ന്യൂഡല്‍ഹി: ദേശീയ പാതയില്‍നിന്ന് സമരവേദി മാറ്റണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആവശ്യം തള്ളി കര്‍ഷകര്‍. ഉപാധികളോടെ ചർച്ചയെന്ന നിർദേശവും കർഷകർ തള്ളി. സർക്കാർ പറഞ്ഞ സ്ഥലത്ത് സമരം ചെയ്യാനാകില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കർഷകർ.

അതേ സമയം നിലവിലെ സാഹചര്യത്തിൽ ഡൽഹി നഗരത്തിന്റെ അഞ്ച് പ്രവേശന വഴികളും തടയുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. നാല് ആവശ്യങ്ങളും കർഷകർ മുന്നോട്ട് വച്ചിട്ടുണ്ട്.

കർഷക വിരുദ്ധവും കോർപറേറ്റ് പക്ഷത്ത് നിൽക്കുന്നതുമായ മൂന്ന് ബില്ലുകളും പിൻവലിക്കുക, മിനിമം താങ്ങുവിലയും വിൽപന നിരക്കും ഉറപ്പാക്കുക, ഇലക്ട്രിസിറ്റി ഓർഡിനൻസ് നിർത്തിവയ്ക്കുക, വൈക്കോൽ കൂമ്പാരങ്ങൾ കത്തിക്കുന്നതിനുള്ള പിഴ ഒഴിവാക്കുക എന്നിവയാണ് ആവശ്യങ്ങൾ.

സർക്കാർ നിർദേശിച്ച സ്ഥലത്തേയ്‌ക്ക് പ്രതിഷേധം മാറ്റിയാൽ ഉടൻ ചർച്ചയാകാമെന്ന് കർഷകസംഘടനകളോട് അമിത് ഷാ പറഞ്ഞിരുന്നു. ബുരാരിയിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തേക്ക് പ്രതിഷേധം മാറ്റണമെന്നാണ് അമിത് ഷായുടെ ആവശ്യം.

“ചില കർഷക സംഘടനകളും കർഷകരും ആവശ്യപ്പെടുന്നത് ഡിസംബർ മൂന്നിന് മുൻപ് ചർച്ച നടക്കണമെന്നാണ്. നിങ്ങൾക്ക് ഞാൻ ഒരു കാര്യം ഉറപ്പ് നൽകുന്നു, നിങ്ങളുടെ പ്രതിഷേധം ബുരാരി മൈതാനത്തേക്ക് മാറ്റിയാൽ തൊട്ടടുത്ത ദിവസം തന്നെ കർഷകരുമായി ചർച്ച നടത്താൻ കേന്ദ്രം തയ്യാറാണ്. ഡൽഹിയിൽ കനത്ത മഞ്ഞാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കും. ബുരാരി മൈതാനത്ത് നിങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡൽഹിയുടെ അതിർത്തികളിൽ പ്രതിഷേധിക്കുന്നവരോട് ഞാൻ വിനീതമായി അപേക്ഷിക്കുകയാണ്, നിങ്ങൾ ബുരാരി മൈതാനത്തേക്ക് പ്രതിഷേധം മാറ്റണം. നിങ്ങൾക്കുള്ള വെള്ളം, ടോയ്‌ലറ്റുകൾ, ആരോഗ്യപരിചരണം തുടങ്ങിയവയ്‌ക്കുള്ള സജ്ജീകരണങ്ങളെല്ലാം ബുരാരിയിൽ ഒരുക്കിയിട്ടുണ്ട്. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെടരുത്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ട്, അതിനുള്ള അനുമതി നിങ്ങൾക്ക് നൽകാൻ പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്,” ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

Read Also: 60 വയസ്സു കഴിഞ്ഞ പ്രവാസികൾക്ക് കുവൈത്ത് വിടേണ്ടി വരും; കർശന നിയന്ത്രണങ്ങൾ ജനുവരി മുതൽ

ഡൽഹിയുടെ അതിർത്തികൾ അടച്ച് പ്രതിഷേധിക്കരുതെന്ന് കർഷക സംഘടന നേതാക്കളോട് അമിത് ഷാ ആവശ്യപ്പെട്ടു. “ആഭ്യന്തരമന്ത്രി അമിത് ഷാ ഞങ്ങളുമായി സംസാരിച്ചു. അതിർത്തികൾ അടച്ച് പ്രതിഷേധിക്കരുതെന്നും ബുരാരിയിലേക്ക് മാറണമെന്ന് ഞങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. അതിർത്തികൾ അടയ്‌ക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഞങ്ങൾക്ക് അറിയാം. എന്നാൽ, ഞങ്ങൾ ബുരാരിയിലേക്ക് മാറില്ല. ജന്തർ മന്ദറിൽ പ്രതിഷേധിക്കാൻ ആഭ്യന്തരമന്ത്രി ഞങ്ങളെ അനുവദിക്കണം,” കഷർക നേതാവ് ജോഗിന്ദർ സിങ് ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

കേന്ദ്രം പുതുതായി പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളെ എതിര്‍ത്തുള്ള കർഷകരുടെ പ്രതിഷേധം തുടർച്ചയായ നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സിങ്കു, തിക്രി പ്രദേശങ്ങളില്‍ പ്രതിഷേധം തുടരുന്നതിനാല്‍ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. നഗരത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേരത്തെ ഒരുവിഭാഗം കർഷകർ നിരങ്കാരി സമാഗം മൈതാനത്ത് പ്രവേശിച്ചു തുടങ്ങിയിരുന്നു. രാജ്യതലസ്ഥാനത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

അതേസമയം, കർഷകരുമായുള്ള ചർച്ചയ്‌ക്ക് തയ്യാറെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഡിസംബർ മൂന്നിന് കർഷക സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നാണ് കൃഷിമന്ത്രി നരേന്ദ്രസിങ് തോമാർ പറഞ്ഞത്. “കർഷകരുമായി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ എപ്പോഴും തയാറാണ്. കർഷക പ്രതിനിധികളെ ചർച്ചയ്‌ക്കായി ക്ഷണിച്ചിട്ടുണ്ട്. ഡിസംബർ മൂന്നിന് ചർച്ച നടക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ അഭ്യർത്ഥിക്കുന്നു,” മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook