്രം വഴങ്ങിയിരിക്കുന്നത്.

അടുത്ത ചർച്ചയിൽ കാർഷിക നിയമങ്ങളായിരിക്കും പ്രധാന വിഷയം. മൂന്ന് കാർഷിക നിയമങ്ങളിൽ എന്തെല്ലാം നീക്കുപോക്കുകൾ കൊണ്ടുവരാൻ സാധിക്കുമെന്ന് കേന്ദ്രം ആലോചിക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം ഒരുക്കമല്ല. അതിനാൽ കർഷകരുടെ പ്രതിഷേധം തുടരാനാണ് സാധ്യത. വിവാദ നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കേണ്ടതില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Farmers protest delhi kisan union narendra modi bjp government