ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. രാജ്യതലസ്ഥാനത്ത് കർഷകർ പ്രതിഷേധം ശക്തമാക്കുകയാണ്. കർഷക പ്രതിഷേധം 16-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും കേന്ദ്ര സർക്കാർ കൂടുതൽ പ്രതിരോധത്തിൽ. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകരും കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിൽ കേന്ദ്രവും നിൽക്കുന്നു.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. കോർപറേറ്റുകൾക്ക് കാർഷിക മേഖലയെ തീറെഴുതി കൊടുക്കുന്നതാണ് പുതിയ കാർഷിക നിയമങ്ങളെന്ന് ഭാരതീയ കിസാൻ യൂണിയൻ ആരോപിക്കുന്നു.
കർഷകർ പ്രതിഷേധം അവസാനിപ്പിക്കണമെന്നും ചർച്ചയ്ക്ക് തയ്യാറാകണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. കർഷകർ പ്രക്ഷോഭം അവസാനിപ്പിക്കണം. കർഷകരുമായി സംസാരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണ്. സാധാരണക്കാരുടെ അവകാശങ്ങൾ തടഞ്ഞ് പ്രതിഷേധിക്കരുത്. പ്രതിഷേധക്കാർ ചർച്ചയുടെ പാത സ്വീകരിക്കണം. വിശദമായ ചർച്ചയ്ക്ക് ശേഷം കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രം തയ്യാറാണ്, കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമാർ പറഞ്ഞു.
വിലപേശൽ അവസാനിപ്പിച്ച് കർഷകർ ചർച്ചകൾക്ക് തയ്യാറാകണം. കാർഷിക നിയമത്തിൽ കൊണ്ടുവരാവുന്ന ഭേദഗതികൾ കേന്ദ്രം കർഷകരെ അറിയിച്ചിട്ടുണ്ട്. എന്നാൽ, കർഷകരുടെ ഭാഗത്തുനിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. കേന്ദ്രത്തിനു സാധ്യമാകുന്ന തരത്തിലുള്ള ഭേദഗതികളാണ് കർഷകരെ അറിയിച്ചിട്ടുള്ളത്. അതിനു മറുപടി നൽകാൻ കർഷകർ തയ്യാറാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഡിസംബർ 12 ന് ഡൽഹി-ജയ്പൂർ ഹൈവേ തടഞ്ഞ് പ്രതിഷേധിക്കാനാണ് കർഷകരുടെ തീരുമാനം. പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ആറ് വട്ടം ചർച്ച നടത്തി. എന്നാൽ, ചർച്ചകളെല്ലാം പരാജയമായിരുന്നു.
Read Also: ജനാധിപത്യം ഇന്ത്യയുടെ ജീവരക്തം: അമിതാഭ് കാന്ത്
“കർഷകരുടെ പ്രതിഷേധം അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാൽ, കൂടുതൽ കർഷകർ ഞങ്ങളുടെ പ്രതിഷേധത്തിൽ പങ്കാളികളാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ദിനംപ്രതി കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തുന്നു. ഞങ്ങൾക്കൊപ്പം നിൽക്കണമെന്ന് ഡൽഹിയിലെ ജനങ്ങളോടും അഭ്യർത്ഥിക്കുകയാണ്,” ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ പറഞ്ഞു.
അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയം ബിജെപി കൊണ്ടുവന്ന കാർഷിക നിയമങ്ങളെ രാജ്യത്തെ കർഷകർ അംഗീകരിക്കുന്നതിനു തെളിവാണെന്ന് ബിജെപി അവകാശപ്പെടുന്നു.