ന്യൂഡൽഹി: കർഷകരെ ശക്തരാക്കാൻ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറാം കിസാൻ റെയിൽ പദ്ധതി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കിസാൻ റെയിലിലൂടെ കർഷകർക്ക് നേട്ടമുണ്ടാകും. തങ്ങളുടെ വിഭവങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുപോയി വിൽക്കാൻ കർഷകർക്ക് ഇതിലൂടെ സാധിക്കും. ചെലവ് കുറയ്‌ക്കാനും വരുമാനം വർധിക്കാനും കിസാൻ റെയിലിലൂടെ കർഷകർക്ക് സാധിക്കുമെന്നും മോദി പറഞ്ഞു.

അതേസമയം, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം തുടരുകയാണ്. കർഷക സമരം 33-ാം ദിവസത്തിലേക്ക് കടന്നു. ഡിസംബർ 30 ന് വീണ്ടും കർഷകരുമായി കേന്ദ്രം ചർച്ച നടത്താൻ തീരുമാനിച്ചു. ഡിസംബർ 29 ന് ചർച്ച നടത്താമെന്നായിരുന്നു കർഷക യൂണിയൻ നേതാക്കളെ നേരത്തെ അറിയിച്ചത്. എന്നാൽ, ഡിസംബർ 30 ഉച്ചയ്ക്ക് രണ്ടിന് വിജ്ഞാൻ ഭവനിൽ ചർച്ച നടക്കുമെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയം കർഷക സംഘടനകളെ അറിയിച്ചിരിക്കുന്നത്. തുറന്ന മനസ്സോടെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പ്രതികരിച്ചു.

Read Also: തിരുവനന്തപുരം മേയർ ആര്യയെ അഭിനന്ദിച്ച് കമൽഹാസൻ

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്നുള്ള ആറാംവട്ട ചര്‍ച്ചയാണ് ബുധനാഴ്‌ച നടക്കുക. നേരത്തെ നടന്ന ചർച്ചകളെല്ലാം പരാജയമായിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ. എന്നാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രം ആവർത്തിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook